മരണമേ നീ ചുംബിച്ചുടച്ച വാക്കാണ്‌ ജീവിതം - തത്ത്വചിന്തകവിതകള്‍

മരണമേ നീ ചുംബിച്ചുടച്ച വാക്കാണ്‌ ജീവിതം 

മരണമേ നീയെന്‍റെ -
അരികിലെത്തുമ്പോള്‍
മധുരമായോതുമി-
ച്ചെറുജീവിത സ്പന്ദനങ്ങള്‍

ഏതോയിരുട്ടിന്‍റെ നീലിച്ച
ചില്ലയില്‍ ജീവിതം
പാടേ മറന്നുപോകുന്നതും

ഏതോ വസന്തന്തിലെന്നെ
തൊട്ടുപോയെന്നതും
ഏതോ ഗ്രീഷ്മത്തിലെന്നെ
പൊള്ളിച്ച് പോയെന്നും
ചൊല്ലണം നീയെന്‍റെ
കാതില്‍ മധുരമായ്

വിവര്‍ത്തനം ചെയ്യാന്‍ കഴിയാത്ത
വാക്കിന്‍റെ
ഒടുവിലെയക്ഷരപ്പെരുമയാണെന്നും
തെറ്റിച്ച് തെറ്റിച്ച് പിന്നെയും മായിച്ച്
പൂജ്യമാകുന്നൊരു ഉത്തരം തെറ്റും
കണക്കാണ് ജീവിതം

വൃത്തവും താളവും ഒത്ത്
വരാത്തൊരു അക്ഷരത്തെറ്റുള്ള
കവിതയോ ജീവിതം..?

എങ്കിലും മരണമേ..

കൊടിയിറങ്ങുന്നൊരീ
പ്രണയതീര്‍ത്ഥങ്ങളില്‍ കാലിടറി
വീണതുമോര്‍മ്മിപ്പിക്കണം നീ

ഒടുവിലാ ചിരിയുടെ മൂടുപടം
നീക്കി നീ-
നീലിച്ച മുറിവുകളെ
തൊട്ട് നോക്കീടണം

അവസാനമവസാനമാ-
ത്തണുവിന്റെ മഞ്ഞിന്‍പ്പുതപ്പിട്ട്
നീയെന്‍റെ തുളവീണ നെഞ്ചിലത്ര
യാര്‍ദ്രമായ് ചുംബിക്കണം

പ്രാണന്‍ കിതപ്പാറ്റി നില്‍ക്കുന്ന
വേളയില്‍
യാത്രാമൊഴിയില്ല ...,
മരണമേ നീയെന്‍റെ
കൈ പിടിക്ക.....
കണ്‍കോണിലൊരിരുളിനെ
കൊത്തി വയ്ക്ക...


up
0
dowm

രചിച്ചത്:മഞ്ജു മത്തായി
തീയതി:28-05-2018 12:06:04 AM
Added by :Manju Mathai
വീക്ഷണം:101
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :