മാതൃസ്മരണീയം
മാതൃസ്മരണീയം
ആദ്യമായന്നെൻ ചിണുങ്ങുന്ന ചുണ്ടുകൾക്കമൃതം ചുരന്നോരു ചിത്തേ,
വിസ്മരിക്കില്ലെന്റെ ഹൃത്തിന്നൊടുക്കത്തെ സ്പന്ദനം വരെയുമാ നന്മ,
ഓർക്കുന്നു ഞാനെന്റെ ഉണ്ണിക്കുസൃതികൾക്കൊപ്പമൊരു തണലായി നിന്നെൻ,
താതന്റെ പ്രഹരത്തിനിടനിലക്കാരിയായ് രക്ഷിച്ചു പോന്നോരു കാലം.
അറിവിന്റെ ആദ്യാക്ഷരങ്ങൾതൻ തിരിനാളമെളിമയോടേവം കൊളുത്തീ,
പതിയെ നീ പ്രാർത്ഥിച്ചിരുന്നെന്റെ അഭ്യുദയത്തിനായ് കഷമയോടെയെന്നും.
ബാല്യകാലത്തിന്റെ കുസൃതികൾക്കിടയിലെൻ
കാലിലൊരു പാഴ്മുള്ളുരഞ്ഞാൽ,
പാതിജീവൻ പോയമട്ടിലെങ്ങോ നിന്ന് പാഞ്ഞടുത്തുമ്മ തന്നില്ലേ.
ഇന്നെന്റെ ഹൃദയത്തിനാഴത്തിൽ ഉരയുന്നൊരഴലാർന്ന മുള്ളുകളെടുക്കാൻ,
അനുദിനം പാടുപെട്ടുഴലുമ്പൊഴറിയുന്നു അമ്മതൻ സാന്ത്വന മഹത്ത്വം.
എൻ ജീവിതത്തിന്റെ ഇരുളാർന്ന പാതയിൽ നിഴൽപോലെ അനുഗമിച്ചേവം,
നിറവാർന്ന പാർവ്വണത്തൂവെളിച്ചം തൂകി വഴികാട്ടിയായ് ഗമിക്കുന്നു.
മരണമില്ലാതെ നിൻ നിനവുകൾ വാഴുന്നിതെൻ ഹൃദയസാനുവിൽ അനന്തം,
അതുമാത്രമാണുഞാൻ പകരമായ് നൽകുമെൻ ചെറു പാരിതോഷികം മാതേ...!!
സ്നേഹാർദ്രമാർന്നോരു തിരകളായ് എന്നുമെൻ ചേതോസമുദ്ര തീരത്തിൽ,
അലയടിച്ചീടട്ടെ ഓർമ്മകൾ നിലക്കാത്ത അനുഭൂതിയായ് എന്നുമെന്നും...!!
Not connected : |