*പ്രണയം * - പ്രണയകവിതകള്‍

*പ്രണയം * 


പ്രണയമൊരു പ്രതീക്ഷാ മുനമ്പാണ്...
മാരിയായി, മഞ്ഞായി ,
മലർ തിങ്ങും മരമായി
മനവും തനുവും കുളിർപ്പിയ്ക്കും
മാരിവില്ലിൻ സപ്തവർണമാണ് .

പ്രണയമൊരു പ്രളയമാണ്..
കനവായ്, കവിതയായ്
കാറ്റിൽ മഴച്ചാറ്റലായ്
ഭൂമീ മനം നിറച്ചു പെയ്യുന്ന
കർക്കിടകപ്പെരും മഴ തന്നെയാണ് .

പ്രണയമൊരു നോവാണ്...
ശാഠ്യമായ്, വഴക്കായ്
കള്ളപ്പിണക്കങ്ങളായ്
പറയാതെ പറയുന്ന പരിഭവക്കൊഞ്ചലായ്
വിരഹക്കനൽച്ചൂടിൻ പൊള്ളലാണ്.

പ്രണയമൊരു കടലാണ്...
അലയായ്, അഗാധനീലയായ്
അടങ്ങാത്തിരകളിൻ ചാഞ്ചാട്ടമായ്
മുത്തും പവിഴവും കുമ്പിളിൽ സൂക്ഷിച്ച്
മാടിവിളിയ്ക്കുന്ന സൗന്ദര്യമാണ്.

പ്രണയമൊരു പൈങ്കിളിയാണ്...
പച്ചയായ്, നീലയായ്
പഞ്ചവർണത്തികവുമായ്
കൊക്കും ചിറകും ചരിഞ്ഞുള്ള നോട്ടവും
കൊത്തി വലിയ്ക്കുന്ന സൂത്രമാണ്.

പ്രണയമൊരത്ഭുതമാണ്...
പ്രതീക്ഷയായ് , സ്വപ്നമായ്,
സുഖമുള്ള നോവായി,
ആരും കൊതിയ്ക്കുന്ന സത്യമായി,
പ്രകൃതിതന്നജ്ഞാത ശക്തിയായി,
യുഗങ്ങളായ് നീളുന്ന പ്രണയ പ്രളയവും
പ്രണയ മഹാ മഴപ്പെയ്ത്തിൻ രഹസ്യവും
അറിയാതെയെങ്കിലും
പ്രണയപ്പെരുമഴ നനയുന്ന മനസ്സുകൾ സൗഭാഗ്യ ദേവതാ ക്ഷേത്രമാണ്.


up
0
dowm

രചിച്ചത്:വനിതാ അനിൽകുമാർ
തീയതി:22-02-2018 04:37:50 PM
Added by :Dr.Vinitha Anilkumar
വീക്ഷണം:738
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :