നോമ്പിന് വിട  - തത്ത്വചിന്തകവിതകള്‍

നോമ്പിന് വിട  

നോമ്പിന് വിട

വരണ്ടു ചുവന്നു മണൽ മരുഭൂവിലീർപ്പം തേടവേ
കരിഞ്ഞുണങ്ങും പുല്നാമ്പുകൾ തളിരിനെ കൊതിക്കവേ
പെയ്യാതെ പോകും നീർമേഘങ്ങൾ പായും
വാനത്തിൻ ചുവടെ പുണ്യ റമളാനും വിട ചൊല്ലുകയായ്

നീളൻ പകലിന്നനുധാവനം കത്തും സൂര്യൻ
ഭൂമിക്ക് മേലാപ്പ് തീർത്തുരുക്കിയപ്പോൾ
ഭയപ്പാടേന്തിയെൻ മനം വ്രതം കഠിനമാവും ചിന്തയും
പാടെ മാറ്റിയെന്നീമാൻ ഉയിർത്തെഴുന്നേറ്റുവോ

വിഷമതകൾ നിറഞ്ഞെൻ തൊഴിൽ വൃത്തം
ശിഥിലമാം തളർന്നുറങ്ങിപ്പോം ജോലി ഭാരം
ഒരു മാത്ര ശങ്കിച്ച് പോകുമെൻ ദേഹേച്ഛകൾ
മുന്തിച്ചു ഞാനുണർവ് നേടിയ യാമങ്ങളും തീരുന്നു

വുളുവിന്നായെടുക്കും നീർ ദാഹാർത്തമെൻ വരണ്ടകണ്ഠം
ആവേശത്തോടുൾ വലിക്കാൻ പതിയെ നോക്കവേ
നീയെനിക്ക് നല്കീ സംയമനം റഹമാനെ
നിശ്ചയമെൻ ജ്വലനം വഴിമാറുമകലെയെങ്ങോ

ധ്യാന നിമഗ്നമെൻ നോമ്പ് ദിനങ്ങളകലെ-
ക്കൊഴിയുന്നതോരോന്നുമെന്നിൽ നിരാശ തീർക്കുന്നു
പോകയോ നീ പരിശുദ്ധ മാസമേ
പരിവർത്തനത്തിൻ പാത തീർത്തു നീ മടങ്ങയോ

പഥികനായ് കേഴാമിനിയും നിന്നോർമയിൽ
നേരിന്റെ വഴികളെ കാണിക്കയാക്കാം
സഹജീവി സ്നേഹം നിറക്കാം നിറയെ
കരിഞ്ഞ വയറിനു കഞ്ഞിയൂത്താം

അഭിലാഷിക്കാനേറെയുണ്ടധികം മനസ്സിൽ
നന്മവിതറി നീ മറയില്ലിനിയുമെന്നിൽ
ഒത്തു ചേരാമിനിയൊരുനാളിൽ പ്രതീക്ഷയായ്
കാക്കാം നീ വന്നണയുമ്പോൾ പിറക്കുന്ന പുണ്യങ്ങളും...

റസാഖൻ


up
0
dowm

രചിച്ചത്:
തീയതി:05-07-2017 03:22:47 PM
Added by :Razakkan
വീക്ഷണം:71
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :