രാജ്യദ്രോഹി - തത്ത്വചിന്തകവിതകള്‍

രാജ്യദ്രോഹി 

രാജ്യദ്രോഹി
-----------------------

അവര്‍ കൂടുകളിലടച്ച്
പ്രാവുകളെ വളര്‍ത്തുന്നുണ്ട്
സ്വാതന്ത്ര്യമില്ലെങ്കിലും
സമാധാനത്തിന്‍റെ
അടയാളങ്ങളെന്നു
തെറ്റിദ്ധരിപ്പിച്ചുകൊണ്ട്

ഉത്തരവുകള്‍ക്കുവേണ്ടിയാണവ
കാതോര്‍ത്തിരിക്കുന്നത്
അതു കിട്ടിക്കഴിഞ്ഞാല്‍
പ്രാവുകളെല്ലാം
രാജ്യസ്നേഹികളായ
കഴുകന്‍മാരായി മാറും
സന്ധിമേശകള്‍ക്കു ചുറ്റും
വട്ടമിട്ടു പറന്ന്
അവ സ്വാതന്ത്ര്യമാഘോഷിക്കും
മേഘങ്ങളെ കൊത്തിപ്പറിക്കും
നക്ഷത്രങ്ങളെ വേട്ടയാടും
ആകാശത്തെ ശ്മശാനഭൂമിയാക്കും
നിങ്ങളപ്പോള്‍ ജീവിച്ചിരിക്കുകയോ
മരിക്കുകയോ ചെയ്തിട്ടുണ്ടാകാം

ഹിറ്റ്ലര്‍ എന്നേ
പുനര്‍ജനിച്ചു കഴിഞ്ഞിരിക്കുന്നു
നാസിപ്പടക്കിപ്പോള്‍
പലമുഖങ്ങളാണ്
രാമന്‍റെ , ഹനുമാന്‍റെ
രാഷ്ട്രസേവകന്‍റെ
പൊയ്മുഖങ്ങള്‍
ശബ്ദിക്കരുത്
മിണ്ടുന്നതും
രാജ്യദ്രോഹക്കുറ്റമാണ്
മരണമാണ് ശിക്ഷ
കണ്ടില്ലേ ഹിറ്റ്ലര്‍
പാര്‍ലമെന്‍റില്‍ നിശബ്ദനായിരിക്കുന്നത്
ആഹാ.....
ആ സൗമ്യതകൊണ്ടദ്ദേഹം
രാജ്യസ്നേഹത്തിന്‍റെ ഏറ്റവും
ഉദാത്തമായ പ്രതീകമായി മാറുന്നു


ഒരു റിവോള്‍വര്‍
എന്‍റെ തലയെ ഉന്നംവെച്ച്
പുറകെ കൂടിയിട്ടുണ്ട്
പ്രഭാതസവാരിക്കിടയില്‍
വീട്ടുമുറ്റത്തെ ചെടികള്‍ക്ക്
വെള്ളമിറ്റിക്കുമ്പോള്‍
ബസ് കാത്തു നില്‍ക്കുന്ന നേരത്ത്
പത്രം വായിച്ചിരിക്കുമ്പോള്‍
എപ്പോള്‍ വേണമെങ്കിലും
അതിന്‍റെ തിര
എന്നിലേക്കു നീളാം


ഇതെന്‍റെ കയ്യൊപ്പാണ്
ഞാനിനിയും മരിച്ചിട്ടില്ല
ഇതെന്‍റെ സ്വാതന്ത്ര്യമാണ്
ഞാനിനിയും എഴുതും
ആകാശത്തെ പറ്റി
നക്ഷത്രങ്ങളെ പറ്റി
കഴുകന്‍മാരെ പറ്റി
അവയെ പ്രാവുകളെപ്പോലെ
പരിപാലിച്ച ഹിറ്റ്ലറെപ്പറ്റി
ഞാനിനിയും എഴുതും
ഞാനിനിയും മരിച്ചിട്ടില്ല !




ശരത് സിത്താര


up
0
dowm

രചിച്ചത്:ശരത് സിത്താര
തീയതി:16-12-2016 05:17:12 PM
Added by :Sarath Sithara
വീക്ഷണം:189
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :