തളിരിട്ട തേന്മാവ്
ഓരോ ഋതുക്കളും കാത്തെൻറെ തേൻമാവ്.
പന്തലിച്ചെന്മുറ്റം ചന്തമാക്കി.
ചേലൊത്ത മുറ്റത്തെ മാവിന്നരികിലായ്
നോക്കിയിരുന്നുപോയേറെനേരം.
വര്ഷകാലത്തിലെ പേമാരിയിൽ കുളി-
ചാടുന്ന മാവിൻനിലകളുമായ്
കാത്തിരിക്കുന്നതോ പുതുനാമ്പുവന്നിട്ടാ-
തളിരിലകാട്ടി ചിരിച്ചീടാനോ?
തന്നിലെ കാന്തിയെ കാട്ടിയിളവെയിൽ
തഴുകുന്ന കാറ്റിനോടെന്തോ ചൊല്ലാൻ
സുഖമിളംതെന്നലിൻ ചടുലമാം ചുംബനം
മൃദുവാമെൻ തളിരിലക്കെന്നുമെന്നും
ഇക്കിളിയാക്കുന്നു നിന്റെയാനിസ്വനം
എൻറെ തളിരിനെ പുൽകീടുമ്പോൾ
കൊച്ചിളം തെന്നലെന്നോരോയിലകളോ-
ടെൻതെന്തോ ചൊല്ലിക്കളിച്ചീടുന്നു.
കാറ്റൊന്ന് തഴുകുമ്പോളൊപ്പം കളിക്കും
നിന്നിലകൾ തൻ മര്മരമെന്നിൽ ഹരം.
കാറ്റിനോടെന്തുനീ സല്ലപിച്ചെന്നതെന്തേ
മാമ്പഴക്കാലത്തെ ലീലകളോ,
'ആഞ്ഞുവീശാല്ലെയെൻ പൂങ്കുലയിൽ.'
Not connected : |