എന്റെ ബാല്യം  - ഇതരഎഴുത്തുകള്‍

എന്റെ ബാല്യം  

തളിരിളം ചുണ്ടിൽ നിന്നു
തിരുന്ന കൊഞ്ചലായ്
കനവാം എൻ മഞ്ചലിൽ
ചാഞ്ചാടുമെൻ ബാല്യം

ഹിമബിന്ദു കണം പോൽ
എന്നുമെൻ മേനിയിൽ
കുളിരേകും ഓർമ്മയായ്
നിറയുന്നൊരെൻ ബാല്യം

എൻ അമ്മതൻ താരാട്ടും,
എൻ അച്ഛന്റെ കരുതലും
അറിയാതെ അറിഞ്ഞൊരാ
നിമിഷങ്ങളെൻ ബാല്യം

ഒരു ചെറു തുമ്മലെൻ
നാസികയിൽ ഉരുവായാ-
ലറിയാതെ എൻ അമ്മ
തേങ്ങുന്നൊരെൻ ബാല്യം

എൻ കുട്ടിക്കുറുമ്പിനാൽ
പൊതിരെ തല്ലിനോവിക്കു-
കിലുമെന്നച്ഛൻ, അറിയാതെ
യുരുകുന്നൊരെൻ ബാല്യം

തൊടിയിലന്നോടിക്കളിച്ചു
കൊണ്ടുച്ചത്തിൽ കുയി-
ലിന്നെതിർ സ്വരം പാടി
മത്സരിച്ചൊരെൻ ബാല്യം

ചെറുകിളികൾ കുറുകുമീ
നാട്ടു മാഞ്ചില്ലയിൽ ഒരൊറ്റ-
യേറാൽ ഞാൻ മാങ്കനിതൻ
സ്വാദറിഞ്ഞൊരാ ബാല്യം

പകലന്തി മുഴുവനും എൻ
തോഴരുമായ് ചേർന്ന് തെല്ലൊ-
രിടവേളയുമില്ലാതെയാർത്തു -
ല്ലസിച്ചൊരെൻ ബാല്യം

പച്ചപ്പട്ടു വിരിച്ചൊരാ പാട-
വരമ്പത്തുകൂടെയെൻ പ്രിയ്യ-
തോഴിയുമായ് കൈകോർത്തു
നടന്നൊരെൻ ബാല്യം

തെച്ചിയും തുമ്പയും മറ്റു-
പലവിധ പുഷ്പങ്ങളൊക്കെയും
പറിച്ചുകൊണ്ടാനന്ദദൃശ്യമാം പൂക്ക-
ളമൊരുക്കി രസിച്ചൊരെൻ ബാല്യം

ഇനിയാവർണ്ണശബളമാം ലോകം
സ്മരണയിൽമാത്രമെന്നാകിലും,
ഏകാന്തവീഥിയിൽ അയവിറക്കി-
ടുവാൻ അനശ്വരമായ് എൻ ബാല്യം


up
0
dowm

രചിച്ചത്:ശ്രീജിത്ത് എസ് എച്ച്
തീയതി:18-07-2016 01:50:05 PM
Added by :sreeu sh
വീക്ഷണം:333
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :