പൊന്‍പുലരി - മലയാളകവിതകള്‍

പൊന്‍പുലരി 


നിറയുന്നു മധുരമാം നാരായണീയവും
നിറവാര്‍ന്ന ജ്ഞാനമാം പൂന്താനപ്പാനയും
എത്തീ പുലര്‍കാലമെന്നറിയിച്ചുകൊ-
ണ്ടെങ്ങോ മുഴങ്ങുന്നു ശംഖൊലി നാദവും

പൂവന്‍റെ 'കൊക്കരക്കോ' യെന്നുണര്‍ത്തുപാ-
ട്ടെവിടെയോ ദൂരെയായ് കേള്‍ക്കാന്‍ തുടങ്ങവേ
പതിയെയുയരുന്നു പള്ളിയില്‍ നിന്നുമാ
പതിവു തെറ്റാതുള്ള ബാങ്കുവിളികളും

ചെറിയോരു മടിയോടെ നിദ്രയെക്കൈവിട്ട്
ചെന്നു ജനാലകള്‍ മെല്ലെത്തുറക്കവേ
ചക്രവാളത്തിന്‍ കിഴക്കേയതിരിലായ്
ചോരച്ചുവപ്പു തെളിയുന്നു മെല്ലവേ!

സുന്ദരമായൊരാക്കാഴ്ചയില്‍ മുഴുകവേ
സ്വര്‍ണ്ണവര്‍ണ്ണം തെളിയുന്നിതാ വാനിലായ്
സ്വര്‍ണ്ണക്കുളത്തില്‍ കുളിച്ചെഴുന്നെള്ളുന്ന
സൂര്യദേവന്‍ ഹാ! മനോഹരം മോഹനം!

പാറിപ്പറക്കുന്നു വിണ്ണിലെ മാരിവില്‍-
നിറമാര്‍ന്ന ശലഭങ്ങള്‍ ഭംഗിയോടെങ്ങുമേ
സുപ്രഭാതം പറഞ്ഞെങ്ങോ പറന്നു പോയ്
സുന്ദരിമാരാം കിളികളും കൂട്ടമായ്

കളകളനാദം മുഴക്കിയൊഴുകുന്നു
പുലര്‍കാലവന്ദനമോതും പുഴകളും
സുഖനിദ്ര വിട്ടുണര്‍ന്നെഴുന്നേറ്റു ധരണിയും
സൂര്യനാം കാന്തനാല്‍ പുല്‍കപ്പെടുന്നിതാ

തൂമഞ്ഞുതുള്ളികള്‍ മുത്തായ്ത്തിളങ്ങുന്നു
തുമ്പികള്‍ മുത്തുന്നു മുഗ്ദ്ധമാം പൂക്കളെ
മാരനാം സൂര്യനെക്കണികാണ്മതിന്നായി-
മിഴി തുറക്കുന്നിതാ താമരപ്പൂക്കളും!

എങ്ങും പരക്കുന്നു സൂര്യന്‍റെ പൊന്‍ പ്രഭ-
യെങ്ങുമുണരുന്നു ജീവന്‍റെ ശക്തിയും
കാലങ്ങള്‍ മാറിടും ദേശങ്ങള്‍ മാറിടു-
മെന്നാലൊരിക്കലും മാറില്ലിതൊന്നുമേ!!!


up
0
dowm

രചിച്ചത്:സാജന്‍ എം എ
തീയതി:26-09-2016 11:12:51 PM
Added by :സാജന്‍ എം. എ
വീക്ഷണം:377
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :