അതില്‍ രക്തം പുരളരുത്
'കരുണാ!
ഇന്നലെവരെ
നിന്റെ മകള്‍ ദീപയും
എന്റെ മകള്‍ ഫാസിയും
നമ്മുടെ മുറ്റങ്ങളില്‍ മാറിമാറി
അപ്പം ചുട്ടു കളിക്കുകയായിരുന്നു!
വിളക്കു വെക്കാന്‍ നേരം
മുത്തശ്ശിമാരുടെ വിളികേട്ടാണ് മിക്കപ്പോഴും
അവര്‍ വീടുകളിലേക്ക് പിരിഞ്ഞു പോയത്;
നാളെയും കാണാം എന്നര്‍ത്ഥത്തില്‍
രണ്ടു കുഞ്ഞു കൈകളും പരസ്പരം കൂട്ടിയടിച്ച്!'
'കരുണാ! എന്റെ വീട്ടിലേക്ക് പെരുന്നാളും
നിന്റെ വീട്ടിലേക്ക് ഓണവും
നാളെയാണ് അഥിതികളായെത്തുന്നത്.
വരാനിരിക്കുന്ന ആഹ്ലാദ നിമിഷങ്ങളെക്കുറിച്ച്
ഏറെ നേരം സംസാരിച്ചാണ്
നമ്മള്‍ തമ്മില്‍ ഇന്നലെ യാത്രപറഞ്ഞത്!
സ്‌നേഹത്തിന്റെ അര്‍ത്ഥവും പ്രായോഗികതയും പഠിക്കാന്‍
നാട്ടുകാര്‍ എന്റെയും നിന്റെയും നേര്‍ക്ക്
വിരല്‍ ചൂണ്ടുന്നത്; അവരറിയാതെ നമ്മള്‍
നോക്കി ആസ്വദിച്ചിട്ടുണ്ട്.'
'കരുണാ!
എന്നും പുഞ്ചിരിച്ചു മാത്രം കണ്ടിരുന്ന നിന്റെ മുഖത്തില്‍
ഇന്നീ രാവില്‍ ഇത്രമാത്രം വികൃതമാം വിധം
കരിവാരിത്തേച്ചതാരെ?!
നിന്റെ മനസ്സില്‍ ഇത്രമാത്രം പകയിട്ടു കത്തിച്ചതാരെ?!
അറിഞ്ഞില്ലായിരുന്നു; പേരുപോലെത്തന്നെ
എന്നും കരുണ കത്തി നിന്നിരുന്ന നിന്നിലെവിടെയൊ
ക്രൂദ്ധമായ ഒരു ക്രൂരതയുടെ കുറുനരി
പതുങ്ങിക്കിടപ്പുണ്ടായിരുന്നുവെന്ന്!'
'ഇന്നു നിനക്കെന്നെ വേണം;
അല്ല, എന്റെ ജീവനും രക്തവും!!
അതിനാണല്ലൊ ഊരിപ്പിടിച്ച കഠാരയുമായി
നീയെന്റെ മുന്നില്‍ നിന്ന് വിറകൊള്ളുന്നത്
അത്ഭുതമാണ് ലോകവും ലോകനീതിയും!
പടം കൊണ്ടു മൂടിയ സ്‌നേഹം!
പാഴ് വാക്കുകള്‍ കൊണ്ടലങ്കരിച്ച സാഹോദര്യം!
വിഷം പുരട്ടിവെച്ച പുഞ്ചിരി!
ചിലന്തിവലകള്‍കൊണ്ട് നെയ്‌തെടുത്ത സൗഹൃദം!
എല്ലാം കപടം!'
'യൂസുഫ്! നിന്റെ സെന്റിമെന്റിന് കാതു നല്‍കാന്‍
എനിക്കു നേരമില്ല
ലഭ്യമായ ആജ്ഞ നിന്നെ വധിക്കാനാണ്
ഇന്ന് എനിക്കു നിന്നെ പരിചയമില്ല
നീയുമായുള്ള എന്റെ ബന്ധം എനിക്കറിഞ്ഞുകൂടാ...'
'കരുണാ! ആയ്‌ക്കോട്ടെ, എന്റെ മരണത്തിന്റെ ദൈവ വിധിയില്‍
നിന്റെ കയ്യിലെ കഠാരയുടെ സാന്നിധ്യമുണ്ടെങ്കില്‍
ഞാനെന്തിന് ഭയക്കണം!
കൈ വിറക്കാതെത്തന്നെ എന്റെയീ നെഞ്ചിനു ചേര്‍ത്ത്
കഠാര കുത്തിയിറക്കുക;
അതിനു മുമ്പ്... ഇതാ ഈ കവറിനുള്ളില്‍
എന്റെ, നമ്മുടെ ദീപൂട്ടിക്കും ഫാസിമോള്‍ക്കുമായി
ഞാന്‍ വാങ്ങിയ പെരുന്നാളുടുപ്പും
ഓണക്കോടിയും കയ്യില്‍ വാങ്ങുക;
അതില്‍ രക്തം പുരളരുത്!!'
Not connected : |