സുപ്രഭാതം
നീല വാനിൽ നിന്നും അരുമയായിയെത്തുന്ന
ദിവ്യജ്യോതിസേ നിനക്ക് സ്വാഗതം!
ആദിത്യകിരണങ്ങളാൽ
ഭൂമിയെ തലോടിയെത്തും ലാവണ്യമേ
നിനക്ക് സ്വാഗതം!
പൊൻപ്രഭ പൊഴിക്കുന്ന പ്രഭാതമേ
ഹിമബിന്ദുക്കൾ നിനക്കായി വീണമീട്ടുന്നു
പൊന്നുഷസ്സേ, നീ പൊഴിയും സൗന്ദര്യം
ഒരു കുളിര്മഴയായി, അനുഭൂതിയായി
പെയ്തിറങ്ങുന്നു അകതാരിൽ
നീ പൊട്ടിവിടരുന്നുവല്ലയോ ദിനങ്ങൾതോറും
ജീവജാലങ്ങൾക്ക് ആശംസയേകാൻ,
പുത്തനുണണർവ്പകരാൻ
സൗവർണദീപ്തമാം നിൻ വദനം
വെളിച്ചമേകുന്നു ധരണിയിൽ
പ്രണയനിര്ഭരമാം നിൻ നയനങ്ങൾ നേരുന്നു
ഏവർക്കും സുപ്രഭാതം
നിൻ പൊൻപ്രഭയാൽ തെളിയുന്നു
മർത്യൻ മനസ്സുകളിൽ പ്രതീക്ഷതൻ തിരിനാളം
ആദിത്യ കിരണങ്ങളാൽ തഴുകിയെത്തും
നിൻ കനകപ്രഭയിൽ
ദ്രുമങ്ങൾ പുഞ്ചിരി തൂകുന്നു
കളകളാരവം മുഴക്കുന്ന പുഴയിലും
തെളിയുന്നു പൊൻപുലരിതൻ പൊൻവെളിച്ചം
നിയേകും സ്നേഹവാത്സല്യത്തിൽ
വിരിയുന്നു മുകുളങ്ങൾ ധരണിയിൽ
കാണുന്നു സ്നേഹത്തിന് മധുകണങ്ങൾ
മലരിലിരിക്കുന്ന ശലഭങ്ങളിലും
മന്ദമാരുതൻ തലോടലിൽ തെളിയുന്നു
തുളസികതിരിലും പുതുജീവന്റെ പൊൻവെളിച്ചം
കളകളാരവം മുഴക്കുന്നു പറവകൾ
നിന്റെ ആഗമനം വിളിച്ചോതി
ശോകാർദ്രമാം നിൻ മനം തേങ്ങുന്നു
കാർമേഘങ്ങൾ പെയ്തിറങ്ങുമ്പോൾ
നീല വാനിൽ നിന്നും അരുമയായിയെത്തുന്ന
ദിവ്യജ്യോതിസേ നിനക്ക് സ്വാഗതം!
ആദിത്യകിരണങ്ങളാൽ
ഭൂമിയെ തലോടിയെത്തും ലാവണ്യമേ
നിനക്ക് സ്വാഗതം!
Not connected : |