ജീവിതം
പട്ടുകുപ്പായമെന്ന പോൽ
തിളങ്ങണം
ആകാരവടിവിൻ
അളവെടുത്തു തയ്ക്കണം
ചുറ്റുമുള്ള കണ്ണുകളെ
ആകർഷിക്കണം
ഇടയ്‌ക്കിടെയോരോ
മുത്തുകൾ പതിക്കണം
കറ പുരണ്ടാൽ
കല്ലിൽ തല തല്ലി കരയണം
പിഴിഞ്ഞു നീരൂറ്റിയെടുക്കുമ്പോൾ
കണ്ണടച്ചു സഹിക്കണം
പകലിൻ ചൂടേറ്റ്
അയയിൽ വിശ്രമിക്കണം
ഇസ്തിരിപ്പെട്ടിക്കു കീഴെ
ചുളിവു മാറ്റി ചിരിക്കണം
പിഞ്ഞിക്കീറിയ മുദ്രകൾ
ബാക്കിയുണ്ടാവുമെന്നാലും.
നിറം കെടാതെ നോക്കണം
സുഗന്ധങ്ങൾ പൂശണം
കുടുക്ക് പൊട്ടും മുമ്പേ
പുതിയവ കരുതി വെക്കണം
നൂലൊന്നു പൊട്ടിയാൽ
'ഒളിഞ്ഞുനോക്കുമിട'ങ്ങൾ
മറച്ചു വെക്കാൻ പഠിക്കണം
ഒടുവിലൊരു ചാരുകസേരമേൽ
പൊടി തുടച്ചു
ചുരുണ്ടു കൂടിയിരിക്കണം
Not connected : |