ഉറക്കുപാട്ട് - നാടന്‍പാട്ടുകള്‍

ഉറക്കുപാട്ട് 

നിന്റെ കൈകള്‍ തഴുകിയ പൂക്കള്‍
ഇന്നെന്റെ കാതിലെത്തി
മധുരമായ് പാടുമ്പോള്‍,
നിന്റെ ചുണ്ടിലെ തേന്മണം
ഒരു കനലുപോലെന്നെ തളര്‍ത്തുന്നു.

നിന്റെ മുടിയിഴകളെ
തലോടിയിളക്കുന്ന കാറ്റ്
പതിയെയെന്‍ വഴിയില്‍ കളിക്കുമ്പോള്‍
നീ തനിച്ചാണെന്നു ഞാനറിയുന്നു.
നിന്റെ മിഴിയിലെ നനവ്
എന്നെ നൊമ്പരപ്പെടുത്തന്നു.



നിന്റെ പാട്ടുകളോരോന്നും
എന്റെ മനസ്സിനെ
പ്രണയിച്ചിരുന്നുവെന്ന്
ഞാനറിഞ്ഞിരുന്നില്ല.

നിന്റെ നോട്ടങ്ങള്‍ക്ക്
എന്റെ മനസ്സു തൊടാന്‍
കഴിഞ്ഞിരുന്നതുമില്ല.

എങ്കിലും,
ഒരു മുല്ലപ്പൂ ഗന്ധം പോലെ
നീയെന്നില്‍ നിറയുകയായിരുന്നു.

ഒരു പാതിരാമഴയിലെന്ന പോലെ
നിന്നില്‍ ഞാന്‍ അലിയുകയായിരുന്നു.



ഇന്നും, സന്ധ്യയില്‍
ഞാന്‍ തനിച്ചാകുമ്പോള്‍
നിലവിളക്കിന്റെ ജ്വാലയില്‍
നിന്റെ മുഖം ഞാന്‍
തിരിച്ചറിയാറുണ്ട്.

രാത്രിയില്‍,
നക്ഷത്രവെളിച്ചത്തില്‍
നിന്റെ വിരലുകള്‍
തലോടാനെന്‍ മനസ്സു വിതുമ്പാറുണ്ട്.

നിന്റെ കവിളില്‍ വിരിയുന്ന
നാണത്തിന്റെ തുടിപ്പുകള്‍
ഒരു വിരല്‍ത്തുമ്പാല്‍ ഒപ്പിയെടുക്കാന്‍
ഞാന്‍ കൊതിക്കാറുണ്ട്.

ഒരു ജന്മം മുഴുവന്‍
നിന്റെ മടിയില്‍ തലചായ്ചുറങ്ങാന്‍,
വരും ജന്മങ്ങളിലെല്ലാം
നിന്റെ കുഞ്ഞായിപ്പിറക്കാന്‍
ഞാന്‍ പ്രാര്‍ത്ഥിക്കാറുണ്ട്.

പിന്നെയും നിന്റെ സ്നേഹം മുഴുവന്‍
രുചിച്ചറിയാന്‍,
നീ പോകുന്നയിടത്തെല്ലാം
നീയറിയാതെ
നിന്റെ നിഴലായി പിന്തുടരാന്‍…

ഒടുവില്‍,
വെയില്‍ മായുമ്പോള്‍
നിന്റെ പുഞ്ചിരിവെളിച്ചത്തില്‍
സ്വയമലിഞ്ഞില്ലാതാവാന്‍,

രാത്രിയില്‍,
ഒരു സ്വപ്നമായി
നിന്റെ നിദ്രയില്‍ വരാന്‍
ഞാന്‍ കാത്തിരിക്കുന്നു.
വെറുതേ…


up
0
dowm

രചിച്ചത്:jineesh
തീയതി:23-07-2011 11:49:18 AM
Added by :prahaladan
വീക്ഷണം:1269
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :