മലര്  - മലയാളകവിതകള്‍

മലര്  

'അറിഞ്ഞോ'യെന്നു കണ്ണീരൊഴുക്കുന്നു

മലയാളം

നെഞ്ചോടു ചേർത്തു പിടിച്ചിട്ടും

പട്ടാപ്പകലവരെന്റെ മക്കളെ

തെരുവിലേക്ക് വലിച്ചെറിയുന്നുണ്ട്

ചെളി പുരണ്ട നാവുകൾ കൊണ്ടവരെ

നക്കിത്തുടയ്ക്കുന്നുണ്ട്

കൂട്ടം ചേർന്ന് ഓരിയിടുന്നുണ്ട്



കാലൊടിച്ചും കൈയൊടിച്ചും

കണ്ണുകൾ ചൂഴ്ന്നെടുത്തും

വിരൂപികളാക്കി മാറ്റി

ഉദ്ധരണിയുടെ കറുത്ത ചിഹ്നമൊട്ടിച്ച്

അസഭ്യതയുടെ ചവറ്റുകുട്ടയിലേക്ക്

നിഷ്കരുണം എറിഞ്ഞു കളയുന്നുണ്ട്



'മലര'ണിക്കാടുകൾക്ക് ചാമരം വീശിയും

'മലർ'മന്ദഹാസത്തിനു മാറ്റുകൂട്ടിയും

കൊട്ടാരമുറ്റത്തോടിക്കളിച്ച കിടാങ്ങളെയാണ്

കുപ്പയിലേക്ക് നിങ്ങൾ പറിച്ചുനട്ടത്



'കുലീനത'യുടെ വസ്ത്രങ്ങളുരിഞ്ഞു

പൊള്ളലേൽപ്പിച്ചു കുത്തിനോവിച്ചു

വ്രണങ്ങൾ പഴുത്തു പൊട്ടിയപ്പോൾ

നിങ്ങൾ ചിരിച്ചു

ആർത്താർത്തു ചിരിച്ചു



ഇനിയുമെത്ര മക്കളെ നിങ്ങളിങ്ങനെ

വലിച്ചിഴച്ചു കൊണ്ടുപോവും

എത്ര പേരുകൾ മാറ്റിയെഴുതും

കണ്ണീരൊഴുക്കുന്നുണ്ട് മലയാളം.


up
0
dowm

രചിച്ചത്:NayanaBaiju
തീയതി:19-02-2018 04:28:18 PM
Added by :നയനബൈജു
വീക്ഷണം:56
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :