കലണ്ടര്‍ (കവിത )
കാലത്തെ കരുതിയിരിക്കുന്നവര്‍
കലണ്ടറിനെ പരിപാലിക്കുന്നവരാകണം
അതിന്‍റെ
ഇടതുഭാഗത്ത്
ഇന്നലെകളില്‍ ഉപേക്ഷിച്ചതും,
വലതു ഭാഗത്ത്
നാളെയുടെ ഈടുവെപ്പുകളുടെയും
സംഗ്രഹിച്ചത്
ഇന്നിന്റെ പ്രതലത്തില്‍ ചവിട്ടിനിന്ന്
വെറുതെ മറിച്ചുനോക്കാം
ഓരോചരിത്രസ്മാരകങ്ങളിലും
എരിഞ്ഞടങ്ങിയവരുടെ
കണക്കുകള്‍ സൂക്ഷിക്കുന്നതുപോലെ
തീപ്പെട്ട് പോകാനിരിക്കുന്നവരുടെ
കണക്കുകള്‍ അടയാളപ്പെടുത്തുന്നതും
കിറുകൃത്യമായിരിക്കും.
യുഗയുഗാന്തരങ്ങളായി
തുഴയെറിഞ്ഞു തുഴഞ്ഞുപോയവരുടെ
പങ്കായത്തിനു കുറുകെ മാത്രം
ചില ചുവന്ന അടിവരകള്‍
അങ്ങനെ പുഞ്ചിരിച്ചു നില്‍ക്കുന്നുണ്ടാവും
ചരിത്രത്തിന്റെ പിന്നാമ്പുറങ്ങളിലേക്ക്
തേഞ്ഞുതീര്‍ന്നുപോയ
ജീവിതത്താളുകള്‍
എത്രമാത്രം കത്രിച്ചു കളഞ്ഞാലും
ഒരു ഓര്‍മ്മപ്പെടുത്തലായി
വലിയ അക്കങ്ങളില്‍ കറുപ്പിച്ചു നിര്‍ത്തും .
നിയുക്തമായ നിയോഗങ്ങള്‍ പൂര്‍ത്തിയാക്കി
കാലം കൊഴിയുമ്പോള്‍
മുല്ലപൂവ് വിരിയിച്ച വിപ്ലവ-
വസന്തങ്ങളുടെ ചുവരെഴുത്തുകള്‍ പോലെ
പോയവര്‍ഷത്തിലെ കലണ്ടറില്‍ ബാക്കിയാവുന്ന
ശൂന്യമായ കളങ്ങളില്‍
ഇനി ചരിത്രം എഴുതി ചേര്‍ക്കേണ്ടത്
ആരെന്ന ചോദ്യമാണ് ?
Not connected : |