മായ
ചരടു പൊട്ടിയ പട്ടമാണിന്നു ഞാൻ
കാറ്റിൽ പറക്കുന്ന കരിയിലയായി ഞാൻ
കരുണ നീ കാട്ടുമോ കണ്ണനാമുണ്ണി എൻ
പരിദേവനങ്ങളും കാതിൽ നീ വാങ്ങുമോ?
മായയാണെല്ലാം എനിക്കറിയുമാ തത്വം
മായാസ്വരൂപമാണെൻ മുന്നിൽ കാണ്മതും
മായയിൽ നിത്യവും നേടുമറിവിന്റെ നേർ-
ക്കാഴ്ച്ചയിൽ മിഥ്യകൾ വീണുടയുന്നതും
അറിയുന്നു ഞാനുമിന്നോരോ ദിനം തോറും
അലിവിന്റെ അറിവിന്റെ അലയൊലികൾ സത്വരം
തഴുകുന്നു മന്ദസമീരണൻ ബുദ്ധിതൻ
മൂടുപടം നീക്കി തെളിയുന്നു നേരുകൾ
കാണാത്ത കാഴ്ചകൾ നല്കുന്നു വീണ്ടുമെൻ
കാഴ്ചക്ക് നീരുറവിലേക്കുള്ള മാർഗ്ഗവും
നീർപ്പോള പൊട്ടിതകർന്നു ശ്വാസം തീരും
നേരം വരേയ്ക്കുമാ യാത്രയും തേടലും
മർത്ത്യജന്മത്തിലാ തേടലാണെന്നുമേ
സത്യമായുള്ളൂ, മറ്റെല്ലാമേ മിഥ്യ താൻ
കദനവും കണ്ണീരും ചിരിയും ഇഴചേരും
പരിദേവനങ്ങളുടെ പതിരും നിഴലാകും
എല്ലാമീ ജീവന്റെ ജ്യോതിസ്സുജ്ജ്വലമായി
മണ്ണിൽ ഉദിച്ചുണർന്നസ്തമിക്കും വരെ
മർത്ത്യനിന്നേകമാം സത്യത്തിൻ തേടലും
മറ്റനേകായിരം ജന്മങ്ങൾ തൻ ഫലം...
Not connected : |