പാഥേയം - തത്ത്വചിന്തകവിതകള്‍

പാഥേയം 

അക്ഷരമുറ്റത്തു ആദ്യമെത്തീടുമ്പോൾ കരയുന്നിതെൻ കുഞ്ഞു ഹൃദയം
ആചാര്യ സ്നേഹമാം മധു നുണഞ്ഞീടുമ്പോൾ കണ്ണീരു പോയി മറയുന്നു
അക്ഷരത്താളുകൾ കൂടുകൂട്ടുന്നു അക്കങ്ങളെണ്ണിയറിയുന്നു
അച്ചടക്കത്തിന്റെ പാഠങ്ങളോരോന്നായ് ഹൃദയത്തിൽ കാന്തി പകരുന്നു
ഏകാകിയാകാതിരിക്കുവാൻ അഴകുള്ള സൗഹൃദം കൂട്ടിനെത്തുന്നു
കിട്ടുന്നതൊക്കെയും സന്തോഷപൂർവ്വകം അവരോട് പങ്കുവയ്ക്കുന്നു
പറയാത്ത മോഹമായ് മനതാരിലെവിടെയോ പ്രണയവും ഉടലെടുക്കുന്നു
മറ്റുള്ളവരോട് അവൾ മൊഴിഞ്ഞീടുമ്പോൾ അറിയാതെ വേദനിക്കുന്നു
ഭാഷകളോരോന്നിൻ ഭംഗിയറിയുന്നു ശാസ്ത്രലോകത്തെയറിയുന്നു
സൗന്ദര്യമായ് നമ്മിൽ കലകളുണരുന്നു മാത്സര്യ കളികൾ വളരുന്നു
ഒടുവിലൊരുനാളെല്ലാം ഓർമ്മകളാക്കിയീ സഹപാഠികൾ പിരിയുന്നു
മരണമില്ലാത്തൊരാ ഓർമ്മകൾ ഹൃദയത്തിൽ കുളിരായി പെയ്തു നിറയുന്നു
വീണ്ടുമൊന്നിക്കുവാൻ പങ്കുവച്ചീടുവാൻ ഹൃദയങ്ങളാഗ്രഹിക്കുന്നു
ഇതളായ് കൊഴിഞ്ഞൊരാ നാള്കളിലെത്തുവാൻ സൗഹൃദവും കൊതിക്കുന്നു
നടക്കാത്ത സ്വപ്നത്തിൻ പാഥേയവും പേറി ജീവിതയാത്ര തുടരുന്നു
ആ വഴിത്താരയിൽ സുഗന്ധം പരത്തുവാൻ മാനസം നെടുവീർപ്പിടുന്നു
എന്നും മാനസം നെടുവീർപ്പിടുന്നു


up
0
dowm

രചിച്ചത്:ശ്രീ കിള്ളിക്കുറുശ്ശിമംഗലം
തീയതി:09-07-2017 11:23:58 PM
Added by :Sreejesh K Narayanan
വീക്ഷണം:120
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :