കേഴുക പ്രിയനാടെ #07
മാവേലി വാണൊരു മാമലനാട്ടിൽ
മദംപൊട്ടി ആടുന്നു കാമഭ്രാന്തന്മാർ
രതി സുഖം തേടി അലയുന്നിതാ
പീഡനം സർവ്വത്ര പീഡനം മാത്രം
അമ്മയും ചേച്ചിയും ലാളിച്ചൊരു
പൈതലിൻ മനം ആര് മാറ്റിമറിച്ചു
പെണ്ണൊരു ഭോഗ വസ്തുവായി മാത്രം
മാറിടുന്നതെങ്ങിനെ സമൂഹമേ
ഒക്കത്തിരിക്കുന്ന പൈതലിനെയും
വാർദ്ധക്യം പേറുന്ന അമ്മയെയും
കാമിച്ചീടുന്നൊരു മനുഷ്യാ നീ
നരഭോജിക്കു തുല്യം നിസ്സംശയമേതുമേ
അറിവിൻ വെളിച്ചം നൽകേണ്ട ഗുരുവും
ദൈവ വിളി ഏറ്റിടും പൂജാരികളും
ജന്മം നൽകിയൊരു പിതാവും
അങ്ങിനെ കാമഭ്രാന്തന്മാർ അനവധി
ഞെട്ടി തരിക്കുന്ന വാര്ത്തകൾ കേട്ട്
ഞെട്ടി ഉണരുന്നു ദിനമേറെയായി
എവിടേ നോക്കിയാലും പീഡനം
റേറ്റിംഗ് കൂട്ടി മത്സരിച്ചു ചാനലുകളും
ജിഷയും സൗമ്യയും നിര്ഭയയും ഒക്കെ
നീണ്ടിടുന്നു പട്ടികകൾ അനവധിയായി
നിയമങ്ങൾ കൊഞ്ഞനം കുത്തി നിൽപ്പൂ
വേണ്ടുകിൽ ആയുധം ആശ്രയമാക്കണം
എന്തെ എന്റെ ഈ കൊച്ചു കേരളം
എന്തിങ്ങനെ ആയി തീർന്നിടുന്നു
ഇന്നിന്റെ യുവത്വം ഇത് കണ്ടു രസിപ്പൂ
ലജ്ജയാൽ ശിരസ്സു ഞാൻ താഴ്ത്തിടട്ടെ
അമ്മയും ഭാര്യയും മകളും ചേച്ചിയും
സ്നേഹത്തിന് നിറകുടം പേറി നിൽക്കും
സർവ്വം സഹയാം ഭൂമിദേവി ഇവൾ
നൊന്തു ശപിച്ചാൽ എല്ലാം വെണ്ണീറായിടും
ഉറക്കം നടിക്കുന്നൊരു പ്രജകൾ
കക്ഷി രാഷ്ട്രീയം മാറ്റിവെച്ചു നാം
ശങ്കിച്ച് നില്കാതെ ഒന്നായുണരേണം
കാട്ടാള വർഗത്തെ തുരത്തിടേണം..
Not connected : |