കൃഷ്ണാർപ്പണമസ്തു
എന്തിനെനിക്കിന്നു വേണം വേറെയൊരാശ്രയം കണ്ണാ?
എന്തിനെന്റെ ഉള്ളിൽ തിങ്ങും സങ്കടത്തിരമാലകളും?
എരിയുന്ന കദനക്കനലെന്തിനിന്നെൻ ഉള്ളം ചുടും?
എന്നും ഞാൻ നിന്റെ നെഞ്ചിൽ കൗസ്തുഭമായ് ചേർന്നിടുമ്പോൾ...
തഴുകും നിൻ പാദപദ്മം എൻ കണ്‍പീലിച്ചാമരം കൊണ്ടേ,
കഴുകും നിൻ പാദപങ്കം എന്റെ കണ്ണീർ കാളിന്ദിയാലേ..
കരളിലെരിയും കർപ്പൂരത്താലുഴിയും നിനക്കാരതി കണ്ണാ..
കാൽക്കൽ വീണലിയും നിൻ പാദരേണുവായിന്നു ഞാനും..
കാർമുകിൽവർണ്ണാ നിൻ മണിനൂപുരമായിന്നു ഞാൻ മാറും..
വേണുവൂതും നിൻറെ ചുണ്ടിൽ മധുരവമായ് ഞാൻ പൊഴിയും..
കല്ക്കണ്ട തേൻമധുരമായ് നിന്റെ പാൽപ്പായസത്തിൽ ഞാനും,
മന്വന്തരങ്ങൾ നീളും നിന്റെ ഗാഥയായി ഞാൻ മേവും...
കാർമുകിലാം നിന്റെ മാറിൽ മിന്നലായി ഞാൻ വിളങ്ങും..
താരകമായ് നിന്റെ രാവാം തിരുമുടിയിൽ ഞാൻ തിളങ്ങും..
കർപ്പൂരമായെരിഞ്ഞു നിന്റെ മുന്നിൽ ഞാനും ധൂപമാകും..
കൽപ്പാന്തകാലത്തോളം കാതരയായ് കേണലയും...
Not connected : |