കജൂർ
പൊൻ കണികൾ പുലരികൾ
ചിന്നി ചിതറി മങ്ങി മാഞ്ഞല്ലാതെ കിടക്കാറില്ലൊരിക്കലും
പണിസ്ഥലത്തേക്കുള്ള വാഹനത്തിൻ ചില്ലുജാലകങ്ങൾക്കപ്പുറം
തരാറില്ല
ഒരൊറ്റ ദിവസവും ഒരിത്തിരി പോലും
ശുദ്ധവായുവോ മധുര ഗീതങ്ങളോ
പണിസ്ഥലം പൊടി ശബ്ദങ്ങളോടൊപ്പം
ഓടികളിക്കുന്ന കളിസ്ഥലം
മൂട്ടയും കെട്ട നാറ്റങ്ങളും
മദ്യവും അതിൻ ഹുങ്കും
യുദ്ധകാഹളം മുഴക്കി കിടക്കും
കൊച്ചു കൊച്ചു ശത്രുരാജ്യങ്ങൾ ബെഡ്സ് പേസുകൾ
ഇവിടെ ഭൂമി വെറും കിടപ്പുമുറി
ചെറിയോരിടവേള പോലാണുറക്കം
സ്വപ്നമായി പോലും രാത്രി തൻ ആഴമോ പരപ്പോ
കണ്ടു തീരുന്നതിനുമുന്നേ തീരുന്നസ്വപ്നം
രണ്ടു തരക്കാരായി സുഹൃത്തുക്കളും വിശപ്പും
കൊതിപ്പിച്ച് മിണ്ടാതെ മുറിയൊഴിഞ്ഞു പോകുമൊരാൾ
കൊതിപ്പിച്ച് ഒച്ചവെച്ചു മുറി നിറഞ്ഞു കിടക്കുന്ന മറ്റെയാൾ
ആകാശം കണ്ടുവളർന്ന്
തീ തിന്നു തകർന്ന മണി ഗോപുരങ്ങൾ തൃഷ്ണകൾ
ഇത് ഗാഢാലിംഗനങ്ങളുടെ സമുദ്ര സാമിപ്യമില്ലാത്ത
നിറവും രൂപവും
വംശവും ഭാഷയും വേഷവും
സ്ഥാനം അകത്തോ അതോ പുറത്തോ എന്ന് നിർണ്ണയിച്ച്
നമ്മളെന്ന ബോധത്തിൽ നിന്ന്
ഞാൻ
ഞാൻ
ഒറ്റയായ ഞാൻ എന്നഅബോധത്തിലേയ്ക്ക്
ആത്മാവ് തോറ്റ് തോറ്റ് മണ്ണുകപ്പുന്ന
മരുപ്പറമ്പ്
തെളിയാറില്ല തെളിയാനില്ല
ഒട്ടകം പോലും തോറ്റുമുട്ടുകുത്തുന്ന
ഈഇടങ്ങളിൽ
പുതിയതായൊരു മുദ്രയും
വീണ്ടുമിതാ നിങ്ങൾക്കുമുന്നിലേയ്ക്ക് തന്നെ വരികയാണ്
വേനലിൽ പൊള്ളി പഴുത്ത കജൂറു പോലെത്തെയീ ജീവിതം
അറിയാം
വായിച്ചു തുടങ്ങും മുൻപ് അർത്ഥമില്ലെന്നു പറഞ്ഞ്
തിരച്ചയക്കാനുള്ള കവിതയാണെന്നത്
ചോദിച്ചിരുന്നു ഫോണിൽ
ഇത്തവണയും കുഞ്ഞുമകൾ
നാട്ടിലേക്ക് ടിക്കറ്റെടുത്തോ എന്ന്
കുഞ്ഞുങ്ങൾ കവികളാണല്ലോ
കരച്ചിലിൻ നഗ്ന ഭാഷയെ
മൊഴി മാറ്റാൻ കഴിവുള്ള കവികൾ
ആ മൊഴികളെങ്ങാനുമിനി ആരെങ്കിലുമൊരിക്കൽ
വായിച്ചെടുത്തെങ്കിലോ.
Not connected : |