മഴപ്പെയ്യ്ത്ത് - പ്രണയകവിതകള്‍

മഴപ്പെയ്യ്ത്ത് 


ഒരിക്കലൊന്നു സംസാരിച്ചു,
ഫോണ്‍ വച്ചധികമാകും മുന്‍പേ,
മറന്നു പോയതെന്തോ
ഓര്‍ത്തെടുത്തു പറയാന്‍
വീണ്ടും വിളിക്കുന്നത്‌ പോലെയിവിടെ
മഴ.

ഒരു നീണ്ട
പെയ്യ്ത്തിനൊടുവിലും
പറഞ്ഞു തീര്‍ക്കാന്‍ എന്തൊക്കെയോ
ബാക്കിയാകുന്നു-
പെയ്യ്തു ഒഴിയാന്‍ മഴക്കാറുകള്‍
മാനത്ത് വട്ടം കൂടുന്നു.
സങ്കോചത്തോടെ,
വീണ്ടുമൊരു
മഴച്ചാറ്റലായി
പെയ്യ്തു ഒഴിയവേ,
ഒക്കെ പറഞ്ഞു കഴിഞ്ഞെന്ന സംതൃപ്തി.

നീണ്ടും കുറുകിയും
പെയ്യുന്നതിനിടയില്‍
അകലങ്ങളില്‍ നിന്ന് കേട്ടെടുക്കുവാന്‍
കഴിയുന്ന ശ്വാസതാളം,
കാണാതെ കണ്ടെടുക്കുവാന്‍ കഴിയുന്ന
ഭാവപ്പകര്‍ച്ചകള്‍.
എത്ര ദൂരെ
കാണാമറയത്തായിരുന്നാലും
സ്വരവ്യതിയാനങ്ങളില്‍ തൊട്ടറിയാം
മഴയുടെ
മനോവ്യാപാരങ്ങള്‍.

ഓരോ തവണ
മഴ സംഭവിക്കുമ്പോഴും
ഞാന്‍ മഴയെ
കൂടുതലറിയുന്നു,
മഴയിലേക്ക്‌
കൂടുതലടുക്കുന്നു,
മഴയെ,മഴയെ മാത്രം
കണ്ണില്‍ നിറയ്ക്കുന്നു.


up
0
dowm

രചിച്ചത്:
തീയതി:23-05-2012 07:20:31 AM
Added by :yamini jacob
വീക്ഷണം:257
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :