ശ്രീകുമാർ - മലയാളകവിതകള്‍

ശ്രീകുമാർ 

ഉണ്മയും നന്മയും ചേലുള്ള ചൊല്ലുമായ്....

ശ്രീകുമാറെന്നുറ്റ സ്‌നേഹിതന്‍, കൈകളില്‍
ശ്രീവര, കലകള്‍, വര്‍ണ്ണങ്ങളക്ഷരക്കൂട്ടുകള്‍.
പാതയില്‍ പതറാതെ ചാഞ്ഞും ചരിഞ്ഞും
പാതി നിവര്‍ന്നും, കയറ്റം കിതയ്ക്കാതെ-
യേറുവോന്‍, കുത്തിറക്കം ശാന്തപ്രവേഗം,
പാറുന്ന കാറ്റിന്റെ പക്ഷം, സമചിത്തഭാവം വിലോലം.

ശ്രീകുമാറെന്നുറ്റ സ്‌നേഹിതന്‍, കവിതകള്‍ പാടുന്ന
ശ്രീരാഗമച്ഛന്‍, വയലാറു പുഴകള്‍ കത്തുന്ന-
ഭാസ്‌കരന്‍, മാസ്മരകാവ്യതലങ്ങളില്‍
ഭൂതവും ഭാവിയും കൈകോര്‍ത്തു മേയുന്ന കാലങ്ങള്‍,
വാഴ്‌വിന്റെ വീറുറ്റ വാഗ്വൈഭവം, താള-
മാഴുന്നൊരാമ്പല്‍ക്കുളം, ജീവവേഗക്കുതിപ്പുകള്‍.

ശ്രീകുമാറെന്നുറ്റ സ്‌നേഹിതന്‍, ബന്ധങ്ങള്‍-
ശ്രീവത്സലതാനികുഞ്ജങ്ങള്‍, വേണൂനിനാദങ്ങള്‍
ഗോപകൗമാരകേളികള്‍, സ്വര്‍ഗസുഖഭോഗ-
ഗോവത്സസമ്പല്‍സമൃദ്ധികള്‍, സന്മനസ്സിന്‍
ധൂര്‍ത്തസ്‌നേഹപ്രവാഹം, ഒഴിയാക്കലം, കറികള്‍,
ആര്‍ത്തിരമ്പും ചിരിക്കോളിന്റെ വര്‍ത്തമാനങ്ങളും.

ശ്രീകുമാറെന്നുറ്റ സ്‌നേഹിതന്‍, തിടമ്പേറ്റി-
ശ്രീകോവില്‍മുറ്റത്തു നില്ക്കുന്ന കൊമ്പന്‍,
തോരാത്ത സൗഹൃദപ്പേമഴ, പൗരുഷം,
തീരാത്ത സാന്ത്വനത്തേന്‍തിരച്ചാമരം,
നിറച്ചാര്‍ത്തു മേലാടയാക്കും കുടപ്പീലി-
നീര്‍ത്തുന്നൊരായിരം മയില്‍പ്പൂരചിത്രം വിചിത്രം.

ശ്രീകുമാറെന്നുറ്റ സ്‌നേഹിതന്‍, നേരൊരാള്‍,
ശ്രീജിത്ത് ജിഷ്ണുവെന്നൊക്കെ സഹസ്രാഭ.
രാപ്പകല്‍ ദീപ്തം, ചുരം, കാട്, തീവ്രാനു-
രാഗക്കനല്‍, രോഷം തണുക്കുന്ന നോട്ടം,
വിരാഡ്ശബ്ദകോശം തുടിക്കുന്ന ജിഹ്വ,
വിജ്ഞാനവേദം, വിനയാന്വിതം, വിഭു.

ശ്രീകുമാറെന്നുറ്റ സ്‌നേഹിതന്‍, വാഹനം
ശ്രീഗാരുഢ,മാറെക്‌സ്, സിറ്റിയുമൈക്കണും.
ഓര്‍ക്കുന്ന മാത്രയില്‍ സ്വപ്‌നസായൂജ്യമാ-
യാര്‍ക്കുമൊരാദര്‍ശമൂര്‍ത്തിയായ് രാജിക്കുമീ-
സൂര്യതേജസ്സില്‍ ആനതശീര്‍ഷരാകുന്നു-
താരാപഥങ്ങള്‍, ചന്ദ്രനും വിണ്‍ഗംഗയും.
---000---


up
0
dowm

രചിച്ചത്:രജി ചന്ദ്രശേഖർ
തീയതി:25-06-2016 04:34:56 PM
Added by :രജി ചന്രശേഖർ
വീക്ഷണം:80
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :