മുത്തശ്ശിയാണു ശരി
ഞാന്‍:
കുത്തിയൊലിക്കും മലവെള്ളത്തെ
തടയാന്‍ ഞാനൊരു ചിറകെട്ടി!
കത്തിജ്വലിക്കും സൂര്യനെ ദഹനം
ചെയ്യാന്‍ ഞാന്‍ ചെറു ചിതകൂട്ടി!
കൊമ്പു കുലുക്കി വരും ഗജരാജനെ
വരിയാന്‍ വാഴക്കയര്‍ നീട്ടി!
വീശിയടിക്കും കാറ്റിനു മുന്നില്‍
തടയായ് ചെറിയ മുറം കെട്ടി!
മാമക ശേഷീ ശേമുഷിയഖിലം
പാഴ് വേലകളാമിതിലൂട്ടി
പാഴായതു മല്‍ ജീവിത പാതി-
യെനിക്കിനി വ,യ്യെന്‍ കൈകൂപ്പി!
മുത്തശ്ശി:
മലവെള്ളത്തെ തടയാന്‍ ചെറിയൊരു
ചിറമതിയാവില്ലെന്‍ കുട്ടീ!
കത്തും സൂര്യനു ചിത തീര്‍ത്തീടാന്‍
മോഹിക്കുന്നവനാം വിഡ്ഢി!
ഗജരാജാവിനെ വരിയുകയല്ല
മെരുക്കുക നീ, യതു സല്‍ബുദ്ധി!
കാറ്റിനു മാറി നടക്കുക; ജീവിത
യാത്ര സുരക്ഷിതമെന്‍ കുട്ടീ
നന്മകളില്‍ നിന്‍ ശേഷീ ശേമുഷി
വിത്തുകള്‍ പാകുക; വന്‍ വൃദ്ധി-
വന്നണയും നിന്‍ ചിത്തനിരാശക
ളകലും; മോദത്തിരി കത്തും!
Not connected : |