മൗനത്തിനു  മൗനം - മലയാളകവിതകള്‍

മൗനത്തിനു മൗനം 




ഒരു മാനവ ജന്മമി -
തായിവിടെയീ ഭൂവി-
ലുള്ളിലായിരം നൊമ്പരങ്ങ-
ളുമാഹ്ലാദത്തിരകളുമായ്

പിറന്നുവീണു പിഞ്ചിളം
ചുണ്ടുപിളുത്തി കരയുമ്പോള -
തിൻ താള ,മമ്മിഞ്ഞയെന്ന
വാക്കായെന്നമ്മയറിഞ്ഞുവോ?

പാതിരാത്രിയിൽ ഞെട്ടിയുണ-
രുന്നു ഞരങ്ങുമ്പോളാതെ -
ന്നച്ഛൻ നെഞ്ചിന് ചൂട് പകരാനെ -
ന്നച്ഛനറിഞ്ഞ ഭാഷയേതാകാം.

അക്ഷരമുത്തുകളെന്നിൽ നിന്ന്
പൊഴിഞ്ഞ നാൾകളിൽ
മണ്ണപ്പം ചുട്ടുകളിച്ച തോഴന -
കലേക്ക് മാഞ്ഞുപോയനേരം

എൻ ഹൃദയത്തിനടിത്തട്ടിലാ-
യിരം മുള്ളുകൾ തറച്ച
വേദനയേതു ഭാഷയിലാ-
രോടു ചൊല്ലേണ്ടു ഞാൻ ?

ആർത്തലച്ചുപെയ്ത പേമാരി -
യിൽ നനഞ്ഞൊട്ടി നിന്ന
നേരമെനിക്കായ് ,ഞാനറിയാതെ
കുടചൂടിയ സ്നേഹിതാ ,

നിന്നോടെനിക്കു തോന്നി-
യത് പ്രേമമോ സൗഹൃദമോ -
വതു ചൊല്ലുവാതേതു
ഭാഷയിലെന്നറിയില്ലെനിക്കും ,

ഒരു വേളയതു സൗഹൃദ-
മാകാം ,ഞാൻ പണ്ടേ
പ്രണയിച്ചതെ ൻ മുറ്റത്തെ
തേന്മാവിനെയല്ലോ,

ആ പ്രണയമെൻ മാവി-
നോടറിയിക്കുവാനായുള്ള
ഭാഷ തൻ മാലയിൽ
കോർക്കുവാനെന്നിൽ മുത്തുകളില്ല

കീശ നിറ ക്കുവാനെൻ കാമു -
കന്റെ ദേഹമീ ർച്ചവാളാൽ
മുറിഞ്ഞു വീണപ്പോളെൻ
ചോര പൊടിഞ്ഞതേതു ഭാഷയിൽ,

നഷ്ടപ്രണയത്തിൻ ഭാരവും
പേറി ഞാനന്യന്റെ താലി-
യണിഞ്ഞ നേരമെന്നിലുണർന്ന
ലജ്ജയോതുവാനില്ല ഭാഷ.

സങ്കടക്കടലിൽ മുങ്ങിത്താഴു -
മ്പോളെന്നെ ഇരു കൈയും
നീട്ടിച്ചേർത്തു പിടിച്ചുതന്ന
ചുംബനങ്ങൾക്കേതു,

ഭാഷയിലേതു സ്വര-
ങ്ങളിൽ നന്ദി കോർ-
ത്തെടുപ്പവതിന്നു -
മെനിക്കജ്ഞാതം

ജീവിത സൗഖ്യങ്ങളു -
മതിലേറെ ദുഖവും
പെയ്തു വീണോരു
ഹൃദയവുമായ്,

കാറ്റിൽ പറക്കുന്ന
വെള്ളിനാരുകളെ
മെല്ലെ വിരലാലൊതു -
ക്കിക്കൊണ്ടിന്നീ മുറ്റത്തു

മങ്ങിയ കൺ കളാലീ -
യുലകം നോക്കുമ്പോൾ
ഞാനറിയിന്നുവന്നുവരെ-
യെന്റെ ജീവിതമെഴുതാൻ

ഇല്ലോരാക്ഷരവുമൊരു
ഭാഷയുമതിൻ നൈർമ്മ -
ല്യത്തോടോതുവാനിന്നും
ഞാനശക്തയു മബലയും

പറയുവാനാകാത്ത,പറയാൻ
മറന്നൊരെൻ ഹൃത്തിൽ
വികാരങ്ങളാലൊരു മാല
തീർക്കുവാൻ ഞാനൊരുങ്ങുമ്പോൾ

കൊഴിഞ്ഞുപോകുന്നു
ഇടറിയ കൈകളാൽ
ഞാനെടുത്തയോരോ
മുത്തുകളും ചിതറുന്നു,

അതിൽനിന്ന് പൊടിഞ്ഞു -
വീഴുമാ ചോരത്തുള്ളി-
കളെ ൻ ഹൃദയവികാരത്തിനു
ചൊല്ലുവാനാകാത്ത a നേരോ ?

(കേരള യൂണിവേഴ്സിറ്റി കലോത്സവം 2016 -ഇൽ 2nd സ്‌ഥാനം ഈ കവിതക്ക് ലഭിച്ചു)




up
1
dowm

രചിച്ചത്:athira
തീയതി:20-08-2016 07:41:33 AM
Added by :amrutham
വീക്ഷണം:194
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :