വിഭ്രാന്തി
ആകസ്മികമോ അനിവാര്യമായതോ ?
അമ്പരപ്പിക്കുമീ ദൃശ്യവിന്യാസങ്ങൾ..
അത്ഭുതം കൂറുമെൻ മിഴിക്കോണിലൂടെയായ്
ആലോചനക്കുമതീതമാം കാഴ്ചകൾ
അന്തരംഗത്തിലങ്ങാശ്ചര്യമേറിയോ?
ആനന്ദമേറിയോ? ആരോടു ചൊൽവത്?
ആരെങ്കിലും ഇത് വിശ്വസിച്ചീടുമോ?
ആണെന്നു സമ്മതിച്ചീടുമോ വിസ്മയം?
എങ്കിലു,മുരുവിടാം ഇന്നു ഞാൻ നേർത്തൊരാ
മന്ദഹാസത്തിന്റെ മാസ്മരികതകളും
എന്തു ഞാൻ കണ്ടതും കേട്ടതും ചെയ്തതും
പിന്നെയിന്നോർത്തോർത്തു പൊട്ടിച്ചിരിച്ചതും
ഭ്രാന്തമാമെൻ ജൽപനങ്ങളാണെന്നു നിൻ
കണ്ണിലെ ഭാവമിന്നെന്നോടു ചൊല്ലുന്നു
അന്തരംഗത്തിലെ അഭ്രപാളിക്കുമേൽ
ദൃശ്യവിന്യാസങ്ങൾ മാറിമറിയവേ
പ്രാചീനമാം ചിത്രക്കൂട്ടുകൾ പാട്ടുകൾ
മന്മനക്കണ്ണാടി തൻ നിഴൽച്ചിത്രങ്ങൾ
എത്താത്ത ദൂരത്തിലെത്തിക്കുമീ നിഴൽ-
ക്കൂത്തിലെ പാവയായ് മേവുമ്പോഴൊക്കെയും
മതിമറന്നെന്നേക്കുമാ മാസ്മരികമാം
ജാലവിദ്യക്കേറ്റ ജന്മചാപല്യമായ്..
മറുവാക്കു ചൊൽവാൻ നീ വരികയോ, നിൻ പാദ-
പതനത്തിനായെന്റെ കാതുകൾ കാക്കയോ? ..
അണയുന്ന ദീപനാളം വിറയ്ക്കുന്ന പോൽ
അകതാരിൽ പിടയുന്നു നേരതിൻ തേടലും ..
കാണാത്ത കാഴ്ചകൾക്കർത്ഥം തേടുന്ന ഞാൻ
കാണുന്ന കാഴ്ച കണ്ടമ്പരക്കുന്നുവോ?
അച്യുതാ, നീ വെറും പുൽക്കൊടിയാകുമെൻ
അന്തരംഗത്തിലെ വിഭ്രാന്തി തീർക്കണേ..
കണ്ണു തുറപ്പിക്കണേ, ആ കാഴ്ച കണ്ടു ഞാൻ
കൈവല്യമെന്തെന്നു കണ്ടു തൊഴേണമേ ...
Not connected : |