മത്സരം - ഇതരഎഴുത്തുകള്‍

മത്സരം 


തുടര്‍ച്ചയായ രണ്ടു വര്ഷം വിംബിള്‍ഡന്‍ പുരുഷ വിഭാഗം സിംഗില്‍സ് കിരീടം നേടിയ ശേഷം, 1987 -ല്‍ പീറ്റര്‍ ഡൂഹനോട് ആദ്യ റൗണ്ടില്‍, പരാജയപ്പെട്ടു പുറത്തായപ്പോള്‍, ബോറിസ് ബെക്കര്‍ പറഞ്ഞ വാക്കുകളാണിത്. ഇതിന്റെ സാരാംശം,താന്‍ തോറ്റത് കൊണ്ട്, ലോകമൊന്നുമിടിഞ്ഞു വീണിട്ടില്ല എന്ന് ബോധ്യപ്പെടുത്തലാണ്. 30 മാര്‍ച്ച്‌ എന്ന തീയതി ഇങ്ങടുത്തെത്തുമ്പോള്‍, പഞ്ജാബിലെ മൊഹാലിയിലെ, പീ.സി-എ സ്റ്റേഡിയത്തില്‍ കാഹളമുയരുമ്പോള്‍, ഓര്‍മ്മവരുന്നത്‌ ബെക്കറിന്റെ ഈ വാക്കുകളാണ്.



ഒടുവില്‍, പ്രതീക്ഷകള്‍ക്കും, ആകാംക്ഷകള്‍ക്കും, വിരാമമിട്ടുകൊണ്ട് ആ ദിവസം വരുകയായി. 2011 ലോക കപ്പ്‌ ക്രിക്കറ്റ് മാമാങ്കം അരങ്ങേറിയത് മുതല്‍, ഏവരും ഉറ്റു നോക്കുകയും, കണ്ണില്‍ എണ്ണയൊഴിച്ച് കാത്തിരിക്കുകയും, കണക്കുകൂട്ടുകയും ചെയ്ത, മനസ്സിന്റെ മണിച്ചെപ്പില്‍, നെയ്തെടുത്ത സ്വപ്നം. ഇന്ത്യയും, പാകിസ്താനും കളിക്കളത്തില്‍ നേര്‍ക്കുനേര്‍. ധാക്കയില്‍ പാകിസ്താന്‍ വെസ്റ്റ് ഇന്‍ഡീസിനെയും, അഹമദാബാദില്‍ ഇന്ത്യ ഓസ്ട്രെലിയയെയും, വിഴീതിയപ്പോള്‍, തെളിഞ്ഞത് ഈ പോരാട്ടമാണ്. മാര്‍ച്ച്‌ 30-നു മൊഹാലിയില്‍, ലോക കപ്പിന്റെ രണ്ടാം സെമിയില്‍, ഈ രണ്ടു, വന്‍ ക്രിക്കറ്റ് ശക്തികളും, മാറ്റുരയ്ക്കും. ക്രിക്കറ്റ് ലോകത്തിന്റെ കൊടുമുടിയില്‍, വിജയശ്രീലാളിതരായി, നാല് വര്‍ഷക്കാലം വാഴാനുള്ള സുവര്‍ണ്ണാവസരത്തിന്റെ, അവകാശത്തിനായുള്ള, പോരാട്ടത്തിലേക്ക് കടന്നുകൂടാനുള്ള, അധികാരം.


ക്രിക്കറ്റ്‌ ചരിത്രത്തില്‍ ഇന്ത്യ-പാക് മത്സരങ്ങള്‍ എന്നും, വീറോടും, വാശിയോടുമാണ് അരങ്ങേറിയിട്ടുള്ളത്. ഇരു രാജ്യങ്ങളുടെയും, സ്വാതന്ത്ര്യത്തിനു ശേഷം ടെസ്റ്റ്‌-ഏകദിന മറ്റും ഇപ്പോഴത്തെ പുതിയ പതിപ്പായ ട്വെന്റി-ട്വെന്റിയില്‍ വരെ പല കരുത്തുറ്റതും, നെഞ്ചിടിപ്പുകള്‍ പല തവണ വേലിയേറ്റം നടത്തിയ പാരമ്പര്യവുമാണ് ഇരു രാജ്യങ്ങളും കളിയരങ്ങില്‍, പ്രദര്‍ശിപ്പിച്ചിട്ടുള്ളത്. പൊതുവേയുള്ള ഇരുവരും തമ്മിലുള്ള പരമ്പരകള്‍ എന്നും മറക്കാന്നാവാത്തതായിരുന്നു. രണ്ടു രാജ്യങ്ങളും, കൊമ്പുകോര്‍ത്തപ്പോള്‍ എന്നും, ആവേശഭരിതമായ പോരാട്ടങ്ങളാണ്, ബാക്കിപത്രമായത്. ഏകദിന ലോക കപ്പില്‍, ഈ പോരാട്ടങ്ങളുടെ, നിറവും, പകിട്ടും, പല മടങ്ങാണ് വര്‍ധിക്കുന്നത്. 1992 മുതല്‍ 2003 വരെയുള്ള, തുടര്‍ച്ചയായ 4 ലോക കപ്പിലും, ഇന്ത്യ-പാക് മത്സരങ്ങള്‍ അരങ്ങേറുകയും, ഇവയെല്ലാത്തിലും, ജയം ഇന്ത്യയുടെ ഭാഗത്തുമായിരുന്നു. ഇതില്‍ രണ്ടെണ്ണം, ഗ്രൂപ്പ് ഘട്ടത്തിലായിരുന്നപ്പോള്‍, മറ്റു രണ്ടും, നോക്ക്-ഔട്ട്‌ മത്സരങ്ങളായിരുന്നു. ഈ പത്താം ലോക കപ്പില്‍, ഈ രണ്ടു രാജ്യങ്ങളും ഏറ്റുമുട്ടുമ്പോള്‍, വെറും 'മറ്റൊരു കളിയെന്നതിനെക്കാളുപരി', ഒരു നയതന്ത്രാഭ്യാസം കൂടിയാണ്, മൊഹാലിയില്‍ അരങ്ങുതകര്‍ക്കുക. ഇരു രാജ്യങ്ങളുടെ ഭരണ തലവന്മാര്‍, മുതല്‍ സാധാരണ കാണികള്‍, വരെ അണിചേരുന്ന ഒരു മഹായത്നം. കോടികള്‍ ടെലിവിഷനിലൂടെയും, ഇന്റെര്‍നെറ്റിലൂടെയും, റേഡിയോവിലൂടെയും, പങ്കാളികളാകുമ്പോള്‍, തിളച്ചുമറിയുന്ന, ഒരു വറചട്ടിയാകും, കളിയരങ്ങ്.

എന്നാല്‍ കളിയെന്നതിനെക്കാളുപരി, ഒരു യാഥാര്‍ത യുദ്ധമാണ്, ഇന്ത്യ-പാകിസ്താന്‍ മത്സരങ്ങള്‍ എന്നുവരുത്തില്‍, കളിയരങ്ങുകള്‍, പോര്‍ക്കളങ്ങളാക്കാനുള്ള ഒരു ഗ്ലാഡ്യറ്റൊരിയാല്‍ മനോഭാവം. ധ്വിപക്ഷീയമായി പല പ്രശ്നങ്ങളും, വിഷയങ്ങളും, കീറാമുട്ടിയായും , വിലങ്ങുതടിയായും, നില നില്‍ക്കുമ്പോഴും, ക്രിക്കറ്റിനെ ഒരു ബ്രഹ്മാസ്ത്രമാക്കി, പയറ്റി സമ്പൂര്ണ സംഹാരം എന്ന 'ഉപ തലക്കെട്ടാണ്' പല ശക്തികളും, ലക്ഷ്യം വെക്കുന്നത്. കളിക്കാരെ പോരാളികളാക്കിയും, യുദ്ധത്തിനു സമാനമായ അന്തരീക്ഷം സൃഷ്ട്ടിച്ചും, വിപണിയെ കൊഴുപ്പിച്ചും, തീ പുകച്ചുകൊണ്ട് വൈര്യം കെടാതെ സൂക്ഷിക്കുന്ന, ഒരു അഹന്ത ഭാവം. ഇത്തരം ഒരു ചിത്രീകരണത്തിന്റെയും, വിരോധാഭാസത്തിന്റെയും, രാഷ്ട്രീയവും-സാമൂഹികവുമായ ലക്ഷ്യവുമെന്താണ്. ഇത്തരമൊരു 'പ്രഷര്‍ കുക്കര്‍' അവസ്ഥ എങ്ങനെയാണ് സംജാതമാകുന്നത്? എന്താണ് പിന്നാമ്പുറത്തെ കളികള്‍. ഇവിടെ അതാണ്‌ അന്വേഷിക്കപ്പെടെണ്ടത്.

കളിയെന്നാല്‍ 'വെടിവെപ്പൊഴുവാക്കികൊണ്ടുള്ള യുദ്ധം' എന്നാണു ജോര്‍ജ് ഓര്‍വെല്‍ വിശേഷിപ്പിക്കുന്നത്. വെറും ഒരു കായിക ഇനത്തെ ഇത്തരം ഒരു ചട്ടകൂടില്‍ തലക്കുന്നതിന്റെ താല്‍പര്യവും, ഉദ്ദേശ്യവുമെന്താണ്? ഇവിടെ ചരിത്രം ഒരു സുപ്രധാന ഘടകമായിട്ടാണ് സ്ഥിതിചെയുന്നത്‌. ചരിത്രം, പല ഓര്‍മ്മകളുടെ ഒരു നിധിപ്പെട്ടികൂടിയായാണ്, ഈ ഒരവസ്ഥയില്‍, കഥാപാത്രമാവുന്നത്‌. അത്തരമൊരു സ്ഥിതിവിശേഷണം മനുഷ്യ മനസ്സുകളെ കീഴടക്കാനായും, ഉപയോഗപ്പെടുത്തിടുണ്ട്. കാലം ഏല്‍പ്പിച്ച മുറിപ്പാടുകളെ, ചരിത്രം ആഴത്തില്‍ ഉണങ്ങാതെ സൂക്ഷിച്ചു, അത് പല അവസരങ്ങളിലും, പുരാത് വരുത്തുകയും ചെയുന്നു. കളിയരങ്ങുകള്‍, ഇത്തരമൊരു പ്രയോഗശാലയായി, മാറിയിട്ട് കാലമേറെയായി. ഈ ഉണങ്ങാത്ത ഓര്‍മ്മകളെ, വൈര്യം കൂടിയും, മേമ്പൊടി ചേര്‍ത്തും, അവതരിപ്പിക്കുമ്പോള്‍, ആവേശം പതിന്മടങ്ങ്‌ വര്‍ധിക്കുന്നു. ഇതിന്റെ പല ഉദാഹരണങ്ങളും അക്ക്മ്മിട്ടു നിരത്താന്‍ കഴിയും. ഇംഗ്ലണ്ടും-അര്‍ജന്റീനയും കൊമ്പു കോര്‍ക്കുന്ന ഫുട്ബോള്‍ മത്സരങ്ങള്‍ അരങ്ങേറുമ്പോള്‍, കഴിഞ്ഞു പോയ ഫാല്‍ക്ലാന്‍ഡ് യുദ്ധത്തിന്റെ ഓര്‍മ്മാകലാണ് തളം കെട്ടുന്നത്. അത് പോലെ ഇംഗ്ലണ്ട് ജര്‍മനിയെ നേരിടുമ്പോള്‍, മുന്‍പില്‍ കൊണ്ടുവരപ്പെടുന്നത് ലോക മഹായുദ്ധങ്ങളുടെയും, രാഷ്ട്രീയ വൈര്യത്തിന്റെയും, ഒരു മാരക മിശ്രിതമാണ്. ഇത്തരം പല പരസ്പര മത്സരവും,വൈര്യവും, കഴുകന്‍ തന്ത്രങ്ങളുമെല്ലാം കുത്തിനിറക്കപ്പെട്ട, ഒരു രാസവസ്തുവാന് പലപ്പോഴും സ്പോര്‍ട്സ്. ഈ പകയുടെയും, ശത്രുതയുടെയും, രസതന്ത്രം, കളിനിലങ്ങളെ പോര്‍ക്കളങ്ങളാക്കുന്നതും, രക്തത്തിന് ദാഹിക്കുന്ന, വേട്ടനായ്ക്കാളായി കായിക താരങ്ങളെ രൂപാന്തരപ്പെടുത്തുനതും, വ്യക്തമായ താല്‍പ്പര്യങ്ങളുടെ പശ്ചാത്തലത്തിലാണ്. ഇന്ത്യയും-പാകിസ്ഥാനും മാറ്റുരക്കുമ്പോള്‍, കളിയേക്കാള്‍, പ്രതികാരത്തിന്റെയും, മജ്ജയിലും-മാംസത്തിലും, കുത്തിനിറക്കപ്പെട്ട ഒരു 'കൃത്രിമമായ' ദേശീയതയുടെയും, വംശീയതയുടെയും, മുറവിളികള്‍ കൂടി നമ്മുക്ക് കേള്‍ക്കാം. ഇപ്പോള്‍ തന്നെ ഈ സെമി മത്സരം '26 നവംബര്‍ മുംബൈ ആക്രമണത്തിനു ശേഷം' ഇന്ത്യന്‍ മണ്ണില്‍ അരങ്ങേറുന്ന ആദ്യ ഇന്ത്യ-പാക് മത്സരമാനെന്നാണ് നാഴികക്ക് നാല്പതു വട്ടം മുഖ്യധാര മാധ്യമങ്ങള്‍ വിളിച്ചു കൂവുന്നത്. കലക്കു വെള്ളത്തില്‍ മീന്‍ പിടിക്കാമെന്ന മോഹവുമായി, പല വ്യവസ്ഥാപിത താല്പര്യങ്ങളും, ഈ മുറവിളികള്‍ക്ക്, കോറസ് ആലപിക്കുന്നത്.

കച്ചവട താല്പര്യങ്ങള്‍ ആവോളം സംരക്ഷിച്ചു, ലാഭം ആകുവോളം കൊയ്യാനുള്ള, നൂതന കുതന്ത്രങ്ങളുമായി, കോര്‍പ്പറെറ്റ് ലോകവും, ഈ ഒരു മാത്സര്യത്തിനു കൊഴുപ്പെകുന്നു. പരമ്പര വൈരികള്‍ എന്ന പട്ടം നല്‍കി, ഇന്ത്യ-പാക് പോരാട്ടങ്ങളെ മറ്റേതൊരു മത്സരത്തെക്കാളും, ആവേശഭരിതമാക്കി, വില്‍ക്കാന്‍ നടക്കുന്ന വ്യഗ്ര ശ്രമങ്ങളും ഇവിടെ പ്രതിഫലിക്കുന്നുണ്ട്. കളിയുടെ ജയവും-തോല്‍വിയും പല തരം വേലിയേറ്റങ്ങളാണ് അതിര്‍ത്തിക്കിരുവശവും, വരുത്തിതീര്‍ക്കുന്നത്. തോല്‍വികളില്‍, കിണഞ്ഞ ശ്രമത്തെക്കാളുപരി, 'മറ്റേതെങ്കിലും' തരത്തിലുള്ള, 'വേറെ കളികളുമുണ്ടോ' എന്നും, മാധ്യമങ്ങളുടെ കുറ്റവിചാരണക്ക് ശേഷം, നീണ്ട അന്വേഷണങ്ങളും, റിപ്പോര്‍ട്ടുകളും, സ്ഥാനങ്ങള്‍ തെറിക്കുന്നതുമെല്ലാം, ഒഴിച്ചുകൂടാനാകാത്ത ഘടകങ്ങളാണ്. മറ്റാരോട് തോറ്റാലും, ഇന്ത്യ പാക്കിസ്ഥാനോടും, നേരെ മറിച്ചും, കീഴ്പ്പെടരുതെന്നും, അങ്ങനെ സംഭവിച്ചാല്‍ അത് ഒരു കാലത്തും പൊറുക്കാത്ത 'തെറ്റായി', 'അപമാനമായി', ജനങ്ങള്‍ക്ക്‌ മുന്‍പില്‍, അവതരിപ്പിക്കപെടുമ്പോള്‍, നിസ്സഹായരാകുന്നത്, യഥാര്‍ത്യത്തില്‍ കളിക്കാരാണ്. ഏതുവിധേനെയും തോല്‍വി ഒഴിവാക്കുക, അല്ലാത്ത പക്ഷം 'കഴുക്കോലിനര്‍ഹരാവുന്ന ' പ്രതിഭാസം. കീറിമുറിച്ചും, ചികഞ്ഞുനോക്കിയും, മൈക്രോസ്കോപ്പിലൂടെ കളിയുടെ നെല്ലും-പതിരും വേര്‍പ്പെടുത്തുന്ന, സാധന-സാമഗ്രികള്‍ കാണാതെ പോകുന്ന ഒന്നാണ് കളിക്കാരുടെ മനസ്സ്. അവരെങ്ങനെയാണ്, ഇതെല്ലാം ഉറ്റുനോക്കുന്നത്, അതിജീവിക്കുന്നത്.

ഇന്ത്യ-പാക് മത്സരങ്ങളില്‍, എല്ലാ കളി വൈദഗ്ദ്യരും വാചാലരവുന്ന, സുപ്രധാന ഘടകമാണ്, മനസ്സ്. കളിയിന്നു, മൈതാനത്തിനേക്കാള്‍, അരങ്ങേറുന്നത് മനസ്സിലാണ്. ഉരുക്ക് പോലത്തെ മനക്കരുത്തും, എതിരാളിയെ തകര്‍ക്കാനുള്ള പോര്‍വീര്യവു മായ ഈ ഇരട്ട നയങ്ങളും, കൂര്പിച്ചാല്‍ ശത്രുപാളയത്തില്‍, നാശം വിത്ക്കാമെന്നാണ് ഇരു ടീമുകളുടെയും കണക്കുകൂട്ടല്‍. കണക്കുകള്‍ പിഴച്ചാല്‍, കാല്‍ച്ചുവട്ടിലെ മണ്ണ് ചോര്‍ന്നോലിക്കുമെന്ന, ഒരു തീരാഭയം ഉള്‍വിളിയായി തങ്ങിനില്‍ക്കും. മനസ്സിന്റെ ഈ കണ്കെട്ട്, ആരാധകരും, ആസ്വാദകരും ഏറ്റുവാങ്ങിയിട്ടുണ്ട്. എതിര്‍ ടീമിന്റെ കളിക്ക്, അര്‍ഹിക്കുന്ന പ്രോത്സാഹനം നല്‍കാനുള്ള മടിയും, ഈ വിരോധത്തിന്റെ, മാനസിക വശമായി, കുറിക്കാവുന്നതാണ്. ജാവേദ്‌ മിയന്ധാധ്, തന്റെ അവസാന കളിയില്‍ (ഇന്ത്യക്കെതിരെ 1996-ല്‍ ബാംഗ്ലൂരില്‍ നടന്ന ക്വാര്‍ടര്‍ മത്സരം) ഔട്ടായാപ്പോള്‍, "ഈയുള്ളവനെ ഇനി കാണേന്‍ടതില്ലല്ലോ, എന്ന് തെറിവിളി കൊണ്ട് അഭിഷേകം ചെയ്ത ഇന്ത്യന്‍ ആരാധകരെ, പ്രസിദ്ധ ക്രിക്കറ്റ് ചരിത്രകാരന്‍, രാമചന്ദ്ര ഗുഹ ഇന്നും ഓര്‍ക്കുന്നു. എന്നാല്‍, നല്ല കളിക്ക്, വേണ്ട അംഗീകാരം കൊടുത്ത ചരിത്രവും, ഇന്ത്യ-പാക് ക്രിക്കറ്റിനുണ്ട്‌. 1999-ലെ ചെന്നൈ ടെസ്റ്റ്‌ ജയത്തിനു ശേഷം, സ്റ്റേഡിയം വലംവച്ച പാക്കിസ്ഥാന്‍ ടീമിനെ, എഴുന്നേറ്റു നിന്ന്, ഹര്‍ഷാരവം കൊണ്ട് പൊതിഞ്ഞ സംഭവവും, അത് പോലെ, 2004-ലെ പാക്‌ 'സൗഹൃദ' ഏക ദിന പരമ്പര ഇന്ത്യ നേടിയപ്പോള്‍, രണ്ടു രാജ്യത്തെ കൊടികളുമേന്തി, ലാഹോര്‍ തെരുവുകളില്‍ നൃത്തം ചവിട്ടിയ കഥകളും, നിലനില്‍ക്കുന്നുണ്ട്.


മന്‍മോഹന്‍ സിംഗിന്റെ, പാക് പ്രധാനമാന്ത്രിക്കയുള്ള സ്വീകരണം ഒരു പക്ഷെ ഇന്ന് ചീഞ്ഞുനാറി, അഴിമതിയില്‍ മുങ്ങി, അമേരിക്കന്‍ ധ്രിധരാഷ്ട്രാലിങ്കനത്തില്‍ ചാഞ്ഞു കിടക്കുന്ന 'വീരഘാഥകള്‍' പുറത്തു വിട്ട വിക്കിലീക്സ് വെളിപ്പെടുത്തലുകളുടെയും, പിരിമുറുക്കത്തിന്റെയും, ഇടയില്‍ നിന്നു രക്ഷ നേടാനുള്ള, 'ലൈഫ് ജാക്കട്ടാകുകയും' ചെയ്യാം. പക്ഷെ, അടിവരയിട്ടു പറയേണ്ട ഒരു വസ്തുതയുണ്ട്. ഇരു ടീമുകളുടെയും, 11 വീതം കളിക്കാരുക്ക്, കൂടുതല്‍, ആകംക്ഷകളും, ധര്മാസങ്കടങ്ങളും, കൊടുക്കാതിരുന്നാല്‍ നന്ന്. അതിനെക്കാള്‍ ഉപരി, കളിയെ വെറും, കായിക ഇനമായി, മാത്രം നോക്കി കണ്ടുകൊണ്ടു, അത് കാര്യത്തിലേക്ക്, കടക്കാതിരിക്കാനായി നോക്കേണ്ട കടമയും, ഓരോ യഥാര്‍ത്ഥ ക്രിക്കറ്റ്‌ പ്രേമിക്കുണ്ട്. ഏറ്റവും നന്നായി കളിക്കുന്ന ടീം ജയിച്ചു മുന്നേറട്ടെ; നല്ല ക്രിക്കറ്റ്‌, ഇന്ത്യ-പാക്‌ ഭേദമന്യേ, നമുക്ക് ആസ്വദിക്കാം, അഭിനന്ദിക്കാം. ബെക്കര്‍ പറഞ്ഞത് പോലെ, ആര് ജയിച്ചാലും, തോറ്റാലും, ലോകമൊന്നുമിടിഞ്ഞു വീഴില്ല !!


up
0
dowm

രചിച്ചത്:ആനന്ദ്‌ പി.കെ
തീയതി:12-10-2011 10:40:19 PM
Added by :prakash
വീക്ഷണം:254
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :