അവളെന്താണിങ്ങനെ - തത്ത്വചിന്തകവിതകള്‍

അവളെന്താണിങ്ങനെ 

നമ്മളൊന്നിച്ചുള്ളപ്പോഴെല്ലാം
നീയെന്താണ് മില്ലിലരയ്ക്കേണ്ട
മുളകിനെപ്പറ്റിയും
നാളേയ്ക്ക് ഉണ്ടാക്കേണ്ട
ദോശയെക്കുറിച്ചും-
സംസാരിക്കുന്നത്?

അല്ലെങ്കില്‍ അടച്ചു തീരേണ്ട
ചിട്ടിക്കണക്കുകളെക്കുറിച്ചും
മോന്‍റെ കുറഞ്ഞു പോയ -
മാര്‍ക്കിനെ കുറിച്ചും
നീയെന്താണിങ്ങനെ?

നിനക്കെന്താണ് ----
അവാര്‍ഡ് നിഷേധങ്ങളെക്കുറിച്ചും
ആഭ്യന്തര യുദ്ധങ്ങളെക്കുറിച്ചും
ഉത്തരകൊറിയയും ദക്ഷിണ കൊറിയയും
സമാധാനത്തിലായതും സംസാരിച്ചാല്‍..?

നീ അടുക്കളയിലേയ്ക്ക് പോകുമ്പോള്‍
ഞാനൊരു ബുദ്ധിമാനും നീയൊരു
ബുദ്ധിയില്ലാത്തവളെന്നും
ഞാന്‍ തന്നെ
രേഖപ്പെടുത്തി വയ്ക്കുന്നു.

ശേഷം എന്‍റെ ബുദ്ധിയെ
പത്രത്തിലെ വാര്‍ത്തകളിലേയ്ക്കോ
അല്ലെങ്കില്‍ ..
സംസ്ക്കാരീക മാസികളിലേയ്ക്കോ
ചുരുട്ടി വയ്ക്കുന്നു

അവിടിരുന്നത്-
ചിതല് പിടിച്ചു തുടങ്ങുമ്പോള്‍
നീ പിന്നെയും ഇന്നത്തെ കറിയ്ക്ക്
രുചിയുണ്ടായിരുന്നോ
എന്ന ബുദ്ധിയില്ലാത്ത ചോദ്യവുമായി ..

നീയെന്താണിങ്ങനെ..?

ഉച്ചയ്ക്ക് ഞാനത് -
വിഴുങ്ങുകയായിരുന്നെന്നും
എനിക്കിഷ്ടപ്പെട്ടില്ലെന്നും പറയുമ്പോള്‍
നിന്‍റെ മുഖം മങ്ങാറുണ്ടായിരുന്നോ?

തല മണലില്‍ പൂഴ്ത്തിവച്ചിരിക്കുന്ന
ഒട്ടകപ്പക്ഷിക്ക് കാഴ്ചകള്‍ കാണാന്‍
കഴിയില്ലല്ലോ എന്നൊരു പക്ഷേ നീ
പിറുപിറുത്തുമിരിക്കാം

നീ ജീവിതത്തില്‍ നിന്ന്-
പടിയിറങ്ങി-
പ്പോയതിനു ശേഷമുള്ള
ആദ്യത്തെ ശനിയാണിന്ന്

പത്രമെടുത്ത് നിവര്‍ത്തി -
ഞാന്‍ വായന തുടങ്ങി
ഒരേ അച്ചുകളില്‍ രൂപപ്പെട്ട-
ഒരേ വാര്‍ത്തകള്‍

പത്രം മുഴുവന്‍ ഞാനരിച്ചു പെറുക്കി
തീര്‍ന്നു പോയ മുളകിന്റെയും
അടയ്ക്കാനുള്ള -
ചിട്ടിക്കണക്കുകളുമറിയാന്‍

കഴിഞ്ഞ വെള്ളിയാഴ്ച നീ വച്ച കറിയില്‍
എത്ര ജീരകമാണരച്ചതെന്നും
പാലാണോ വെള്ളമാണോ അതോ
രണ്ടും കൂടിയാണോ ചായയ്ക്ക്
തിളപ്പിക്കേണ്ടതെന്നുമറിയാന്‍
എല്ലാ മാസികകളിലും പരതി

ഉത്തരങ്ങള്‍ തരേണ്ട നാവിനെ
നിനക്കിവിടെ
വച്ചിട്ട് പോകാമായിരുന്നു.


up
0
dowm

രചിച്ചത്:മഞ്ജു മത്തായി
തീയതി:28-05-2018 12:07:50 AM
Added by :Manju Mathai
വീക്ഷണം:64
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :