തിരയും തീരവും  - മലയാളകവിതകള്‍

തിരയും തീരവും  

തിരയും തീരവും

ചിപ്പിക്കുള്ളിൽ ഒളിച്ചുവെച്ച
പ്രണയം തീരത്തോടു ചൊല്ലുവാൻ
ഓരോ നിമിഷവും തിര
തീരത്തെ പുൽകുന്നു -
വെങ്കിലു, മത് തീരം
കാണാൻ മടിക്കുമ്പോൾ
കടലിൻ മടിത്തട്ടിൽ മടങ്ങുന്നു
തിര പരിഭവമേതുമില്ലാതെ.
സൂര്യന്റെ കൊടും താപമേറ്റു
തീരം ചുട്ടുപൊള്ളുമ്പോൾ
പ്രണയനൈരാശ്യത്തിൻ
പകയേതുമില്ലാതെ
ഇളം തണുപ്പാൽ തിര
തീരത്തെ പൊതിയുന്നു
വരളുന്ന തീരത്തിൻ
ചുണ്ടിലിറ്റിക്കുന്നു
നീർതുള്ളികൾ സ്നേഹത്താൽ
മാത്രമുടലെടു ക്കുന്നൊ-
രാത്മ സംതൃപ്തിയാൽ.
പിന്നെയും പിന്നെയും
പ്രണയവുമായടുക്കുന്ന തിര
മടങ്ങുന്നു കണ്ണീരോടെ
ഒരുമിച്ചു കൈകോർത്തു
ഐസ്ക്രീം നുണഞ്ഞുകൊണ്ട്
രാജ്യാന്തരങ്ങൾ സന്ദർശിക്കുവാനല്ല ,
പ്രണയസാഫല്യത്തിനന്തരം
ഇരുവഴിയായി പിരിയുവാനല്ല,
എന്നെന്നും തീരത്തിൻ മാറിലുറങ്ങു-
വാനാണീ തിരയുടെ മോഹം .
ഇന്നലെവരെ ചങ്കിൽ പിടച്ച
പെണ്ണിനെയുപേക്ഷിച്ചു
മറ്റൊരുവളുമായ് നടക്കേ
വിയർപ്പുകണങ്ങൾ മാറ്റു-
വാനായ് കൈക്കുമ്പിളിൽ
കടൽവെള്ളം മുഖത്തൊഴി-
ക്കവെ,യവന്റെയധരമറിയുന്നു
ഉപ്പുരസ, മത് തീരത്തിനായ്
തിരയൊഴുക്കിയ കണ്ണുനീരെ-
ന്നറിവതു ,തീരത്തിനുമാത്രം.





up
1
dowm

രചിച്ചത്:athira
തീയതി:19-08-2016 07:13:35 PM
Added by :amrutham
വീക്ഷണം:334
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :