എന്‍റെ കേരളം  എത്ര സുന്ദരം (?) - മലയാളകവിതകള്‍

എന്‍റെ കേരളം എത്ര സുന്ദരം (?) 



പച്ച വിരിച്ചൊരാ സഹ്യന്‍റെ കൈകളാല്‍
ചുറ്റും പുതപ്പു പുതച്ചതീ കേരളം
തെക്ക് വടക്ക് കിഴക്ക് പടിഞ്ഞാറും
വ്യത്യസ്ത സംസ്കാരം കൊള്ളുന്ന കേരളം

കണ്ണാടി നോക്കാന്‍ പെരിയാറും പമ്പയും
വള്ളം കളിക്കാന്‍ പരപ്പുള്ള കായലും
അലകളാല്‍ തീരംതല്ലുമറബിക്കടലും
സമ്പദ്സമൃദ്ധവൈവിധ്യമീ കേരളം

കൊഞ്ചും മൊഴിയാല്‍ കിളിപ്പാട്ട് ചൊല്ലിച്ച
തുഞ്ചത്തെഴുത്തച്ഛന്‍ വാണൊരു കേരളം
ആട്ടകഥചൊല്ലി കഥകളിയാടിച്ച
തുള്ളലാലെന്നുമേ ഹാസ്യം കൊഴുപ്പിച്ച

മോഹനടനത്താല്‍ മോഹിനിയാടിയ
ഹരിത മോഹന നടനം കേരളം
ആതിരച്ചേലാല്‍ ധനുവിനെ മോഹിച്ച -
കൈകൊട്ടിപാട്ടാല്‍ രസിക്കുന്ന കേരളം

നിളപുളിനത്തില്‍ മാമാങ്കമാടിയ,
തഞ്ചത്തില്‍ പോരാടിയ വീരന്‍റെ നാടിതു
തൃപ്പടിദാനത്താല്‍ കൈവല്യം സിദ്ധിച്ച
പെരുമാള്‍ പെരുമയില്‍ മുങ്ങിയ നാടിതു

തെയ്യവും കോലവും തിറകളുമാടിയ
ഉത്സവക്കാഴ്ചയില്‍ തിളങ്ങുന്നു കേരളം
ദൈവത്തിന്‍നാടായി മാറിയ കേരളം
ധീര വീരന്മാര്‍ വാണിരുന്നൊരുഭൂവിത്

ഇന്നെന്റെ കേരളമെങ്ങോ അധ:പതി-
ച്ചാരോപണിതകശാപ്പുകത്തി കയ്യില്‍
അലക്കി വെളുപ്പിച്ച വെണ്‍ചിരി കൊണ്ടവര്‍
കൊല്ലുന്നു,വില്‍ക്കുന്നു,കേരളത്തനിമയെ .


up
0
dowm

രചിച്ചത്:പ്രിയ ഉദയന്‍
തീയതി:02-11-2016 01:52:22 PM
Added by :Priya Udayan
വീക്ഷണം:286
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :