ഒരു പ്രണയ ചിത്രം 🦋
ഒരു കവിത കൂടി ഞാൻ പങ്ക് വെയ്ക്കാം
എന്നോർമ്മകൾ ഒന്നൂടെ ഓർത്തെടുക്കാം ..
പുസ്‌തകത്താളിലെ ആ മയിൽപ്പീലിയെ
പ്രണയമെന്ന് പേരിട്ട് ഞാൻ വിളിച്ചു..!!
എന്നധരത്തിൽ വിരിയുന്ന പുഞ്ചിരിയും
പിന്നെ നിൻ കവിളിൽ വിരിയും നുണക്കുഴിയും..
ആദ്യമായ് കണ്ടതും ഒന്നു ചിരിച്ചതും
അറിയാത്ത ഭാവം നടിച്ചു നീ പോയതും,
കാർമേഘവർണ്ണമാം നിൻ മുടിയിഴകളെ ഒരു കുളിർക്കാറ്റായ് വന്നു ഞാൻ ..
കൊതിയോടെ കോരിയെടുത്തുവെന്നോ..?
എന്റെ സ്‌പർശത്തെ നീ അറിയാതെ പോയതോ?
അതോ അറിയാത്തതായ് നീ ഭാവിച്ചാതോ..?
നിൻ പാദസരസ്വരം കേട്ടുഞാനുണർന്നതും
ഒരു വാക്ക് മൊഴിയുവാൻ എന്നധരങ്ങൾ കൊതിച്ചതും
ഒളികണ്ണാൽ നോക്കി നീ തിരക്കിട്ട് പോയതും
പിന്നെ തിരിഞ്ഞൊരു പുഞ്ചിരി തന്നതും..!
നാണിച്ച നിൻ മിഴികൾ ഞാൻ കണ്ടുകൊതിച്ചതും
അറിയാതെ എൻമനം നിൻ ഹൃദയം കവർന്നതും..
ഒന്നിച്ചൊരായിരം കനവുകൾ കണ്ടതും
ഏതോ സ്വകാര്യം നീ പറയാൻ തുനിഞ്ഞതും..
പിന്നെ ഒരു വാക്ക് മൊഴിയാതെ നീ പോയകന്നതും...!!
നീയില്ലയെങ്കിലെൻ സന്തോഷമുണ്ടോ..,
കിനാക്കളുണ്ടോ, നല്ല സ്വപ്നങ്ങളുണ്ടോ..?
തോരാതെ പെയ്യുമെനോരോ കിനാക്കളും
ഒരു മയിൽപ്പിലിയായ് സൂക്ഷിച്ചുവെച്ചു..!
നീ വരും വഴികളിൽ എന്നെ നീ കണ്ടപ്പോൾ
നറു പുഞ്ചിരിതൂകി നീ നിന്നതെന്തേ..?
പറയാതെ പോകുന്ന നേരത്തു നീ തന്ന-
തവസാന പുഞ്ചിരിയായിരുന്നോ..?
എന്റെ മോഹങ്ങൾക്ക് വർണ്ണങ്ങൾ നൽകി നീ
എന്നെ തനിച്ചാക്കി പോയതെന്തേ..?
നിന്നോടൊത്തു കിന്നാരം ചൊല്ലി നടക്കുവാൻ
ഒരു ചിത്ര-ശലഭമായ് വന്നിടും ഞാൻ!
പാട്ടിന്റെ ഈണത്തിൽ തേൻമൊഴി കേൾക്കുവാൻ
നിൻ ചാരത്തു പാറിപ്പറന്നീടും ഞാൻ..!
ഒരു നിലാപ്പക്ഷിയായ് വന്നുനീ എൻ കനവിൽ
പ്രണയമെന്താണെന്ന് പറഞ്ഞുതന്നു.
നിന്നധരത്തിൽ വിടരുന്ന ചിരിയോന്നു കാണുവാൻ
ഇനിയെത്ര ജൻമ്മം ജനിച്ചിടേണം!!
___രചന: വൈക്കത്ത് സുഹാസ്
Not connected : |