പ്രണയിനിക്ക് ഒരു തുറന്ന കത്ത്
കാമിനീ,
കാലം കടന്നു പോകും മുന്‍പ്,
വാഴ്വിന്റെ ഗ്രീഷ്മാതപം എന്റെ വാക്കിന്റെ
ചോരയും നീരും കവര്‍ന്ന്‍ പോകും മുന്‍പ്
സാരാംശമെല്ലാം ഗ്രഹിക്കുക!വാക്കുകള്‍
പൂമഴ പെയ്യിച്ച വാസന്തമല്ലിന്നു,
കേട്ടിട്ടും തോറും മടുത്തിടാം! പിന്നെ നാം
ഓര്‍ത്തിടും തോറും വെറുക്കാം പരസ്പരം!
ജാലകമെല്ലാം അടഞ്ഞു പോകെ ,സ്നേഹ-
ദീപങ്ങള്‍ ഒന്നായ് അണഞ്ഞു പോകെ, രാത്രി
ജീവനിലെന്നും വിരിക്കും തമസ്സിന്റെ
നീറുമീ ഏകാന്ത ശയ്യയില്‍,അജ്ഞാത
ഭൂത ഗണങ്ങള്‍ എന്നുള്ളില്‍ ഉണരവേ,
എണ്ണയും വേര്‍പ്പും മണക്കും ശരീരവും
നിന്നിലെ നിന്നില്‍ ജ്വലിക്കും കനലുമായ്
വന്നു ചേരുന്നു നീ, കയ്പ്പ് നീര്‍ ചാലിക്കു-
മെന്റെ മാത്രം പാന പാത്രം പകുക്കുവാന്‍!
പിന്നെ പകല്‍, വെയില്‍ ഉച്ച വെളിച്ചമായ്
നമ്മില്‍ പതിക്കുന്ന നേരം , മനസ്സിലെ
കണ്ടുതീരാത്ത ഗ്രഹങ്ങള്‍ മായുന്നു ,നിന്‍-
കണ്ണിലെ താരാ ഗണങ്ങളും മായുന്നു!
ഉള്ളില്‍ കനക്കും അനന്ത മൌനത്തിന്റെ
അന്തര്‍ ഗതങ്ങള്‍ പരസ്പരം മിണ്ടാതെ
എന്തോ പറഞ്ഞു പിരിഞ്ഞു പോകുന്നു നാം!
ഏതോ കടല്‍ ക്കൊടും കാറ്റില്‍ കിനാവിന്റെ
യാനപാത്രങ്ങള്‍! സഖീ നിന്റെയുള്ളിലെ ,
മോഹങ്ങള്‍ എന്നോ വരും രാത്രിനൌക! ഞാന്‍
ഖേദങ്ങള്‍ കാതോര്‍ത്തിരിക്കും കടല്‍മുഖം!
നാഗ വികാര തരംഗങ്ങള്‍ ഉന്മാദ-
ഭൂത പ്രവാഹമായ് ഈ ജലരാശിയെ
തീവ്ര വേഗങ്ങള്‍ ആക്കുന്നൂ!നമുക്കിതിന്‍
തീരത്തില്‍ എങ്ങു വിശ്രാന്തിയും സൌഖ്യവും!
കാമിനീ, നേരിന്റെ താപമീ ജീവന്റെ
ചോരയും നീരും കവര്‍ന്നു പോകും മുന്‍പ്,
ആര്‍ദ്രമായ് എന്‍ നേര്‍ക്ക് നീട്ടും മനസ്സിന്റെ
വാതായനങ്ങള്‍ അടയ്ക്കുക ! പിന്നെയാ
വാതായനങ്ങള്‍ തുറക്കാതിരിക്കുക!
സ്നേഹം നിരാലംബി തന്‍ സ്വപ്ന ഗേഹം! ഈ
ദേഹം അതിന്‍ മൃത്യു ശയ്യയാകാം സഖീ!
Not connected : |