പ്രണയക്കടൽ
വാക്കു വറ്റിയ തൊണ്ടയിൽ
ഉമിനീരിറക്കിയുണ്ടാക്കിയ
കടൽപ്പരപ്പിൽ
തല നീട്ടിത്തുള്ളി
ആഴങ്ങളിലേക്ക് കൂപ്പുകുത്തുന്നുണ്ട്
ചില 'വാക്കുമത്സ്യങ്ങൾ'
വിശ്രമിക്കാനിടം കാണാതെ
കടൽനീലിമ നോക്കി
നിർത്താതെ ചിറകടിക്കുന്നുണ്ട്
ഹൃദയത്തിലൊരു കറുത്ത പക്ഷി
കരയിലേക്കോ നടുക്കടലിലേക്കോ
തുഴയേണ്ടതെന്നറിയാതെ
തിരകളിലിളകിയാടുന്നുണ്ട്
വിയർപ്പുപ്പു കുറുക്കി
പഴക്കം ചെന്നൊരു തോണി
മണലിൽ നിന്റെ
നിഴൽപ്പാട് കണ്ടെന്നാൽ
നിനക്കു വേണ്ടി
വാക്കുമത്സ്യങ്ങളെ
നിരയായി കോർത്തു വെച്ച്
ഈ സമുദ്രം
ഞാൻ വറ്റാതെ കാത്തുവെക്കുമെന്ന്
ഒരു തോണിക്കാരൻ
Not connected : |