വിഷുനാളിൻ ഓർമ്മകൾ
വിഷുദിനം വരവായി പുണ്യ ദിനം വരവായി…
ചിത്തത്തിൽ ഉണരുന്നു വിഷുനാളിൻ ഓർമ്മകൾ
മേടസൂര്യൻ പൊൻ കിരണങ്ങൾ
ചക്രവാളങ്ങൾ പുല്കുമ്പോൾ
പൊൻവർണ്ണമലരുകൾ മോദമോടെ
പൂത്തുലയുന്നു ദ്രുമത്തിൻ ശിഖരങ്ങളിൽ
പൂക്കുന്നു മനസ്സിലും കണികൊന്നപോലെ മലരുകൾ
മൂളുന്നു കാതുകളിൽ വിഷുപ്പക്ഷി പാടും മധുരഗാനം
കണികാണുവാൻ തിടുക്കമായി
സമൃദ്ധിതൻ അനുഗ്രഹം ചൊരിഞ്ഞീടും കാർവർണ്ണനെ
പീതവർണ്ണ ചേലചുറ്റിയ കാർവർണ്ണനെ
കണികാഴ്ച വയ്ക്കാൻ മലർകണിക്കൊന്നവേണം
വരിക്കപിലാവിൽ വിരിയുന്ന പൊൻചക്കവേണം
പതംഗകിരണങ്ങളാൽ തിളങ്ങുന്ന പൊൻമാമ്പഴങ്ങൾവേണം
തനി സ്വർണവെള്ളരിക്കായവേണം
ഒരുക്കേണം വാൽക്കിണ്ടി പുത്തൻവിളക്കു പൊൻപണം
പുതുകോടി കണ്മഷി ചെപ്പു സിന്ദൂരം
കണിക്കുള്ളിലായി കാണേണം വിരൽത്തുമ്പിൽ ഓടക്കുഴൽ
വക്ഷസ്സിൽ പൂമാല്യമണിഞ്ഞ കാർവർണ്ണനെ
മനസിന് ആനന്ദമായി കമ്പിത്തിരി പൂത്തിരി മത്താപ്പ്
വട്ടചക്രങ്ങൾ മിന്നൽ തോൽക്കുമമിട്ടുകൾ
ആമോദത്തിൻ സുദിനമല്ലോ വിഷുദിനം!
പൊൻപുലരി അണയുമ്പോൾ നിദ്രവിട്ടു ഉണരുന്നു
മന്ദം നടന്നു നീങ്ങുന്നു മിഴികൾ മൂടിയ
കരങ്ങൾ തുറക്കവേ കണ്ണു തുറന്നു നോക്കവേ
കണി കാണുന്നു ഞാൻ കാർവർണ്ണനെ
പൊൻവിളക്കിൻ ദീപശോഭയിൽ കാണുന്നു ഞാൻ
മന്ദഹാസം തൂകുമാ മണിവർണ്ണനെ
കൺകുളിരെ കാണുന്നിതാ ഞാൻ എൻ കാർവർണ്ണനെ
മഞ്ഞപട്ടാട ചുറ്റിയ എൻ കാർവർണ്ണനെ
തങ്കകാൽത്തളയണിഞ്ഞ എൻ കാർവർണ്ണനെ
മുകുടത്തിൽ മയിൽപീലിയണിഞ്ഞ കാർവർണ്ണനെ
അളികത്തിൽ ചന്ദനപൊട്ടു ചാർത്തിയ കാർവർണ്ണനെ
പൊഴിയുന്നു കവിളിണകളിൽ തങ്കശോഭ
ചൊടികളിൽ വിടരുന്നു മഞ്ജു മന്ദസ്മിതം
വിടരുന്നു നയനങ്ങൾ പങ്കജ പുഷ്പംപോൽ
മകരകുണ്ഡലങ്ങളേറ്റം തിളങ്ങുന്നു കർണ്ണങ്ങൾ
സൗപർണ ദീപ്തമാ മേനിയഴക്
എന്ത് ഭംഗി വനമാല ചാർത്തുമാ വക്ഷസ്സിനു!
നയനകൾക്കു നിർവൃതിദായകം
ഈ കാർവർണ്ണ ദർശനം!!!!
നിറയുന്നു കരങ്ങളിൽ വിഷുകൈനീട്ടം
സമൃദ്ധമാം സദ്യ ഒരുങ്ങുന്നു തൂശനിലയിൽ
ആലയം കോവിലായി മാറുന്നു ഈപുണ്യദിനത്തിൽ….
വിഷുദിനം വരവായി പുണ്യ ദിനം വരവായി
അകതാരിൽ ഉണരുന്നു വിഷുനാളിൻ ഓർമ്മകൾ
മേടസൂര്യൻ പൊൻ കിരണങ്ങൾ
ചക്രവാളങ്ങൾ പുല്കുമ്പോൾ
പൊൻവർണ്ണമലരുകൾ മോദമോടെ
പൂത്തുലയുന്നു ദ്രുമത്തിൻ ശിഖരങ്ങളിൽ
പൂക്കുന്നു മനസ്സിലും കണികൊന്നപോലെ മലരുകൾ
Not connected : |