നിലാവ് - തത്ത്വചിന്തകവിതകള്‍

നിലാവ് 

പണ്ടൊരു ഞാറ്റുവേല മിഥുനം പകുതിയില്‍
കൊണ്ടുവന്നു ഞാനെങ്ങുന്നോ കുത്തിയ തൈച്ചെമ്പകം,
വളര്‍ന്നൂ പരിമളം വിടര്‍ത്തും സൂനങ്ങളെ,
വിളിച്ചു കാണിക്കട്ടെ ഞാനെന്റെ കിടാങ്ങളെ.
കുയിലും, കുഞ്ഞിപ്രാവും കൂകിയും കുറുകിയും
വെയില്‍ കായുവാനെന്നൂമിരിപ്പൂ ചെമ്പകത്തില്‍!
വിടര്‍ന്ന പൂക്കള്‍ കണ്ടിട്ടാനന്ദം വഴിയുമെന്‍
വിടര്‍ന്ന കണ്ണില്‍ കണ്ടേനായിരം പൊന്‍ചെമ്പകം!
മാനത്ത് തെന്നിപ്പായും പൂര്‍ണ്ണേന്ദു പകര്‍ന്നൊരാ,
പാല്‍നിലാവോണക്കോടി പുതച്ചൂ തൈച്ചെമ്പകം!
പൊന്‍നിലാവത്ത് പൂക്കും പൂക്കളോ, പൂര്‍ണ്ണേന്ദുവോ
ചന്ദ്രികാ വസന്തത്തില്‍ ചെമ്പകമലരുകള്‍!
പുല്‍ക്കൊടി കാണുമ്പോഴും, തൂമഞ്ഞു വീഴുമ്പോഴും
കല്പിതമാവാറുള്ളെന്‍ ചിന്തകളേറെക്കാലം
പിറകോട്ടേതോ പൊന്നിന്‍ ചിങ്ങമാസത്തില്‍ വന്നു
വിടരും പൂക്കള്‍ കണ്ണില്‍ പടരുന്നോണക്കാലം
ഭാവനപ്പൂങ്കാവനം നിറയെപ്പൂക്കള്‍ ഓണ-
പ്പാട്ടുകള്‍, വള്ളംകളി, തുമ്പിതുള്ളലിന്‍ മേളം
ഇന്നിപ്പൊന്‍ നിലാവത്ത് കണ്ണില്‍നിന്നൊരു തുള്ളി
ക്കണ്ണുനീര്‍ വീഴാന്‍ മാത്രം അന്നത്തെയോണക്കാലം?
ഓണത്തിനുത്രാടത്തില്‍ പൂനിലാപ്രഭയെങ്ങും
പാരിടം മുഴുവനും പാല്‍ശോഭ വിരിയിക്കെ,
രാഹുലെന്‍ കാതോരമായ് ചൊല്ലി'യച്ഛാ നാളത്തെ
ഓണം ഞാന്‍ കൊള്ളാമച്ഛന്‍ വേണമെന്‍ കൂടെത്തന്നെ'
പെട്ടെന്ന് കെട്ടിപ്പിടിച്ചുറങ്ങീ മകനെന്റെ
താരാട്ടും പാട്ടുംകേട്ടുകേട്ടാവാമുറങ്ങട്ടെ!
ഉറങ്ങാന്‍ നേരമവന്‍ പറഞ്ഞൂ 'പനിയാണെനി
ക്കുറങ്ങിയുണരുമ്പോള്‍ മാറിടൂം സാരമില്ല'
വിടരൂന്നോണപ്രഭാതത്തിനെ വരവേല്‍ക്കാന്‍
പുലരേ പൂങ്കോഴികള്‍ കൂവുന്നു ദൂരേനിന്നും.
കുട്ടികളൊരുപറ്റം മാബലിമന്നന്‍ വേഷം
കെട്ടിയെന്‍ വീട്ടില്‍ വന്നിട്ടോണപ്ലാട്ടുകള്‍ പാടി.
'നേരമിതോണംകൊള്ളാന്‍ നേരമായെഴുന്നേല്‍ക്കൂ
രാഹുലേ' വിളിച്ചപ്പോള്‍ മിണ്ടിയില്ലെന്‍ കണ്‍മണി?
വാരിഞാനെടുത്തിട്ടു ചൊരിഞ്ഞൂ മൂര്‍ദ്ധാവിലാ-
യായിരം പൊന്നുമ്മകള്‍ മരിച്ചുപോയെന്‍ രാഹുലും!
മനസ്‌സില്‍ നിന്നൊട്ടും മായുന്നില്ലവന്‍ മുഖമൊരു
മുഴുത്ത പൊന്നമ്പിളിവട്ടം പോലിരിക്കുന്നു!
അന്നുതിങ്കളിന്‍മുഖം ചൂടിയ നിലാവേ നീ
നൊമ്പര സ്വപ്‌നങ്ങളെ തഴുകിയുണര്‍ത്തല്ലെ.
പിന്‍വാങ്ങുകവേഗം ഇന്നിപ്പൊന്നോണനാളില്‍
ചെമ്പകനിലാവില്‍ ഞാനിത്തിരി മുഴുകട്ടെ!!


up
0
dowm

രചിച്ചത്:നീലീശ്വരം സദാശിവൻകുഞ്ഞി
തീയതി:19-11-2016 04:26:16 PM
Added by :Neeleeswaram Sadasivankunji
വീക്ഷണം:165
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :