*താരാട്ട് * - മലയാളകവിതകള്‍

*താരാട്ട് * 


☘☘☘
താരാട്ടുറങ്ങുന്നൊരമ്മ തൻമാനസ-
ക്കടലിന്റെയാ ഴമിതാരറിവൂ !
ആകാശവിസ്താര നീലിമയേറ്റുവാ-
നാഴിതൻ നെഞ്ചം വിരിച്ചിടുമ്പോൽ,
അമ്മതൻ മാനസച്ചോലയിൽച്ചേരുവാ-
നൂറിയെത്തും നൂറു കുഞ്ഞരുവിയായ്
തേങ്ങുന്ന കുഞ്ഞിന്റെ ചുണ്ടിലും ഹൃത്തിലും
അമ്മതൻ സ്നേഹം നിറഞ്ഞിടുന്നൂ...
തോരാതെ പെയ്യുന്ന വർഷപാതം പോലെ
അമ്മതൻസ്നേഹം പൊഴിഞ്ഞിടുന്നൂ....

മുത്തും പവിഴവും വൈരരത്നങ്ങളും
ആഴിതന്നാഴത്തിലുണ്ടു ചേലായ്,
അമ്മതൻ ഹൃത്തിലും വറ്റാത്ത വാത്സല്യ-
വൈഡൂര്യരത്നക്കലവറയും...
ജീവജാലത്തിന്റെ വൈവിധ്യ മാസ്മര-
സങ്കീർണ്ണ സമ്പന്ന സാഗരത്തിൻ
സമ്പൂർണ്ണഭാവവും സൂക്ഷ്മമായ് സൂക്ഷിച്ചു
പുഞ്ചിരിതൂകിടുന്നമ്മയെന്നും,
വെമ്പുന്നുമക്കൾക്കൊരായിരം കൈകളാൽ
അന്നം പകർന്നിടാൻ, ഓമനിയ്ക്കാൻ...
കണ്ണീർപൊടിച്ചുകൊണ്ടുണ്ണി വിതുമ്പിയാൽ
ആശ്വാസിപ്പിച്ചിടാൻ സാന്ത്വനിപ്പാൻ..

രാവിലും തീരത്തലയ്ക്കുന്നൊരോളമായ്
നിദ്ര കളഞ്ഞിട്ടു ലാളിയ്ക്കുവാൻ,
ഓളത്തിനൊട്ടും മുറിയാത്ത താളമായ്
ഓമനക്കാൽകളിൽ തട്ടീടുവാൻ
അമ്മതൻ ജീവന്റെ നേരു കിനിഞ്ഞിടും
നെഞ്ചിന്റെ ചൂടേറ്റുറങ്ങീടുവാൻ
കൊഞ്ചുന്ന കുഞ്ഞിന്നു സ്നേഹം പകർന്നിടും
അമ്മയാം നന്മതൻ പാൽക്കടലിൻ
തീരാത്തൊടുങ്ങാത്ത താളം പിഴയ്ക്കാത്ത
തീരം കുളിർക്കും തിരകളായി,
വറ്റാത്ത മങ്ങാത്ത നിത്യസത്യത്തിന്റെ
സ്നേഹ പ്രതീകമായ് താരാട്ടുകൾ...
☘☘☘


up
0
dowm

രചിച്ചത്:വിനിത അനിൽകുമാർ
തീയതി:22-02-2018 04:34:52 PM
Added by :Dr.Vinitha Anilkumar
വീക്ഷണം:78
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :