മിനിക്കുട്ടി
മിനിക്കുട്ടി നിനക്കൊരു മുത്തം തരാൻ
ഇലത്താളം നെഞ്ചിൽ തുടിക്കുന്പോൾ
മിനിക്കുട്ടി നിന്റെ വടക്കേ മുറ്റത്തെ
വെളുത്ത ചെന്പകം ചിരിച്ചു പോൽ !
മിനിക്കുട്ടി നിന്റെ ഒരുമുത്തം കിട്ടാൻ
ഇടനെഞ്ചിൽ ചോര തിളക്കുന്പോൾ
കിഴക്കേ മാമല ഇടുക്കിലോരോരോ
കുറുക്കന്മാർ കൂവിത്തുടങ്ങി പോൽ !
മിനിക്കുട്ടി നിന്റെ അടുത്തുറങ്ങുവാൻ
അകത്തു മെത്തപ്പാ വിരിക്കുന്പോൾ
കുരക്കുന്ന മോഹം കടിക്കില്ലെന്നൊരു
വരത്തപ്പട്ടിയും കുരച്ചു പോൽ !
"ഒടിക്കാനാവാഞ്ഞാൽ പിടിക്കെല്ലേ" എന്നു
കുറുന്പൻ കാർന്നോരു വിലക്കീട്ടും
പടിച്ചതോരോരോ പുളിങ്കൊന്പാകയാൽ
കിറുക്കനായി ഞാൻ ചിരിച്ചു പോൽ !
വടക്കേ വീട്ടിലെ വയസൻ വക്കപ്പൻ
ഇളിക്കുന്പോൾ വപ്പി തെളിയുന്നോൻ
മിനിക്കുട്ടി നിന്റെ അടുത്തു കട്ടിലി-
ലിരുന്നു വെറ്റില ച്വവച്ചപ്പോൾ,
അടക്കാത്തുപ്പലു തെറിച്ചു വീണിട്ടാ
വെളുത്ത പാവാട ചുവന്നപ്പോൾ
അലക്കിപ്പാറയിൽ ഉണങ്ങാനിട്ടിട്ട-
ന്നുടുക്കാക്കുണ്ടിയായ് നടന്നോളെ,
വസന്ത സമ്മതം ചുവന്ന മണ്ണിലാ
കറുത്ത വിത്തുകൾ കുരുത്തപ്പോൾ
കുരുത്തക്കെടെല്ലാം വിരൽകൊണ്ടു മണ്ണിൽ
കുറിച്ചിട്ടു നിന്നു ചിരിച്ചോളെ,
കുശുന്പി ക്കല്ല്യാണി വടികുത്തി വന്നു
കുടിക്കാൻ ചോദിച്ചു കിതച്ചപ്പോൾ
തണുത്ത സംഭാരം മുഴുത്ത കോപ്പയിൽ
ഒഴിച്ചു നീട്ടുവാൻ മടിച്ചോളെ,
വെളുത്ത പെണ്ണെ ഞാൻ മുളങ്കുഴലൂതി
നിനക്കു പിന്നാലെ തിരിച്ചപ്പോൾ
കഴുത്തറുത്തെന്നെ കുഴിച്ചു മൂടുവാൻ
കറിക്കത്തി കൈയിൽ എടുത്തോളെ,
കുരുത്തം കെട്ടൊരു പരുക്കനാമെന്നെ
പതുക്കനെ തെറി വിളിച്ചോളേ,
അലകടൽ മറഞ്ഞിരിക്കും നിൻ കണ്ണിൽ
ഒളിഞ്ഞു നോക്കണ് ശുനകൻമാർ !
അരവട്ടൻ പാണൻ പറകൊട്ടി പ്പണ്ടു
പടിഞ്ഞാറേ മലേ മഴ പെയ്തു
മലവെള്ളം കുടിച്ചവിടെ ആർക്കാനൊ
വയറു വീർത്തെന്നു ശ്രുതി കേട്ടു!
അതുപോലെങ്ങാനും മഴ പെയ്താലോയെ-
ന്നകം ഭയന്നു നീ കുട നീർത്തു
കുടയൊടിച്ചത് വടിയാക്കി എന്റെ
പെടലി നോക്കി നീ കുതിച്ചു പോൽ !
വടികളഞ്ഞിട്ടാപ്പടി കടന്നാലീ
മിനിക്കുട്ടി എന്തേ മരിക്കുമോ ?
വളയെല്ലാമൂരി ത്തറയിൽ വീഴുമോ ?
വഴിയെ പോണോർക്ക് ചൊറിയുമോ ?
ചൊടിയെൻ ചൊടിമേൽ അടുത്തൊന്നു തൊട്ടാൽ
മിനിക്കുട്ടി പൊട്ടിച്ചിതറുമോ ?
പറകൊട്ടിപ്പിന്നെ മഴ പെയ്യിക്കുവാൻ
മല കയറി ഞാൻ നടക്കുമോ ?
അകതാരിലൊരു പനിനീർപ്പന്തലു
അഴകോടെ മെല്ലെ ഉയരുന്പോൾ
കുളം നിറഞ്ഞു നീ കുളിക്കുന്നതോർത്തു
കുടലെരിഞ്ഞു ഞാൻ പുളഞ്ഞു പോൽ !
കളം നിറഞ്ഞു നീ കളിക്കുന്നതോർത്തു
കരളിൽ പൂത്തിരി തെളിഞ്ഞു പോൽ !
വിരൽ കടിച്ചു കണ്ണെറിയുന്ന തോർത്തു
വിവരം കെട്ടു ഞാൻ വലഞ്ഞു പോൽ !
വശം ചെരിഞ്ഞു നീ ചിരിക്കുന്നതോർത്തു
വശം കെട്ടു തല കറങ്ങി പോൽ !
പുറം തിരിഞ്ഞു നീ നടക്കുന്നതോർത്തു
പുളിച്ച കള്ളു ഞാൻ കുടിച്ചു പോൽ !
വെളുത്ത ചെന്പകം ചിരിച്ചാലും,
വരത്തപ്പട്ടികൾ കുരച്ചാലും,
കുറുക്കന്മാർ കൂവൽ തുടർന്നാലും,
കിറുക്കനായി ഞാൻ ചിരിച്ചാലും,
കുളം നിറഞ്ഞു നീ കുളിച്ചതും,
കളം നിറഞ്ഞു നീ കളിച്ചതും,
വശം ചെരിഞ്ഞു നീ ചിരിച്ചതും,
വ്വിരൽ കടിച്ചു കണ്ണെറിഞ്ഞതും,
കരളിൽ പൂത്തിരി തെളിഞ്ഞതും,
പുളകം കൊണ്ടു ഞാൻ പുളഞ്ഞതും,
കുടൽ കരിഞ്ഞു ഞാൻ പുകഞ്ഞതും,
പുളിച്ച കള്ളു ഞാൻ കുടിച്ചതും,
കുരുത്തമില്ലാതെ ഭവിക്കയാൽ,
കുരുത്തക്കേടുകൾ കുറിച്ചാലും,
മരിച്ചു പോവണ കാലത്തും
മറന്നു പോവില്ല മിനിക്കുട്ടി....
Not connected : |