ബക്കറ്റിലെ വെള്ളം - പ്രണയകവിതകള്‍

ബക്കറ്റിലെ വെള്ളം 


അധികമാരും കടന്നു വന്നിട്ടില്ലാത്ത
വരാന്തയുടെ അങ്ങേകോണില്‍,
എല്ലായിടത്തും എത്തുന്ന
വെളിച്ചം കൂടി മടിച്ചു നില്‍ക്കുന്ന
നിശബ്ദ തുരുത്തില്‍,
ബക്കെറ്റില്‍ സൂക്ഷിച്ചിരിക്കുന്ന
വെള്ളത്തിന്‌ എന്ത് തണുപ്പാണ്!
ഓര്‍ത്തെടുക്കാന്‍
പ്രയാസമുള്ള നനവോ?
ഓമനിക്കാന്‍
സുഖമുള്ള കനിവോ?

ഭിത്തിക്കപ്പുറം പകല്‍.
വെയില്‍ തെളിയുകയും
കാറ്റു വീശുകയും
ദിവസം കൊഴിയുകയും
ചെയ്യുന്നു.
ഇതൊന്നുമറിയാതെ,
പുറമേ നിന്ന് തണുപ്പ് മാത്രം
വലിച്ചെടുത്തു സ്വന്തമാക്കി
അടുക്കിപ്പിടിച്ച്,
ബക്കറ്റിലെ വെള്ളം.

പൈപ്പിലൂടെ വെള്ളം തിരക്കിട്ടൊഴുകുമ്പോള്‍
ചെയ്യ്തു തീര്‍ക്കാന്‍ എന്തെന്തു ജോലികള്‍.
അവസാന തുള്ളിയും തീര്‍ന്നു
തനിച്ചാവുമ്പോള്‍,
ഈ ബക്കെറ്റും അതിലെ വെള്ളവും
തന്നെ ശരണം.

തീരെ ഗതി കെടുമ്പോള്‍
മുഖമൊന്നു കഴുകാന്‍,
പുത്തന്‍ ഉണര്‍വുമായി
തിരക്കിലാകാന്‍,
ഒന്നിനും അല്ലെങ്കില്‍
തണുത്തുറഞ്ഞ വെള്ളത്തിന്റെ
കരളില്‍ കൈയിറക്കി തുഴഞ്ഞു,
അലിവുള്ള തണുപ്പറിയാന്‍,
ഓളങ്ങളുണ്ടാക്കി,
ആ കടവിലേക്ക് നടന്നടുക്കാന്‍.

ആദ്യമായി നീരിനെ
അടുത്തറിഞ്ഞപ്പോള്‍,
വേണ്ടുവോളംഎന്നിലേക്ക്‌
ഒഴുകിയിറങ്ങിയപ്പോള്‍,
ഇങ്ങനെയൊരു പാത്രത്തില്‍
സൂക്ഷിച്ചിരുന്നില്ലെങ്കില്‍
എന്‍റെ ദൈവങ്ങളെ!
ഈ മഴ നിഴല്‍ പ്രദേശത്ത്
എനിക്കെങ്ങനെയാണ്
ജീവനം ഉന്തിതള്ലാന്‍
കഴിയുക?

ഇനി പറയാലോ
എനിക്കുമുണ്ട് സ്വന്തമായി,
വെളിച്ചം കടക്കാത്ത കോണില്‍,
ഒരു പാത്രം
തണുത്ത വെള്ളം!!!


up
0
dowm

രചിച്ചത്:
തീയതി:13-02-2012 09:28:12 AM
Added by :yamini jacob
വീക്ഷണം:245
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :