32 മുതല്‍ 38 വരെ
32./34 എന്നവരും
അല്ലല്ല 36/38 എന്നവനും
എന്നും വന്ന് നെഞ്ചില്‍
കൊള്ളുന്ന നോട്ടങ്ങളെ
ഒരു ശീലക്കുടയ്ക്കുള്ളിലെ
ഓട്ടകളിലൂടിറ്റ് വീഴുന്ന
മഴത്തുള്ളികളായവള്‍
സങ്കല്‍പ്പിക്കും
നനയുകയുമില്ല
എന്നാല്‍
ചോരുകയും ചെയ്യും
ബസിന്‍റെ മുകളിലെ കമ്പിയില്‍
കൈയെത്തി പിടിക്കുമ്പോള്‍
തന്‍റെ മുഴുപ്പിലേയ്ക്ക് വരുന്ന
കൈകളെ അതിവിദഗ്ധമായ-
വള്‍ ഇടം കൈകൊണ്ട് നേരിടും
തിമിര്‍ത്ത് വീഴുന്ന കണ്ണേറിന്‍
കയ്പ്പുകളെ ,,,
ഭദ്രമായ് ....
വാനിറ്റി ബാഗിലൊളിപ്പിച്ച്
വയ്ക്കും
രാത്രി കിടക്കുമ്പോള്‍
ചിലപ്പോള്‍ പുതച്ചുറങ്ങാന്‍ -
പാകത്തിലവളതിനെ
ഒരു കമ്പിളിപുതപ്പായ് തുന്നും
ഇവള്‍ക്കിതെന്താ പല ദിവസം
പലയളവെന്ന് എന്നും പോകുന്ന
ബസിലെ കിളിയും
അടുത്തൂണ്‍ പറ്റിയെങ്കിലും
എന്നുമാ ബസിലെ യാത്രക്കാരനായ
ജോസഫ് മാഷും ചിന്തിക്കും
അവരുടെ ഹൃദയമിടിക്കുന്നത്
എന്നുമവള്‍ കേള്‍ക്കും
അതുമെടുത്ത് ....
അവളരിക് തുന്നിയൊരു
കൈലേസില്‍ പൊതിഞ്ഞു വയ്ക്കും
ഇടയ്ക്കിടെ ....
കണ്ണ് തുടയ്ക്കുമ്പോള്‍
നനവുണ്ടാകില്ലന്നവള്‍ക്കറിയാം
വൈകുന്നേരം മുറിയടച്ച്
ചിലപ്പോള്‍ 32
അല്ലെങ്കില്‍ 36
അല്ലെങ്കില്‍ 38
അതവളഴിച്ച് വയ്ക്കും
കണ്ണാടിയില്‍....
തുറന്ന ചിത്രങ്ങളില്‍
കുന്നുകളും മരങ്ങളുമില്ലാത്തൊ-
രു മരുഭൂമിയെ കണ്ട്
കണ്ണിറുക്കി ചിരിക്കും
മുറിച്ചു മാറ്റപ്പെട്ട ...
രണ്ടു മാറുകളില്‍
ഒന്നെങ്കിലും-
കിളിര്‍ക്കുമോയെന്ന്
വെറുതെ പരതി നോക്കും
Not connected : |