മനസ്സില്‍ ഓര്മ്മകള്‍ പുക്കുമ്പോള്‍... - മലയാളകവിതകള്‍

മനസ്സില്‍ ഓര്മ്മകള്‍ പുക്കുമ്പോള്‍... 

അമ്മകിനാവുകളെല്ലാം
പാല്‍ മണക്കുന്ന
തുമ്പകുടങ്ങളാണ്

മുക്കുറ്റി പൂക്കളില്‍
കാണാറുണ്ട് കുഞ്ഞേച്ചിയുടെ
കമ്മല്‍ തിളക്കം

നാലുമണി പൂക്കളായെന്നും
കൂട്ടുകാര്‍ വിടരാറുണ്ട്

കൊങ്ങണി പൂമണമാണ്
നിന്‍ഓര്‍മ്മകള്‍ക്ക്

കൊടിത്തൂവ തട്ടി ചൊറിയാറുണ്ട്
പട്ടടയില്‍ കത്തിയമര്‍ന്ന
മുത്തശ്ശിയെ ഓര്‍ക്കുമ്പോള്‍

അമ്പല വഴിയിലെ തെച്ചികാടുകള്‍
തുളസിയെന്ന തൊട്ടാവാടി
റോസാചുണ്ടുള്ള നിലുഫര്‍
ചെമ്പരത്തി ചൂടിയ പ്രാന്തന്‍ വാസു
മുല്ലപ്പൂ മണമുള്ള കല്യാണങ്ങള്‍
പാലപൂത്ത നീലരാവുകള്‍
അങ്ങനെയെത്ര ഓര്‍മ്മപ്പൂവുകള്‍ ...

ആട്ടിയകറ്റിയാലും
ആര്‍ത്തു പൊതിയുന്ന
കനലോര്‍മ്മകളുണ്ട്
മഴവില്‍ ചിറകുള്ള
മധുരസ്മരണകളുണ്ട്

മനസ്സിലെന്നും ഓര്‍മ്മകളുടെ വസന്ത കാലമാണ്


up
1
dowm

രചിച്ചത്:Mahesh Kallayil
തീയതി:16-03-2012 03:25:32 PM
Added by :mahesh kallayil
വീക്ഷണം:310
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :