ആഗ്രഹം
എനിക്കൊന്നു ഗൾഫിൽ പോണം
ഈന്തപ്പനകളോട് ചേർന്നു
നിന്നു ഒരു ചിത്രം എടുക്കണം
മരുഭൂമിയിലൂടെ ഒട്ടകത്തിന്റെ
മുകളിൽ സഞ്ചരിക്കണം
അറബിയിൽ സംസാരിക്കണം
ശീതീകരിച്ച വലിയ കടകളിൽ
പോയി കുറെ സാധനങ്ങൾ
വാങ്ങണം.
തിരിച്ചു വന്നു
അത്തറ്പൂശിയ കുപ്പായം
ധരിച്ചു അങ്ങാടിയിലൂടെ
ഒന്നു വിലസണം
റെയ്ബാന്റെ കണ്ണടയും
സ്വർണ്ണം പൂശിയ വാച്ചും
കണ്ടു നാട്ടുകാർ
അസൂയപ്പെടണം.
അക്കരെ നിന്നും
കൊണ്ടുവന്ന
അക്കായിയുടെ സെറ്റിൽ
ഉച്ചത്തിൽ ഒപ്പന
പാട്ടൊന്നു വെയ്ക്കണം
വന്നിട്ടു പോകുമ്പോൾ
ഓള് കെട്ടിപ്പിടിച്ചു
കരയണം
തിരിച്ചു ചെന്ന ഞാൻ
മനസ്സിനെ നാട്ടിലെ
പുഴയിൽ കുളിക്കാൻ വിട്ടു
നാടൻ തട്ടുദോശയുടെ
സ്വാദു കുബൂസിൽ
നുകർന്നു
പച്ചപുതച്ച പാടത്തെ
വരമ്പിലൂടെ
ഞാൻ മനസ്സിൽ ഒറ്റയ്ക്ക് നടന്നു
വാഴയിലയിൽ
ഉമ്മ പോതിഞ്ഞ
ചൂട് ചോറിന്റെ സ്വാദ്
നാവിൽ ബാക്കി
മണൽ കാറ്റിന്റെ
ചൂടിൽ
ഓർമ്മകളുടെ ഏകാന്തതയിൽ
നഷ്ടങ്ങളും ഇഷ്ടങ്ങളും
ഞാൻ കുറിച്ചിട്ടു
നിങ്ങളെന്നെ
കളിയാക്കി
പിന്നീട് നിങ്ങൾ
എന്നെ കവിയാക്കി
ഞാൻ കുറിച്ചിട്ടതൊക്കെയും
കഥയല്ല
എരിയുന്ന ജീവിത
കനലെന്നു നിങ്ങൾ
എനിക്കു ഇനി തിരിച്ചൊന്നു
പോകണം നാട്ടിൽ
അങ്ങാടി കവലയിൽ
ഒരു പെട്ടിക്കട
തുടങ്ങണം
മഴയത്തു കുട ചൂടി
നാടൻ വഴികളിലൂടെ
നടക്കണം
പുഴയിൽ ഒന്നു
നീന്തിക്കുളിക്കണം
പുഴമീൻ കൂട്ടി ഉണ്ണണം
ഉമ്മയോട് കുശലം
പറഞ്ഞു ഉമ്മറത്തിരിക്കണം
Not connected : |