ആഗ്നേയം - മലയാളകവിതകള്‍

ആഗ്നേയം 

ആഗ്നേയം
(ശ്രീകുമാർ പഴേടത്ത്)

ഇനിയുമെത്രയോ കാതം നടക്കണം
ഇതുവരെപ്പോന്ന ദൂരം മറക്കണം
ഇതുവരെപ്പോന്ന ദൂരം മറന്നുകൊ
ണ്ടിനിയുമെത്രയോ കാലംനടക്കണം!
വ്രണിതപാദങ്ങൾ വേച്ചുംവിറച്ചുംകൊ-
ണ്ടടവിപാതകൾതോറും നിരന്തരം,
മന്തു ചിന്തയിൽ, മറ്റൊന്നുവാക്കിലും
പേറിക്ലേശിച്ചു യാത്രഞാനിപ്പൊഴും
അതിവിചിത്രമീ യാത്രയിൽ കൂട്ടിനെൻ
കയ്യിലന്യന്റെ പാഥേയപൊക്കണം

ഏതൊരാഗ്നേയപത്തനം തന്നിൽഞാ-
നിങ്ങകപ്പെട്ടു ജ്വാലാമുഖങ്ങളിൽ?
ഇടമുറിയാത്തൊരീക്കനൽമാരിയി-
ലിടറിടാതെയെൻ കാലുകൾ, മാനസം,
ശിരസിലേറ്റിയ ഭാണ്ഡത്തിലഗ്നിതൻ
നാവണയാതെ കയ്യാൽപൊതിഞ്ഞുഞാൻ,
അലറിയെത്തുന്ന ദാവാഗ്നിയത്രയും
അവഗണിച്ചൊരേയാത്രയാണിപ്പൊഴും!

എങ്ങകപ്പെട്ടുഞാനെന്നുനോക്കവേ,
കാണ്മതൊക്കെയും കാരമുൾക്കാടുകൾ
ഇറ്റിളയ്ക്കുവാനായ് തണൽതേടവേ,
ഇലപൊഴിക്കുന്നു നീർമഴക്കാടുകൾ
ദാഹശാന്തിക്കു നീർതിരഞ്ഞീടവേ
ചുരവലിക്കുന്നു കാനനച്ചോലകൾ
ഇരുളകറ്റുവാൻ ദീപംതെളിക്കവേ
ആർത്തുതുള്ളുന്നു നീളൻനിഴലുകൾ!
വ്യഥമറന്നൊന്നു പാടാൻതുടങ്ങിയാ-
ലതിൽമുഴങ്ങുന്നു,ശോകം പ്രകാമമായ്..
ഒന്നുറങ്ങുവാൻ കണ്ണടയ്ക്കുമ്പൊളുൾ-
ക്കണ്ണിലാടുന്നു പേക്കിനാപ്പാമ്പുകൾ!

ഇനിയുമെത്രയോ കാതം നടക്കണം
ഇതുവരെപ്പോന്ന ദൂരം മറക്കണം
ഇതുവരെപ്പോന്ന ദൂരം മറന്നുകൊ
ണ്ടിനിയുമെത്രയോ കാലം നടക്കണം!

പശ്ചിമാംബരം ചെന്നിറം ചാർത്തുമാ
വ്യഥിതമാർത്താണ്ഡബിംബം പൊലിയവേ,
ഇരുളുടയാട നീർത്തുന്ന നേരമാ-
യിരതിരഞ്ഞെത്തുമെങ്ങും നിശാചരർ
ഇരുളുപുഷ്പിച്ച മിന്നാമിനുങ്ങുകൾ
കരളുകത്തുന്ന വെട്ടവുംകാട്ടിയെൻ
മാർഗദർശനം ചെയ്യുന്നു- 'വീണ്ടുമീ
വഴി വരുക'യെന്നോതുന്നു ഗദ്ഗദം
വീഥികൾ നീണ്ട വാലിലുയർന്നുഫൂൽ-
ക്കാരമോടെന്നെനോക്കുന്നു നാഗമായ്

ചിരപരിചിതമല്ലാത്ത വീഥികൾ
വ്യതിചലിക്കുവാനാകാത്ത രീതികൾ

വിടപറയുവാൻ നേരമിന്നെന്തിനോ
കനലെരിയുന്നു വാക്കിൻപൊരുൾകളിൽ
സ്വരമിടറുന്നു യാത്രാമൊഴികളിൽ
പരിതപിക്കുന്നു ചിന്തകൾ മൂകമായ്
സഹജർ മാർദവവാക്കിനാൽ സാന്ത്വന-
ശലഭപക്ഷങ്ങൾ വീശുന്നുമന്ദമായ്
'ഈയൊരുദിനം നിന്റേതുമാത്രമാ'-
ണില വകഞ്ഞെത്തിയോതുന്നു കാറ്റുകൾ
വിളറിനില്ക്കുമെൻ മാനസച്ചില്ലയിൽ
ചിറകൊതുക്കുന്നു സാന്ത്വനപ്രാവുകൾ!
കഴുമരങ്ങൾതൻ പിന്നിലൂടെന്നപോ-
ലിഴഞൊറിഞ്ഞെത്തുമോർമ്മകൾ നിഷ്ഠുരം
ഇനിയുമീവണ്ണമെത്തുവാനെത്രയോ
വെള്ളിയാഴ്ചകൾ ശോകാന്തസന്ധ്യകൾ!

ഇനിയുമെത്രയോ കാതം നടക്കണം
ഇതുവരെപ്പോന്ന ദൂരം മറക്കണം
ഇതുവരെപ്പോന്ന ദൂരം മറന്നുകൊ
ണ്ടിനിയുമെത്രയോ കാലം നടക്കണം!

******


up
1
dowm

രചിച്ചത്:
തീയതി:23-10-2016 10:16:23 PM
Added by :sreekumar pazhedath
വീക്ഷണം:148
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me