സമ‍‍‍‍‍ര്‍പ്പണം    - തത്ത്വചിന്തകവിതകള്‍

സമ‍‍‍‍‍ര്‍പ്പണം  

എന്നുമെന്‍ കരള്‍ത്തുടിപ്പി-
ലോളമായുദിച്ചു നീ
എന്നുമെന്റെ ജീവതാള-
രാഗമായ് നിറഞ്ഞു നീ
എന്നെ,യീ പ്രപഞ്ചമായ-
മൂടിടാതെ കണ്‍കളില്‍
എന്നുമേയുണര്‍ത്തി നിന്റെ
ദീപ്ത സൗമ്യ സൗഭഗം.

യുഗങ്ങളെത്രയോ തുടര്‍ന്നു-
വന്നൊരീ തപസ്യയും
യുഗാന്തമോളമെത്തി നിന്നി-
ലൊന്നു ചേര്‍ന്നിടും വരെ
യുഗ്മഗാനമാലപിച്ച
തെന്നലിന്‍ തലോടലില്‍
യോഗമായ് പുലര്‍ത്തുകെന്നെ-
യിന്നുമെന്നുമൊന്നുപോല്‍.

കൂര്‍ത്തവാക്കു നോട്ടമൊക്കെ-
യേല്ക്കിലെന്തവിശ്രമം
കാത്തു നില്ക്കുവാന്‍ കരുത്തു-
നല്കിയോരുദാരതേ
കീര്‍ത്തനങ്ങളില്ലിലയ്ക്കു
പാടുവാന്‍, പദങ്ങളില്‍
കോര്‍ത്തൊരുക്കിടട്ടെയെന്നെ
നിത്യസത്യമേ സദാ.


up
0
dowm

രചിച്ചത്:രജി ചന്ദ്രശേഖര്‍
തീയതി:04-07-2016 09:31:43 AM
Added by :രജി ചന്രശേഖർ
വീക്ഷണം:160
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :