ഞാനും നീയും
ഞാന്‍
എന്തിനാണ് എന്‍റെ ഓര്‍മ്മകള്‍ക്കുമുകളില്‍
നീ വീണ്ടും മൂടുപടങ്ങള്‍ അണിയുന്നത്...?
നിന്‍റെ സ്നേഹക്കനിവിന്‍റെ ഒരിറ്റു ദാഹജലത്തിനായി
ഒരു വേഴാമ്പലാവുന്നതും ,
നിന്‍റെ പൂക്കാത്ത വസന്തത്തെ കാത്ത്
പൂമ്പാറ്റയായി അലയുന്നതും,
നിന്‍റെ നനുത്ത മഞ്ഞുസ്പര്‍ശത്തിനായി
അതിശൈത്യത്തിന്‍റെ കാറ്റിലുലയുന്നതും
നീ കാണുന്നില്ലേ...?
ഒടുവില്‍ ഓര്‍മ്മകളുടെ ഉലയൂതലില്‍
ജ്വലിച്ചും, എരിഞ്ഞടങ്ങിയും,
കരിഞ്ഞു വെണ്ണീരായും മുകളിലേക്കുയരുന്ന
ധൂളികലായി അനന്തയാത്രയുടെ വിഹായസ്സിലേക്ക്
അനുസ്യൂതം അലിഞ്ഞില്ലാതാവുന്നത്
ഞാനും, എന്‍റെ സ്വപ്നാടനങ്ങളും,
വാക്കുകളിലൊളിപ്പിച്ച ചിന്താശകലങ്ങളും മാത്രം.
പിന്നെ,
നിന്‍റെ ഓര്‍മ്മകളില്‍ വിരിയുന്ന തളിരുകള്‍ക്ക്
ഞാന്‍ ചാരവും വളവുമാകും...
വീണ്ടും മണ്ണടരുകളില്‍ ലയിച്ച്
പരിണാമത്തിന്‍റെ അവസാന കണ്ണിയുമന്വേഷിച്ച്
മണ്ണിലൂടെ അനന്തയാത്ര തുടരുന്നു.....
നീ
മണ്ണടരുകളില്‍ ലയിച്ചില്ലാതായ
ഓര്‍മ്മകളുടെ ശീലുകളെ
നിന്‍റെ തളിരിലകളിലൂടെ
നിന്നിലേക്കുതന്നെ വലിച്ചൂറ്റിയെടുക്കുന്നതും,
ഒടുവില്‍ ഇലയായും പൂവായും
സ്വാഭാവിക പരിണാമത്തിന്‍റെ
ഉയര്‍ത്തെഴുന്നേല്‍പ്പുകളിലേക്ക്
എനിക്ക് ജീവശ്വാസമേകുന്നതും,
നീ....
ഒടുവില്‍ ശിശിരത്തിന്‍റെ ചവറ്റുകുട്ടയിലേക്ക്
ഞാനാം ഇലകള്‍ മഞ്ഞവര്‍ണ്ണങ്ങള്‍ വാരിയണിയുമ്പോള്‍,
കൊഴിഞ്ഞുപോക്കിന്‍റെ വസന്തത്തില്‍
ഞാനാം പൂവിതള്‍ കൊഴിയുമ്പോള്‍,
പുതിയ തളിരുകള്‍ക്ക് കാതോര്‍ക്കുന്നതും,
നീ അവഗണിച്ച ഇലകളും പൂവുകളും
നീപോലുമറിയാതെ നിന്നിലേക്കുതന്നെ
പടര്‍ന്നു കയറുമെന്നുമറിയാതെ
ഗര്‍വ്വോടെ ഗഗനത്തിനു കീഴെ
തലയുയര്‍ത്തി നില്‍ക്കുന്നതും
നീയെന്ന പടു വൃക്ഷം.....
Not connected : |