ിതറിയ ചിന്തകൾ   July 11 2017 - ഹാസ്യം

ിതറിയ ചിന്തകൾ July 11 2017 

ചിതറിയ ചിന്തകൾ July 11 2017
...തുടരുന്നു...

രംഗം 1:
' (പേര്) അല്ലേ...?'
ഞാൻ: 'അതേ. നല്ല മുഖപരിചയം. പക്ഷേ പെട്ടെന്നങ്ങോട്ട് മാനസിലാവണില്ല. ഇതിപ്പോ പ്രായം ഒരുപാടായേയ്...'
ആഗതൻ : 'ഇത് ഞാനാ, (പേര് പറഞ്ഞു). നിങ്ങളെ വിളിക്കാൻ വന്നതാ... എന്താ പോവല്ലേ...?'.
ഞാൻ: '..പോവല്ലെന്നോ...? എപ്പോ പോയീന്നു ചോദിക്കൂ. എത്രനാളായി കാത്തിരിക്കുന്നെന്നറിയോ...! ഏതായാലും വന്നല്ലോ,സന്തോഷം.'

അപ്പോഴാണ് അദ്ദേഹത്തിൻറെ വാഹനത്തെപ്പറ്റി ഞാൻ ഓർത്തത്.
ഞാൻ: 'വാഹനമെവിടെ എന്നു ഞാൻ ചോദിക്കുന്നില്ല. ചിലപ്പോ അവർ നിങ്ങളെയും തല്ലികൊല്ലും. ക്ഷമിസാറേ. ഈ നാട് ഇപ്പൊ ഇങ്ങിനെയൊക്കെയാ...'

ഞാൻ പോകാൻ തയാറായി എഴുന്നേറ്റു
ആഗ: 'ആയിട്ടില്ല. എനിക്ക് നിങ്ങളുടെ രേഖകൾ പരിശോധിക്കണം. അഥവാ പാസ്‌പോർട് ആധാർ...നിങ്ങൾതന്നെയെന്നു ഉറപ്പിക്കണല്ലോ '
ഞാൻ: ഇതിനും വേണോ സാറേ. ഇനിയിപ്പോ വേണെങ്കിൽ തന്നെ ആധാർ മാത്രം പോരേ. അതിലാകുമ്പോ റെറ്റിന ഫിംഗർ ഫോട്ടോ ഒക്കെ ഉണ്ടല്ലോ.
ആഗ: '..പോരാ പോരാ, ഇതെന്താ കുട്ടിക്കളിയാ...?
ഞാൻ: '... ഓ...'

ആധാർ, പാസ്‌പോർട്, പാൻ, വോട്ടേഴ്‌സ് ഐഡി, റേഷൻ കാർഡ് ഒക്കെ കൊടുത്തിട്ടു ഞാൻ ചോദിച്ചു 'ഇനി പോകാലോ ല്ലേ...?'

അയാളൊന്നും പറഞ്ഞില്ല. പകരം രേഖകൾ തിരിച്ചും മറിച്ചും പരിശോധിച്ചുകൊണ്ടേയിരുന്നു. എനിക്ക് ബേജാറായി. ഇനിയിപ്പോ ഇത് പറ്റില്ലാന്ന് പറയോ.
ആഗ: 'ഇതു ശരിയാവില്ല...ഇതിലൊന്നും "യൂനിക്നസ്" ഇല്ല. ഇതൊക്കെ തിരുത്തണം '

ഡും. ദാ കിടക്കണു...
ഞാൻ:'എന്തുപറ്റി സാറേ...'
ആഗ: '.. ഇത് കണ്ടോ, ഇതിൽ ദീർഖമില്ല. ഇതിലാണെങ്കിൽ 'ട'. ഇത് നോക്കൂ ഇതിൽ 'ട' യ്ക്കു പകരം 'ദ'. ഇത് പറ്റില്ല .... ...ഇതിൽ വാർഡ് നമ്പർ 13, ഇതിൽ 18, ഇതുകണ്ടോ ഇതിലാണെങ്കിൽ 23...'


ഇയാളിതു മെനക്കെടക്കുമല്ലോ. കാത്തുകാത്തിരുന്നിട്ടിപ്പോ...
ഞാൻ: ' ...സാറെ, "എന്തുവേണേലും നമുക്ക് ചെയ്യാം"...'
ഞാനൊന്നു ശ്രമിച്ചു നോക്കി. ഞാനും ജീവിക്കുന്നത് ഈ മണ്ണിലാണല്ലോ. അതിൻറെ കൊണം കാണിക്കുമല്ലോ.

ആഗ: ' നിങ്ങളു കൊള്ളാലോ..? ഇതിനും കൈക്കൂലിയോ...? ചുമ്മാതല്ല അങ്ങേരു മുൻപ് പറഞ്ഞത്...'
ഞാൻ: 'ആര് എന്ത് എപ്പോ പറഞ്ഞു...? അതും ഞാനും തമ്മിലെന്താ ബന്ധം...? പൊന്നു സാറെ ചതിക്കല്ലേ.... അങ്ങേരു പറഞ്ഞതിനും കൂടി ചേർത്ത് പറഞ്ഞോ.. എന്നാ വേണം. ഞാൻ തരാം'
ആഗ: '... ഭഗവാനേ.... ഇതെന്തോര് നാടിതു... ഇത് പ്രാന്തൻമാരുടെ നാടാണെന്നാ അങ്ങേരു പറഞ്ഞത് . മനസ്സിലായോ...? ഇതൊക്കെ ശരിയാക്കി വെക്കൂ...'

അൽപം ദേഷ്യത്തിൽ അങ്ങേര് പോയി

രംഗം 2:
ബഹുജന പലവിധ കാര്യാലയങ്ങൾ

വിഷയം: തിരിച്ചറിയൽ രേഖ സന്തുലിതത്വത്തിനുള്ള അപേക്ഷ
സൂചന: ചിത്രഗുപ്‌ത ഉത്തരവ് നമ്പർ ൧൦ഭ്രമ്ബ്രഗൃഷൃ/ dated: ചരിത്രാതീത കാലത്തിലേതോ ഒരാണ്ടും മാസവും

ബഹുമാനപെട്ട സാർ,
......................
.................................
........................................
.
.
.
ആയതുകൊണ്ട് സമക്ഷത്തിങ്കൽ ദയവുണ്ടായി മേൽവിഷയത്തിലേക്കാവശ്യമായ രേഖകൾ ശരിയാകുന്നതിലേക്കുള്ള സത്വരനടപടികൾ യുദ്ധകാലാടിസ്ഥാനത്തിൽ കൈകൊള്ളാനപേക്ഷ
എന്ന്
വിധേയൻ
പ്രന്ദ്രമൃ (അഥവാ ഒപ്പ്)


രംഗം 3:
To:
ട്രഷറി ആപ്പീസർ

സൂചന: ചിത്രഗുപ്‌ത ഉത്തരവ് നമ്പർ ൧൦ഭ്രമ്ബ്രഗൃഷൃ പ്രകാരം യമദേവസന്ദർശനവും രേഖകൾ അസന്തുലിതമാണെന്ന നിരീക്ഷണവും


ബഹുമാനപെട്ട സാർ,
......................
.................................
........................................
ആയതിനാൽ മേൽ തിയ്യതി മുതൽ ഇന്നുവരെ ഭൂമിയിൽ അനധികൃതമായി ജീവിച്ചതിലേക്കുള്ള പെനാൽറ്റി ഇനത്തിൽ ദിവസമൊന്നുക്കു കൃമു്പ്റ രൂപ ൩ഹ്ര് പൈസാ പ്രകാരം സ്വീകരിക്കാൻ കനിവുണ്ടാകണമെന്നു താഴ്‌മയായി അപേക്ഷിക്കുന്നു
വിധേയൻ
പ്രന്ദ്രമൃ (അഥവാ ഒപ്പ്)


രംഗം 4: ചിത്രഗുപ്തൻറെ ആപ്പീസ്
ചിത്രഗുപ്തൻ : '... ഡേയ്.... എന്തോന്നാടേ ഇത് ...? 18 ൽ വിളിക്കാനുള്ള ആളെ 108 ലാണോ വിളിച്ചോണ്ട് വന്നിരിക്കുന്നത്...?'
കാലൻ : 'എവിടെ, നോക്കട്ടെ...'

കാലൻ ചിത്രഗുപ്തൻറെ രജിസ്റ്റർ നോക്കുന്നു. രജിസ്റ്ററിലുള്ള തീയതി കണ്ടു കാലൻ ഞെട്ടിപ്പോയി. (പേടിച്ചു മുള്ളിയോ എന്തോ)

കാല: ' അയ്യോ സാർ ചതിക്കരുത്. എനിക്ക് കിട്ടിയ ലിസ്റ്റിൽ 108 ആണ്. അവിടുന്ന് നോക്കിയാലും...'
ചിതഗു: '...മ് ശരിയാണല്ലോ. ഇതെങ്ങനെ വന്നു...'
ചിതഗുപ്തൻ ഗുമസ്തനെ വിളിക്കുന്നു. ഗുമസ്തൻ രേഖകൾ പരിശോധിക്കുന്നു.

ഗുമസ്തൻ: '..ഇത് പ്രിൻറിംഗ് മിസ്റ്റേക്ക് ആണ്. സാറിനോട് എത്രനാളായി ലേസർ പ്രിൻറർ വാങ്ങാൻ പറയുന്നു. നമ്മൾ ഇപ്പോഴും ജാംബവാൻറെ കാലത്തുള്ള പ്രിൻറർ ആണ് ഉപയോഗിക്കുന്നത്....'
ഗുമസ്തൻ ഒന്ന് തലചൊറിയുന്നു '...പിന്നേ... ഇതൊക്കെ ഡിപ്പാർട്മെൻറ് കാര്യങ്ങളല്ലേ സാർ...?'

മറുപടികേട്ടു ചിത്രഗുപ്തൻ തലചുറ്റി വീണു. ആ തക്കം നോക്കി ഗുമസ്തൻ സ്ഥലം വിട്ടു.

കുറേ സമയം കഴിഞ്ഞു....

ചിത്രഗുപ്തൻ 'ആലോചനാ നിമഗ്നനാണ്'
തലങ്ങനെ നടന്നു വിലങ്ങനേയും. നെടുകെയും കുറുകേയും നടന്നു

'...ഇയാളെന്താ ഈ കാണിക്കുന്നേ... ഇവിടുത്തെ ജോഗിങ് ഇങ്ങനെയാണോ...?' ഞാൻ ചിന്തിച്ചു.

കാലനെ നോക്കി. ആലുവ മണപ്പുറത്തു കണ്ട ഭാവംപോലുമില്ല.
'... എന്തൊരു നാടിതു...? നാശം, ഇങ്ങോട്ടു വരാനായിരുന്നോ ഇത്രേം നാളും കാത്തുകാത്തിരുന്നത്? പെട്ടുപോയല്ലോ എൻറെ ദൈവേ...' എൻറെ ആത്മഗതം

'ഹോ..., രക്ഷപെട്ടെന്നു തോന്നുന്നു... 'ചിത്രഗുപ്തൻ ഇപ്പോൾ സിംഹാസനത്തിൽ ആസനസ്ഥനാണു'

തലയ്ക്കു കൈക്കൊടുത്തും ചിത്രഗുപ്തൻ ആലോചിച്ചു, പിന്നെയും പിന്നെയും ആലോചിച്ചു. ഇടയ്ക്കിടെ പ്രഷർകുക്കറിൽ നിന്നുയരുന്ന വിസിൽ പോലെ നെടുനീളൻ നിശ്വാസങ്ങൾ. അതു കേട്ടിട്ടാവണം മൂന്നു പല്ലികളും ഒരു പൂച്ചയും പുറത്തേക്കോടി.

ചിത്രഗുപ്തൻ നിർത്തിയില്ല. വീണ്ടും എഴുന്നേറ്റു നടന്നു. ഇത്തവണ നെടുകെയും കുറുകെയും മാത്രമല്ല വട്ടത്തിലും ത്രികോണാകൃതിയിലും നടന്നു. ചിലപ്പോഴൊക്കെ നടത്തംകൊണ്ട് മാത്രം 'ഋ' എന്നു പോലും എഴുതിയതായി എനിക്കു തോന്നി.

'...പതിനെട്ടിന് പകരം നൂറ്റിയെട്ട്...' ചിത്രഗുപ്തൻറെ ആത്മഗതം
'...ഓ അങ്ങുന്നേ... അങ്ങിനെത്തന്നെ... എല്ലാം അവിടുത്തെ കാരുണ്യം' ആത്മഗതമാണെങ്കിലും ഞാനും സഹകരിച്ചു
'... അതും ആ രാജ്യത്ത്....' ചിത്രഗുപ്തൻറെ ആത്മഗതം വീണ്ടും
'...ഓ അങ്ങുന്നേ... അങ്ങിനെത്തന്നെ... എല്ലാം അവിടുത്തെ കാരുണ്യം', എന്ന് വീണ്ടും ഞാൻ
'... അതും ആ നാട്ടിൽ....' ചിത്രഗുപ്തൻ വീണ്ടും
'...ഓ അങ്ങുന്നേ... അങ്ങിനെത്തന്നെ... എല്ലാം അവിടുത്തെ കാരുണ്യം', വീണ്ടും ഞാൻ
'... ദൈവമേ....' ചിത്രഗുപ്തൻ വീണ്ടും ബോധം കെട്ടുവീണു

'... ഇയ്യാക്കിതെന്തോന്നിൻറെ സൂക്കേടെടേയ്. ചുഴലിയാ...?' എന്ന ഭാവത്തിൽ ഞാൻ കാലനെ നോക്കി. കാലൻ എന്നെയും. പക്ഷെ കാശുകൊടുക്കാനുള്ളവൻറെ മുൻപിൽ പ്രതീക്ഷിക്കാതെ പെട്ടുപോയ കടക്കാരനെപോലെ കാലൻ മുഖം തിരിച്ചുകളഞ്ഞു.

ചിത്രഗുപ്തനു പക്ഷെ ഇത്തവണ വേഗം ബോധം തെളിഞ്ഞു. '....ദൈവത്താണെ സത്യം ഞാൻ ഒന്നും ചെയ്തിട്ടില്ല, കാലനും. '

നടത്തവും ഇരുത്തവും വീണ്ടും ആവർത്തിച്ചു. ബോധക്ഷയം ഒഴികെ എല്ലാം ഏറെക്കുറെ അതുപോലെതന്നെ.

അവസാനം, സിംഹാസനത്തിൽ നിന്നെഴുന്നേറ്റു. എന്തൊക്കെയോ തീരുമാനിച്ചുറച്ച മട്ടിൽ.

ചിത്രഗുപ്തൻ കിരീടം അഴിച്ചു താഴെ വെച്ചു
ഞാനും കാലനും വീണ്ടും മുഖത്തോടു മുഖം നോക്കി, ഇത്തവണ പക്ഷെ ഭാവം പിടിവീണ കമിതാക്കളുടേതായിരുന്നു.

ചിത്രഗുപ്തൻ അഴിപ്പു തുടരുകയാണ്
ഉത്തരീയം അഴിച്ചു, മേലാടയും മേലങ്കിയും അഴിച്ചു. എന്നിട്ടും അങ്ങേരു അഴിപ്പു നിർത്താനുള്ള ഭാവമില്ല.

'...ഇയാൾ ഇതെന്തിനുള്ള പുറപ്പാടാ... ഇനി കൗപീനം മാത്രേള്ളൂ... ഭഗവാനേ കാത്തോളണേ... '. ഞാൻ മനസറിഞ്ഞു വിളിച്ചു. ഒരുപക്ഷെ ഭൂമിയിൽ വെച്ച് അങ്ങിനെയൊരു വിളി അങ്ങേരു കേട്ടുകാണില്ല.
എൻറെ തൊണ്ട വരണ്ടു,കണ്ണുകൾ തള്ളി.

ചിത്രഗുപ്തൻ എന്നോട് കരുണ കാട്ടി.കൗപീനം അഴിച്ചില്ല,
'ഹാവൂ ...രക്ഷപെട്ടു'.

ചിത്രഗുപ്തൻ എൻറെ അടുത്തു വന്നുനിന്നു. മുട്ടുകുത്തി തലതാഴ്ത്തി നിന്നു.

ചിത്ര: 'പ്രഭോ....'
ഞാൻ: '...ങേ....' ഞാൻ ചുറ്റും നോക്കി. ഇയാളരെയാ വിളിക്കുന്നത്? ബ്രഹ്മാവിനേയാണോ...?' ഞാൻ പിന്നെയും നോക്കി ചുറ്റിലും. പല്ലികളെ കണ്ടു. പൂച്ചയേയും ചിലന്തിയെയും കണ്ടു. ബ്രഹ്‌മാവ്‌ ഇല്ലെന്നു മാത്രമല്ല. കാലൻ പോലും രക്ഷപ്പെട്ടിരിക്കുന്നു. എന്നെപോലെ കൗപീനഭീതി അങ്ങേർക്കും ഉണ്ടായിരുന്നിരിക്കാം.

ചിത്ര: '..പ്രഭോ.., ഇതു സ്വീകരിച്ചാലും...' ചിത്രഗുപ്തൻ കിരീടം നീട്ടി. മേലാടയും മേലങ്കിയും ഉത്തരീയവും നീട്ടി.
ചിത്ര: '... പ്രഭോ.., ഇതു സ്വീകരിച്ചാലും... അടിയനോട് ദയവു കാണിച്ചാലും'

ഇയാൾക്ക് വട്ടായാ...? ഇവിടെ ഇപ്പൊ ഞാൻ മാത്രേള്ളൂ. ഇയാളാരോടാ ഈ പറയുന്നത്.

എൻറെ നിസ്സംഗ ഭാവം കണ്ടിട്ടാവണം കയ്യിലുണ്ടായിരുന്നതെല്ലാം എൻറെ കാൽകീഴിൽ വെച്ചിട്ടു പറഞ്ഞു
ചിത്ര: '... പ്രഭോ.., ഇതു സ്വീകരിച്ചാലും... അടിയനോട് ദയവു കാണിച്ചാലും.അങ്ങേക്കു നൽകാൻ ഇതിൽകുറഞ്ഞതൊന്നും മതിയാകില്ല. ഈ അടയാഭരങ്ങളണിഞ്ഞു സിംഹാസനസ്ഥനായാലും. അടിയങ്ങളെ അനുഗ്രഹിച്ചാലും....'

ഞാൻ: '... ചിത്രഗുപ്തൻ സാർ... നിങ്ങളെന്തൊക്കെയാ ഈ പറയുന്നത്? നിങ്ങൾക്ക് ആളുമാറിയതാണ്'

ചിത്ര: '... ആ രാജ്യത്തു...' അയാൾ വൈകാരികമായി വിക്ഷുബ്‌ധനാണ്‌
' ... ആ നാട്ടിൽ...' ചിത്രഗുപ്തൻ തുടർന്നു കൊണ്ടേയിരുന്നു
'... ഹർത്താലുകളെയും ബന്തുക്കളെയും സമരങ്ങളെയും ചാനലുകളെയും സീരിയലുകളെയും രാഷ്‌ട്രീയ സാംസ്‌കാരിക കോലാഹലങ്ങളേയും അതിജീവിച്ചു...'
..... ദൈവമേ... എനിക്ക് ഓർക്കാൻ കൂടിവയ്യ...' ചിത്രഗുപ്തന് വാക്കുകളിടറി
''...എല്ലാറ്റിനെയും അതിജീവിച്ചു നൂറ്റിയെട്ടു വർഷങ്ങൾ....'

ചിത്രഗുപ്തൻ വീണ്ടും ബോധംകെട്ടു.
ഇതുവരെ തെളിഞ്ഞിട്ടില്ല, ബോധം...

...തുടർന്നേക്കാം, ചിതറിയ ചിന്തകൾ
inspired by: July 11 2017 റേഷൻ കാർഡിനുള്ള ക്യൂ ...


up
0
dowm

രചിച്ചത്:അനീഷ് അഹമ്മദ്
തീയതി:11-07-2017 10:16:36 PM
Added by :അനീഷ് അഹമ്മദ്
വീക്ഷണം:382
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :