പിന്നെയും പാഴ്ശ്രമം.......
തിര കരയിലേക്ക് പായുകയാണ്
കരയെ ഒന്ന് പുൽകാൻ ...
ആ ഹരിതാഭ വീണ്ടെടുക്കാൻ
പക്ഷെ ... ആരൊക്കെയോ പിന്നിലുണ്ട്
ആരും മുന്നിലേക്ക് തള്ളിവിടുകയല്ല
പിന്നിലേക്ക് വലിക്കുകയാണ്
എന്നിട്ടും പാവം തിര .....
വീണ്ടും ശ്രമിച്ചുകൊണ്ടേയിരിക്കുകയാണ്.
ക്ഷീണിച്ചു അവശനാകുമ്പോൾ....
കണ്ണിൽ അന്ധകാരം പടരുമ്പോൾ
ഒരല്പം വിശ്രമം -
എന്നിട്ടും പാവം തിര .....
വീണ്ടും ശ്രമിച്ചുകൊണ്ടേയിരിക്കുന്നു .
ആരൊക്കെയോ കരയിലുണ്ട്,
തൊട്ടു മുന്നിൽ ..... തന്നെയും നോക്കി
ചിലർക്ക് പരിഹാസം
ചിലർക്ക് ആവേശം
ചിലർ നോക്കിയിരിക്കുന്നു
ചിലർ ചവിട്ടി മെതിക്കുന്നു
എന്നിട്ടും പാവം തിര .....
വീണ്ടും ശ്രമിച്ചുകൊണ്ടേയിരിക്കുന്നു .
പൊരി വെയിലത്ത് വിയർപ്പു പൊടിഞ്ഞു,
കൊടും തണുപ്പത്തു കുളിരാൽ വിറച്ചു
എല്ലാ വികാരങ്ങളും പങ്കു വെക്കാൻ
മണൽ തരികൾ മാത്രം കൂട്ട്
എന്നിട്ടും പാവം തിര .....
വീണ്ടും ശ്രമിച്ചുകൊണ്ടേയിരിക്കുന്നു .
അങ്ങകലെ മലയോരം മാടി വിളിക്കുന്നു
വരണ്ട പുഴകളും നദികളും -
ഇലകൾ കൊഴിഞ്ഞ മാമരങ്ങളും
കരിഞ്ഞുണങ്ങിയ പുൽച്ചെടികളും
വിണ്ടുണങ്ങിയ വയലുകൾ വരമ്പുകൾ
ചിറകു കൊഴിഞ്ഞു എല്ലുകൾ മാത്രമായ്
ജന്തു ജീവജാലങ്ങളൊക്കെയും
വേദനയോടെ വിളിക്കുന്നു ...
ഓർമയിൽ നിറയുന്നോരാദിനങ്ങളൊക്കെയും
കൈവരി തോട് എൻ കൈകളിൽ തൂങ്ങി
കിലുകിലെ കിലുങ്ങും കൈവളകൾ കിലുക്കി
ചിതറി തെറിക്കും മഴതുള്ളിയിൽ നനഞ്ഞും
കാറ്റിൻ ചിറകിൽ അടിയുലഞ്ഞതും
എല്ലാമതിന്നോരോർമ്മ മാത്രം
എന്നിട്ടും പാവം തിര
വീണ്ടും ശ്രമിച്ചുകൊണ്ടേയിരിക്കുന്നു
ഒരു മിന്നൽ കോടിയാലേ കണ്ണ് ചിമ്മാൻ
കരിമേഘ കൂട്ടത്തിൻ നിഴലുമില്ല
ഒരുതുള്ളി നീരിറ്റു നാവു നുകരാൻ
ചെറുമഴ ചാറ്റലിൻ കനിവുമില്ല
കളിവള്ളം കെട്ടിയിറയത്തു കളിച്ചോരാ -
ഓലയാൽമേഞ്ഞൊരു കൂരയില്ല
ഇത് കണ്ടിട്ട് ഹൃദയം പിടഞ്ഞുപോയി
എന്നിട്ടും പാവം തിര
വീണ്ടും ശ്രമിച്ചുകൊണ്ടേയിരിക്കുന്നു
കാടുകൾ ചാമ്പലായി -
സിമെന്റിൻ വർണ കൂമ്പാരമായി
മുറ്റങ്ങളൊക്കെയും ഇഷ്ടിക തറകളായി
മരങ്ങൾ നിഴൽ പാകിയോര്തിരുകളൊക്കെയും
സ്വർണ രശ്മികളാൽ വെട്ടിത്തിളങ്ങിടുന്നു
എന്നിട്ടും പാവം തിര
വീണ്ടും ശ്രമിച്ചുകൊണ്ടേയിരിക്കുന്നു.......
Not connected : |