മറുകര മറുകര  - തത്ത്വചിന്തകവിതകള്‍

മറുകര മറുകര  



ഒരത്താണിയില്ലാതെ
അഭയവാക്കില്ലാതെ
ആസക്തിയോടെ കാത്തിരിക്കുന്ന
നിശബ്ദതയില്ലാതെ
ഭാരമിറക്കി വെയ്ക്കുവാനാകാതെ
വികാരത്തിന്റെ ചുരമിറങ്ങി
നിഴല്‍ പിരിഞ്ഞു പോകുന്നു

കവിത മാത്രം ഒരൊളിത്താവളം
കവിത മാത്രം നെഞ്ചോടു ചേര്‍ത്തുപിടിക്കുന്നു
ഭീകരമായ ഓര്‍മകള്‍ വന്ന്
കൂത്തിപ്പൊളിച്ച കണ്ണുകളെ
കവിത ചുംബിക്കുന്നു
നല്ല സ്വപ്നങ്ങളെക്കുറിച്ചു പറയുന്നു
കവിത മാത്രം
പിടയ്ക്കുന്ന ചിറകുകളോടെ
നോക്കിനോക്കിയിരിക്കുന്നു.
തനിച്ചിരിക്കാന്‍
താണിറങ്ങുന്ന വെയില്‍ തരുന്നു
മരണത്തിന്റെ അളിഞ്ഞ ഗന്ധം
തുടച്ചുനീക്കുന്നു,ഞാന്‍-
നദീതടത്തിന്റെ തണുപ്പില്‍ കിടക്കുന്നു

വെളിച്ചത്തിനു
ഇരുട്ടിന്റെ വാതിലുണ്ടെന്ന്
പേടിയോടെ ഓര്‍ക്കുമ്പോള്‍
ഒരു നക്ഷത്രം ധ്യാനമുദ്രയായ്
നെറുകയോളം വരുന്നു
ഒറ്റയ്ക്കിരുന്നു ഞാന്‍
കവിതയോട് അതുമിതും പറഞ്ഞു
മുനിഞ്ഞു ചിരിക്കുന്നു-
എന്റെ പ്രണയമുദ്രയോട്…
-ഡി.യേശുദാസ്-


up
0
dowm

രചിച്ചത്:
തീയതി:01-03-2012 10:01:02 PM
Added by :D.YESUDAS
വീക്ഷണം:156
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :