ഭ്രാന്തി  - തത്ത്വചിന്തകവിതകള്‍

ഭ്രാന്തി  

പകൽ മഴപ്പാടുള്ള മുഖമൊന്നുമർത്തി തുടച്ചു
ചിരിതൂകി നിന്ന സന്ധ്യ ...
അസ്പഷ്ടമെന്തോ ജപിക്കുന്ന ചുണ്ടോടെ
അന്നവളെൻ മുന്നിൽ വന്നു നിന്നു...
ഓർമ്മകൾ വേവുന്ന കരളിന്റെ ചൂടേറ്റു
കണ്ണുകൾ വിങ്ങി ചുവന്നിരുന്നു
വേനലിൽ പാടത്തെ നെൽച്ചെടി പോലവൾ
വാടി ഉണങ്ങി തളർന്നിരുന്നു
മാറാല കെട്ടിയ മുഷിഞ്ഞ സ്വപ്നങ്ങളെ
മാറാപ്പിലാക്കി ചുമന്നിരുന്നു
ആദ്യം ചിരിച്ചവർ പിന്നെ വിതുമ്പി
തൽക്ഷണം പുലഭ്യം ചൊല്ലുകയായി
പിഞ്ചി കറുത്ത ചില തൻ ഉള്ളിൽ
പൊള്ളി കറുത്ത വയറുകണ്ടു
ഏതോ ചതിയുടെ ഇനിയും ഉണങ്ങാത്ത
മുറിവിന്റെ ചോര ചാലു കണ്ടു
താളമയഞ്ഞ മനസ്സിന്റെ തന്ത്രികൾ
വിങ്ങിപ്പിടയുന്ന നോവുകണ്ടു
മിന്നിത്തിളങ്ങുന്ന കണ്ണീർ മണികളിൽ
നേരിന്റെ നൊമ്പരപ്പാട് കണ്ടു
ചെറു ചിരിമിന്നുന്ന കണ്ണുമായ് അവളെ
നോക്കുന്നിവർ വഴിപോക്കർ
അലസം അകന്നവർ അവളെ വിളിക്കുന്നു
ഭ്രാന്തിയെന്നു ഇവൾ വെറും ഭ്രാന്തിയെന്നു ........


up
0
dowm

രചിച്ചത്:സൂര്യ
തീയതി:22-08-2016 03:07:40 PM
Added by :soorya
വീക്ഷണം:135
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :