ഇന്ത്യയുടെ ലോക കപ്പ്‌ വിജയം  - ഇതരഎഴുത്തുകള്‍

ഇന്ത്യയുടെ ലോക കപ്പ്‌ വിജയം  


അങ്ങനെ നീണ്ട 28 വര്‍ഷത്തെ, കാത്തിരിപ്പിനു ശേഷം, ടീം ഇന്ത്യ ലോക ക്രിക്കറ്റിന്റെ കൊടുമുടിയില്‍, ഒരിക്കല്‍ കൂടി ചുംബിച്ചു. ഏപ്രില്‍ 2, എന്ന തീയതി വരാനിരിക്കുന്ന തലമുറകള്‍ക്ക് ഒരു ചരിത്ര സംഭവവും. നുവാന്‍ കുലസേകരയുടെ പന്തിനെ, ബൌണ്ടറിക്ക് മീതെ പായിച്ചു കൊണ്ട്, ഇന്ത്യന്‍ നായകന്‍, മഹേന്ദ്ര സിംഗ് ധോണി, 1983-ല്‍ കപില്‍ ദേവിന്റെ ചെകുത്താന്മാര്‍ നേടിയെടുത്ത മേധാവിത്വം, ഒരു തനിയാവര്‍ത്തനമാക്കി. 1983-ല്‍ ലോര്‍ഡ്സിലെ ആ ചരിത്ര വിജയം, ഇന്ത്യന്‍ ക്രിക്കറ്റിനു പുതിയ വാതായനങ്ങളാണ് തുറന്നുവിട്ടത്. മുംബൈ വാണ്‍ഖെടെ സ്റ്റേഡിയത്തില്‍, കുറിക്കപ്പെട്ടത് ഒരു മഹായജ്ഞത്തിന്റെ പരിസമാപ്ത്യാണ്. 1983-നു ശേഷം, നടന്ന ആറു ലോക കപ്പിലും, ഇന്ത്യ പല സുപ്രധാന ഘട്ടങ്ങളിലും വഴുതി വീണു. ലോക കുടുമുടിയില്‍, തിരികെ എത്താനുള്ള ഈ വെംബല്ലില്‍, പല വട്ടം കാലിടറിയപ്പോള്‍, പൊലിഞ്ഞത് നൂറു കോടി ജനങ്ങളുടെ സ്വപ്നങ്ങളും, പ്രതീക്ഷകളുമാണ്. അത് കൊണ്ട്, 2011-ലോക കപ്പ്‌ നേടുക എന്ന ഉറച്ച ലക്ഷ്യത്തോടെയുള്ള അശ്വമേധം, പൂര്‍ണ്ണ വിശ്വാസത്തോടെയാണ്, ധോണിയും സംഘവും, തുടങ്ങിവെച്ചത്.

ഗ്രൂപ്പ് ഘട്ടത്തില്‍, ബംഗ്ലാദേശിനെയും, അയര്‍ലന്‍ഡിനെയും, ഓറഞ്ച് പടയാളികളായ ഹോളണ്ടിനെയും, വെസ്റ്റ് ഇന്‍ഡീസിനെയും, കീഴടക്കികൊണ്ട് മുന്നേറിയ ഇന്ത്യ, പക്ഷെ ദക്ഷിണാഫ്രിക്കക്ക് മുന്നില്‍ നിലം പതിച്ചു. നായകന്‍ ആണ്ട്രൂ സ്ട്രോസ്സിന്റെ തകര്‍പ്പന്‍ സെഞ്ച്വറിയുടെ ചിറകിലേറി, വിജയത്തിലേക്ക് ചീറിപാഞ്ഞ ഇംഗ്ലണ്ടിനെ, അവസാന പന്തില്‍ സമനിലയില്‍ കുരുക്കി. പക്ഷെ, ഗ്രൂപ്പ് പോരാട്ടങ്ങളുടെ പല അത്യാസന്ന ഘട്ടങ്ങളിലും ഇന്ത്യക്ക് അടി പതറുന്നതായി കാണപ്പെട്ടു. തങ്ങളുടെ ടീം കോമ്പിനേഷനില്‍, ഒരു പൂര്‍ണത കൈവരിക്കാന്‍, ചില ബുദ്ധിമുട്ടുകള്‍ നേരിട്ടും, ബാറ്റിംഗ് തകര്‍ച്ചകള്‍ ഉള്‍ക്കൊണ്ടും, തങ്ങളുടെ 'അക്കിലിസ് ഹീലായ' ഫീല്‍ഡിങ്ങില്‍ മുങ്ങിപ്പൊങ്ങിയും നീങ്ങിയപ്പോള്‍, 'അതികായെരെന്നും', ടൂര്‍ണമെന്റ് ജയിക്കാനുള്ള ഏറ്റവും കെല്‍പ്പുള്ള ടീം എന്നുമൊക്കെയുള്ള നാമധേയങ്ങള്‍, ചിറകൊടിഞ്ഞു വീഴുമൊ എന്നുള്ള സംശയങ്ങള്‍ മുളച്ചു പൊങ്ങി. മികവുറ്റതും, കറുത്തതുമായ ഒരു ബാറ്റിംഗ് നിരയും കൊണ്ടാണ്, ഇന്ത്യ തങ്ങളുടെ മേധാവിത്വമുറപ്പാക്കാന്‍, ഇറങ്ങി തിരിച്ചത്. ഏഴാം വിക്കറ്റ് വരെ ശക്തരായ ഒരു ബാറ്റിംഗ് നിര, മറ്റു രാജ്യങ്ങല്‍ക്കില്ലായിരുന്നു. ഈ ബാറ്റിംഗ് നിരയാണ്, ബൌളിങ്ങിലെയും, ഫീല്‍ഡിങ്ങിലെയും, പഴുതുകളും, പോരായ്മകളും അടച്ചു, ടീമിന്റെ വിജയസാധ്യതകള്‍ പരമാവധി ഉയര്‍ത്തിയത്‌. പക്ഷെ, ടോസ് നേടി കൂറ്റന്‍ സ്കോറുകള്‍ വാരിക്കൂട്ടിയിട്ടും, ഇംഗ്ലണ്ട് അതിനെ മറികടക്കാന്‍ വാക്ക് വരെയെത്തി. കൂടാതെ, 5 ഓവറുകളുടെ "ബാറ്റിംഗ് പവര്‍പ്ലേ" ഒരു പഴത്തൊലിയായി മാറി. കൂറ്റന്‍ അടികള്‍ക്ക് ശ്രമിച്ചു, മൂന്നും-നാലും വിക്കറ്റുകള്‍ നഷ്ടപ്പെടുന്ന കാഴ്ചയാണ്, ദക്ഷിണാഫ്രിക്കക്കും, വെസ്റ്റ് ഇന്‍ഡീസിനുമെതിരെ നമുക്ക് കാണാന്‍ കഴിഞ്ഞത്. കൂടാതെ, മൂന്നു പേസ്-ഒരു സ്പിന്നര്‍ എന്ന നിരയാണോ, അതൊ രണ്ടു പേസ്-രണ്ടു സ്പിന്നര്‍ എന്ന കൂട്ടുകെട്ടാണോ നല്ലത് എന്ന ചോദ്യം, പല കുറി തെളിഞ്ഞു വന്നു. ആ ഒരു പല്ലവി മുഴുമിക്കാന്‍ കഴിയാതെ കിങ്കര്‍ത്തവ്യത നില കൊണ്ടിട്ടും, അതില്‍ വേവലാതിപ്പെടാതെ ഏറ്റവും അനിവാര്യമായ, സ്ഥിഗതികള്‍ക്ക് അനുസൃതമായ കൂട്ടുകെട്ടാണ് ധോണി തിരഞ്ഞെടുത്തത്. അത് ചില നേര പാളിയെങ്കിലും, 'നോക്ക്-ഔട്ട്‌' ഘട്ടം മുതല്‍ ആ തന്ത്രങ്ങള്‍ ഫലങ്ങള്‍ കൊയ്യാന്‍ തുടങ്ങി. കൂടാതെ, ഫീല്‍ഡിങ്ങിന്റെ നിരവാരമേറെ മെച്ചപ്പെടുത്തി, ഗ്രൗണ്ടില്‍ ഉഴുതു മറിഞ്ഞു, ബൌണ്ടറികള്‍ മാത്രമല്ല വറ്റിച്ചത്, സിംഗിളുകളും പലപ്പോഴായി വരണ്ടു.

സച്ചിന്‍-ഒരു നിത്യ വിസ്മയം:


ഒരു തരത്തില്‍, ഇന്ത്യക്കീ ലോക കപ്പ്‌ ഒരു തിരിച്ചു പിടിക്കല്‍ കൂടിയായിരുന്നു. അവസാനമായി 1983-ല്‍ കപ്പ്‌ നേടി, ഏകദിന ക്രിക്കറ്റിനു പുതിയ മാനങ്ങള്‍ സമ്മാനിച്ചതിന് ശേഷം ഒരു നീണ്ട വിടവായിരുന്നു. ആ ലോക കപ്പിന്നും, ഇന്നത്തെ ദിവസത്തിനുമിടയില്‍ നട്ടെല്ലായി, നെടുംതൂണായി നിലയുറപ്പിച്ച പോരാളിയാണ്, സച്ചിന്‍ ടെന്‍ഡുല്കര്‍. പാകിസ്ഥാനെതിരെ 'തീ കൊണ്ട് മാമോദിസ' മുങ്ങി, 21 കൊല്ലമായി തന്റെ വിസ്മയങ്ങള്‍ക്ക് അവധി നല്‍കാതെ, എന്നും ചലിക്കുന്ന ഒരു നിതാന്ത യന്ത്രം. ആ 'കുരുന്നു പ്രതിഭ' ഇന്നൊരു പ്രതിഭാസമായി മാറിയിരിക്കുന്നു. ബാറ്റിംഗ് റെക്കോര്‍ഡുകള്‍ ഒന്നൊന്നായി കീഴടക്കി മുന്നേറിയപ്പോഴും, ഒരു തീരാ നഷ്ടം എന്നും സച്ചിനെ അലട്ടി കൊണ്ടേയിരുന്നു-ഒരു ലോക ജേതാവായ ടീമിന്റെ ഭാഗമാവാനുള്ള ഭാഗ്യം. 1992 മുതല്‍ ലോക കപ്പ്‌ ടീമുകളില്‍ കളിച്ചു, 5 ടൂര്‍ണമെന്റുകളില്‍, നിരാശ മാത്രം കൈവന്നതിനു ശേഷമാണ്, ഒരവസാന അങ്കത്തിനു സച്ചിന്‍ തന്റെ ആറാം ലോക കപ്പിനിറങ്ങിയത്. ലോക കപ്പുകളിലും, സച്ചിന്റെ ഒറ്റയാന്‍ പോരാട്ടങ്ങള്‍ കണ്ണഞ്ചിപ്പിച്ചു. 1996-ലും, 2003-ലും ഏറ്റവും കൂടുതല്‍ റണ്‍സ്. ഒരു നിശ്ചയദാര്‍ട്യത്തോടെ, ആലോചിച്ചുറപ്പിച്ച മനസ്സോടും കൂടിയാണ്, സച്ചിന്‍ തന്റെ ആറാം പോരാട്ടത്തിനു കളത്തിലിറങ്ങിയത്. അവസാനം 2 സെഞ്ചുറിയും, രണ്ടു അര്‍ദ്ധ-സെഞ്ചുറികളോടും കൂടിയാണ്, സച്ചിന്‍ ഫൈനല്‍ മത്സരത്തില്‍ പ്രവേശിച്ചത്‌. ഫൈനലില്‍ ലസിത് മലിംഗയുടെ, ഔട്ട്‌-സ്വിന്ഗ്രിലൂടെ, വിക്കറ്റിനു പിന്നില്‍, സംഗക്കാരക്ക് ക്യാച് നല്‍കി 18 റണ്‍സിന് പുറത്താകുമ്പോള്‍, ഒരു പക്ഷെ തന്റെ അവസാന ലോക കപ്പില്‍, കൊടുമുടിയിലെത്താന്‍ കഴിയുമോ എന്ന് കൂടി സച്ചിന്‍ സംശയിചിട്ടുണ്ടാകണം. പക്ഷെ, 21 വര്‍ഷമായി, നിസ്വാര്‍ത്ഥതയോടെ പോരാടുന്ന, പടയാളിക്കായി, ടീമിലെ മറ്റു 14 പേരും സമ്മാനം നല്‍കാന്‍ തിരുമാനിക്കുകയായിരുന്നു. ഗൌതം ഗംഭീറും, ക്യാപ്റ്റന്‍ ധോണിയും, യുവരാജും, കൊഹലിയും, സഹീര്‍ ഖാനും, ഹര്‍ഭജന്‍ സിങ്ങുമെല്ലാം, ലോക കപ്പ്‌ സച്ചിന് നേടിക്കൊടുക്കാന്‍ കച്ചമുര്രുക്കുകയും ചെയ്തു. ശ്രീലങ്കയുടെ സ്കോറിനെ മാറി കടന്നു, 275 എന്ന ലക്ഷ്യം നേടാന്‍ ഗംഭീറും, ധോണിയും, കോഹ്ലിയും നടത്തിയ പ്രായണത്തിലൂടെ ഇന്ത്യ ലോകത്തിന്റെ നെറകിലെത്തിയപ്പോള്‍, സച്ചിന്റെ ജീവിതാഭിലാഷം സഫലീകരിക്കപ്പെടുകയായിരുന്നു. താന്‍ ജനിച്ച്, കളി പഠിച്ചു, ചെറുപ്പത്തിന്റെ സിംഹഭാഗവും ചെലവഴിച്ച, മുംബൈ മണ്ണില്‍, ഒരു ലോക കപ്പ്‌ ജയം. ലോക കപ്പ്‌' വിജയത്തിന് ശേഷം സച്ചിനെ തോളിലേറ്റി ടീമിലെ യുവ തുര്‍ക്കികള്‍ സ്റ്റേഡിയം വലംവെച്ചു. അതിന്റെ ഒരു രസതന്ത്രം സഞ്ജയ്‌ മഞ്ജരേക്കര്‍ വിരാട്ട് കൊഹ്ലിയില്‍ നിന്നും തിരക്കിയപ്പോള്‍, "നീണ്ട 21 വര്‍ഷം നാടിന്‍റെ പ്രതീക്ഷകളുടെയും, സ്വപ്നങ്ങളുടെയും ഭാരമേന്തിയ ഒരു ധീര പോരാളിയാണ് സച്ചിന്‍. അങ്ങനെയുള്ള ആ പോരാളിയെ കുറച്ചു നേരത്തേക്ക് തങ്ങള്‍ തോളില്‍ എത്തിയപ്പോള്‍, അതൊരു കടംതീര്‍ക്കല്‍ കൂടിയാകുന്നു". ഇതില്‍ കൂടുതല്‍, എന്ത് വാക്കുകളാണ് സച്ചിന്‍ എന്ന മഹാപ്രതിഭയെ കുറിച്ച് പറയാന്‍ വേണ്ടത്!! ഇനിയും പല അങ്കങ്ങള്‍ക്കും തയ്യാറാകുമ്പോഴും, നേടാനുള്ള കൊടുമുടികളുടെ ദൂരം പതിന്മടങ്ങാക്കുകയും ചെയ്യുമ്പോഴും, സച്ചിന്‍ ഏപ്രില്‍-2 എന്ന സുവര്‍ണ്ണ തീയതിയെ, എന്നും നെഞ്ചില്‍ സൂക്ഷിക്കും.

കൂറ്റന്‍ സ്കോറ്കള്‍ക്ക് അതിവേഗം അസ്ഥിവാരമിട്ട സെഹവാഗ്, നേടുംതൂണായ ഗംഭീര്‍, ചെറുപ്പമാണെകിലും മനക്കരുത്തില്‍ അരക്കിട്ടുറപ്പിച്ച കൊഹലി, മുന്നൂറിലേറെ റണ്‍സും, തന്റെ ത്വരിതമായ ശൈലിയില്‍, ഇടം കൈയ്യന്‍ സ്പിന്നിലൂടെ 13 വിക്കറ്റുകള്‍, യുവരാജ് സിങ്ങു (ടൂര്‍ണമെന്റില്‍ 4 'മാന്‍ ഓഫ് ദി മാച്ച്' പുരസ്കാരങ്ങള്‍ ജയിച്ച ശേഷം, യുവി മൊത്തം ടൂര്‍ണമെന്റിലെ താരമായി), ഉശിരന്‍ ഫീല്‍ഡിങ്ങും, വാലട്ടതിനു മുന്‍പ് ഊക്കം നല്‍കുന്ന റൈന, സിദ്ധിയോടെ ബൌളിങ്ങിന്റെ കുന്തമുനയായി, പുതിയ പന്തും, പഴയ പന്തും, വ്യവസ്ഥാപന രൂപമായും, മറിച്ചും, സ്വിങ്ങു ചെയ്യാന്‍ കഴിവുള്ള, പേസ് നിരയില്‍, സ്ട്രൈക്കരായ സഹീര്‍ ഖാന്‍, ഓഫ്‌-സ്പിന്‍ താരം ഹര്‍ഭജന്‍, ഇടവും-വലവും പേസ് ബൌളര്‍മാരായ മുനാഫും, നെഹ്രയും എല്ലാം തങ്ങളുടെ വേഷങ്ങളില്‍ വേണ്ടുവോളം നിറഞ്ഞു കളിച്ചു. രണ്ടു പ്രാവശ്യം മാത്രം അവസരം ലഭിച്ച വലം കൈയ്യന്‍ ഓഫ്‌-സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിന്‍, മങ്ങി പോയെങ്കിലും ടീമിന്റെ ഭാഗമായ യൂസുഫ് പത്താന്‍, പിയുഷ് ചാവ്ല, കേരളത്തിന്റെ സ്വന്തം താരമായ ശ്രീശാന്ത്‌........എല്ലാവരും കിണഞ്ഞു ശ്രമിച്ചു. ഈ പതിനാലു പേരെയും, കഴിവോടെയും, ദീര്‍ഘ വീക്ഷണത്തോടെയും, തന്ത്രങ്ങള്‍ നെയ്തെടുത്തും, അവ നടപ്പിലാക്കിയും, നയിച്ച നായകന്‍ മഹേന്ദ്ര സിംഗ് ധോണി. ഇതാണ്, ഇന്ത്യ ടീമിന്റെ വിജയ രഹസ്യം.

പക്ഷെ, വെറും പതിനഞ്ചു പേര്‍ ഒത്തുചേര്‍ന്നത് കൊണ്ട് മാത്രമായില്ല. ശരിയായ നിര്‍ദേശങ്ങളും, കാഴ്ചപാടും, തന്ത്രങ്ങളും കൂടിച്ചേര്‍ന്നാല്‍ മാത്രമേ ഒരു ടീമിന് മുന്നേറാന്‍ സാധിക്കുകയുള്ളൂ. അതാണ്‌, ഗാരി കിര്‍സ്റെന്‍ എന്നാ പരിശീലകനിലൂടെ, ഇന്ത്യക്ക് ലഭിച്ചത്. സാഹചര്യങ്ങളെ വേണ്ട വിധം മനസ്സിലാക്കി, അതിനോട് മല്ലിടിച്ചു, പറന്നുയരാനുള്ള, യുക്തിയും, മന്ത്രങ്ങളുമാണ്, കിര്‍സ്റെന്‍ ഇന്ത്യന്‍ ടീമിന് പകര്‍ന്നു നല്‍കിയത്. കിര്‍സ്റെനെ സഹായിക്കുന്ന പാടി അപ്ടന്‍ എന്ന അസിസ്റ്റന്റ്‌ കോച്ചും, പിന്നെ ബൌളിംഗ് പരിശീലകനായ എറിക് സിമ്മന്സുമെല്ലാം തന്നെ ഈ ഐതിഹാസിക ജയത്തിന്റെ തുല്യ പങ്കാളികളാണ്.


സമ്മര്‍ദ്ദത്തിനു മീതെ പറക്കുന്നവര്‍:


ലോക കപ്പു പോലെയുള്ള, തീക്ഷ്ണമായ കളിയരങ്ങുകളില്‍, സമ്മര്‍ദ്ദം എന്നും ഒരു ഒഴിച്ച് കൂടാനാകാത്ത ഘടകമാണ്. കായിക പോരാട്ടങ്ങള്‍ വെറും മൈതാനത്തില്‍ മാത്രമല്ല അരങ്ങേറുന്നത്. വലിയൊരു ഭാഗവും, മനസ്സിന്റെ ഒരു പോരാട്ടം കൂടിയാണത്. സമ്മര്‍ദത്തെ ഏറ്റവും നന്നായി പ്രതിയോഗിച്ചു, വിജയം കൈ വരിക്കുന്ന നൂതന തന്ത്രം. അവിടെയാണ് പലപ്പോഴും, കളി നിയന്ത്രിക്കപ്പെടുന്നത്. തീയില്‍ കുരുക്കുന്ന, യഥാര്‍ത്ഥ ഇരുമ്പിനെ പോലെയുള്ള മനക്കട്ടി. ഞെരുങ്ങുന്ന മത്സരങ്ങളില്‍, ഈ സമ്മര്‍ദത്തിനു കീഴടങ്ങാത്ത ടീമുകളാണ്, പലപ്പോഴും മറു കരയിലെത്തുന്നത്. ഈ ലോക കപ്പിലും, അതിനു മുന്‍പും, ഇന്ത്യക്ക്, സമ്മര്‍ദത്തിനു മേല്‍ ആധിപത്യമുറപ്പിക്കാന്‍ പല വട്ടം കഴിഞ്ഞിട്ടുണ്ട്. സ്വന്തം കഴിവുകളില്‍ ഉറച്ച ആത്മവിശ്വാസവും, ഇതു സാഹചര്യവും മറികടക്കാം എന്നുള്ള ബോധവുമുണ്ടെങ്കില്‍, ഏതു വന്മാരങ്ങളെയും കടപുഴക്കാം എന്ന സങ്കല്‍പ്പമാണ്, ധോണി-കിര്‍സ്റെന്‍ കൂട്ടുകെട്ടില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം പ്രകടിപ്പിച്ചു കൊണ്ടിരിക്കുന്നത്. അതിന്റെ ഫലങ്ങള്‍ വിദേശ മണ്ണില്‍ ടെസ്റ്റ്‌ ജയങ്ങള്‍, ഏകദിന പ്രകടങ്ങള്‍ എന്നിവയില്‍ കഴിഞ്ഞ കുറച്ചു സമയമായി കാണപെടുകയും ചെയ്യുന്നുണ്ട്. സമ്മര്‍ദത്തെ സ്പോണ്‍ജു പോലെ ഒപ്പിയെടുക്കാനുള്ള മനക്കരുത്താണ് ലോക കപ്പിന്റെ 'നോക്ക്-ഔട്ട്‌' റൌണ്ടിലെ മൂന്നു സുപ്രധാന മത്സരങ്ങളിലും പ്രകടമായത്. ക്വാര്‍ടറില്‍ ഓസ്ട്രേലിയക്കെതിരെ 260 ഓളം റണ്‍സിന്റെ ലക്ഷ്യം പിന്തുടര്‍ന്ന് നേടിയപ്പോഴും, പാകിസ്ഥാനെതിരെ കടുത്ത സെമിയില്‍, 260 റണ്‍സ് പ്രതിരോധിച്ചു, 10 വിക്കറ്റുകള്‍ വീഴ്ത്തിയതും, ഇതിന്റെ ഭാഗമാണ്. വിധി നിര്‍ണയിക്കുന്ന ഫൈനലില്‍ ഒരിക്കല്‍ കൂടി, തുടക്ക വിക്കറ്റുകള്‍ നഷ്ടപ്പെട്ടിട്ടും, 275 എന്ന ലക്ഷ്യം നേടിയെടുത്തു, മനക്കരുത്തും വിശ്വാസവും, ഇന്ത്യയെ പടിപ്പടിയായി മുകളിലേക്കുയര്‍ത്തി. അങ്ങനെ മാനസിക പ്രകേതത്തിലും, ടീം ഇന്ത്യ മുന്‍പന്തിയിലായി.


കായിക വിജയങ്ങള്‍ക്ക് ഒരു transcendental-എഫ്ഫക്റ്റ്‌ എന്നുമുണ്ടായിട്ടുണ്ട്. പലപ്പോഴും, ജീവിത സാഹചര്യങ്ങള്‍ സങ്കീര്‍ണമായ, വറുതി കൊണ്ട് പൊറുതി മുട്ടുന്ന ഒരു ജനതയ്ക്ക്, ഒരു താല്‍ക്കാലിക ആശ്വാസമാണ് കായിക വിജയങ്ങള്‍. പലപ്പോഴും ഒളിമ്പിക് മെഡലുകള്‍ നേടുമ്പോഴും, ലോക കപ്പ്‌ കിരീടങ്ങള്‍ ചൂടുമ്പോഴും, ഈ മാസ്മരിക ശക്തി ഉയര്‍ന്നു വന്നിട്ടുമുണ്ട്. പട്ടിണിയും, ദുരിതവും കളമാടുമ്പോഴും, ദൈനന്ദിന ജീവിത സമരങ്ങളില്‍ മല്ലിടിക്കുമ്പോഴും, മഹത്തായ കായിക വിജയങ്ങള്‍, ജനലക്ഷങ്ങളെ അല്പ്പനെരത്തെക്കെങ്കിലും, ഒരു മാസ്മരികാനുഭൂതി നല്‍കിക്കൊണ്ട്, ഒരു ഉയര്തെഴുനെല്പ്പിനു ആക്കം കൂട്ടുകയും ചെയ്യാറുണ്ട്. 2006-ല ലോക കപ്പ്‌ ഫുട്ബോള്‍ കിരീടം നേടുമ്പോള്‍, ഇറ്റലിയുടെ ആഭ്യന്തര ഫുട്ബോള്‍ മേഖല തകര്‍ച്ചയുടെ വക്കിലായിരുന്നു. അഴിമതിയും, വാതു വെപ്പും മറ്റും കൊണ്ട്, പല പേരെടുത്ത ക്ലബ്ബുകളും കരിനിഴലില്‍ കഴിയുകയായിരുന്ന ഇത്തരമൊരു സാഹചര്യത്തിലാണ്, കാന്നവാരോയുടെ നേതൃത്വത്തില്‍ ലോക കപ്പ്‌ സ്വന്തമാക്കുന്നത്. നൂറ്റിയിരുപതു കോടി ജനങ്ങളുടെ സ്വപ്നങ്ങളെയും, ആകാംക്ഷകളെയും ചിറകിലേറ്റി ധോണിയും സംഘവും നേടിയെടുത്തതും ആ ഒരു മാസ്മരികാനുഭൂതിയാണ്. ജനാഭിലാഷവും, ഒരു രാജ്യത്തിന്റെ അഭിമാന ചരിത്ര വേളയും, ലോകം കീഴടക്കിയ ഒരു സംഘത്തിന്റെ മൊത്തത്തില്ലുള്ള ഒരു പ്രാതിനിധ്യ സ്വഭാവവും എല്ലാം ഗണിച്ചു നോക്കുമ്പോള്‍, 2011 ക്രിക്കറ്റ് ലോക കപ്പ്‌ വിജയം, ഒരു തരം 'release'(മുക്തി) അനുഭവമാണ് പ്രധാനം ചെയ്യുന്നത്. അടിപൊളി ഗ്ലാമറിന്റെ കണ്ണഞ്ചിപിക്കുന്ന, ട്വന്റി-ട്വന്റി ലോകം, ഏകദിന 50-ഓവര്‍ ക്രിക്കറ്റിനു മരണമൊഴി മുഴകിയിട്ടും, ചരമകുറിപ്പുകള്‍ എഴുതിയിട്ടും, ആ 'മായാ ലോകം' വിജയം കണ്ടില്ല. 50 ഓവര്‍, ക്രിക്കറ്റിനു ഇനിയും ജീവനുണ്ടെന്നും, കളിയുടെ മൂന്ന് തരം മേഖലകളും, കുറച്ചു കൂടെ ആസൂത്രണങ്ങളോടെയും, വ്യവസ്ഥയോടെയും നിലനില്‍ക്കാം എന്നും അരക്കിട്ടുറപ്പിക്കപെടുകയായിരുന്നു, ഈ ലോക കപ്പില്‍.

അങ്ങനെ ദേശീയത ഒരു പുതിയ മാനം കണ്ടെത്തുന്നു. എന്നാല്‍ സ്ഥാപിത താല്‍പ്പര്യങ്ങളും, വിപണിയുടെ മൂല്യ-വ്യവസ്ഥകളും, ഈ വിജയത്തിന് പുതിയ ലക്ഷ്യങ്ങളാണ് കല്‍പ്പിക്കുന്നത്. ലോക കപ്പ്‌ ജയത്തോടെ ഇന്ത്യന്‍ ടീമിന്റെ 'ബ്രാന്‍ഡ് വാല്യു' പതിന്മടങ്ങ്‌ വര്‍ധിക്കുമ്പോള്‍, അതിനെയെങ്ങനെ പരമാവധി ചൂഷണം ചെയ്തു, പ്രയോജനപ്പെട്ടുത്താം എന്നും ഇത്തരം സ്ഥാപിത താല്പ്പര്യങ്ങലുള്ള ശക്തികള്‍ ആര്‍ജവത്തോടെ ആലോചിച്ചു, കച്ചകെട്ടി ഇറങ്ങുന്നുമുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ്, മാധ്യമങ്ങളുടെയും, വിപണിയുടെയും നീക്ക്-പോക്കുകള്‍. അങ്ങനെ വരുമ്പോള്‍, പല വട്ടം ദേശീയത ബലാല്‍ക്കാരമായി, കുത്തിനിറച്ചു, ആരാധകരെ തരം തിരിച്ചു കാണിക്കുന്ന ഒരു വ്യവസ്ഥയും അരങ്ങത്തുണ്ട്‌. ഈ നൂലാ-മാലയിലൂടെയാണ് പുരോഗമന ചിന്താഗതിയെ തിരിച്ചുവിട്ടു, കായിക വിജയങ്ങളെയും, പോരാട്ടങ്ങളെയും, അതിരു കവിയാതെ കാക്കേണ്ട ഒരു പൊതു താല്‍പ്പര്യം, സൌഹാര്‍ദത്തിനായും, മത മൈത്രിക്കായും നില നില്‍ക്കുന്നത്. അതുപ്പോലെ തന്നെ ഓരോ കായിക-ക്രിക്കറ്റ് ആരാധകനും-ആസ്വാദകനും, ആഗ്രഹിക്കുന്നതും, ആവശ്യപ്പെടുന്നതും മറ്റൊന്നുമല്ല.


up
0
dowm

രചിച്ചത്:ആനന്ദ്‌ പി.കെ
തീയതി:12-10-2011 10:49:10 PM
Added by :prakash
വീക്ഷണം:221
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :