മോര്‍ച്ചറിയില്‍ നിന്ന്
അയാളന്നും വന്നത്
അനാട്ടമി പഠിക്കാനാണ്
നടക്കാത്ത മോഹങ്ങളുടെ
ഒരു വലിയ കൂനിന്‍റെ ഭാരം
അയാളെ അലട്ടിക്കൊണ്ടേയിരുന്നു
മോര്‍ച്ചറിയുടെ ---
സെക്യുരിറ്റിയില്‍ നിന്ന്
ശവങ്ങള്‍ കീറി മുറിക്കുന്നതിലേയ്ക്ക്
ഒരു സര്‍ജറിക്കല്‍ ടേബിളിന്‍റെ
ദൂരമേയുള്ളുവെന്ന്
അയാള്‍ തന്നോട് തന്നെയും
പിന്നെ അവരോടും പറയും
ഓരോ ശവങ്ങളും
തന്‍റെ ബന്ധുക്കളാണെന്നും...
നീ വിഷം തീണ്ടി ചത്തതല്ലേന്നും
നീ തൂങ്ങി മരിച്ചതാണെന്നും
നിന്നെ കൊന്നു കളഞ്ഞതാണെന്നും
ചില അദൃശ്യ മുദ്രകള്‍ പതിപ്പിച്ച് വയ്ക്കും
ചില പെണ്‍മുഖങ്ങളിലയാള്‍ക്ക്
ചുംബിക്കാന്‍ തോന്നും
ജീവിതത്തില്‍ നിന്നിറങ്ങിപ്പോയവളുടെ
വിദൂരശ്ചായയുള്ള ചില മുഖങ്ങള്‍
ഹൃദയം തകര്‍ക്കുന്ന ചില
നിലവിളികളെ
ചില്ലിട്ട് വയ്ക്കുന്ന ചിത്രം പോലെ
കരളില്‍ പതിപ്പിച്ച് വയ്ക്കും....
ഒറ്റയ്ക്കിരിക്കുമ്പോള്‍ ഓര്‍ത്ത് കരയാന്‍
എന്തെങ്കിലും വേണ്ടേയെന്ന് കരുതും
റോബര്‍ട്ട് ബര്‍ട്ടന്‍റെ-
അനാട്ടമി ഓഫ് മെലന്ഗ്ലി
വായിച്ച്
നിശ്ചല ദേഹങ്ങളില്‍ വാക്കിന്‍റെ-
ഉന്മാദ ചേഷ്ടകളെ...
ആവിഷ്ക്കരിക്കാന്‍ ശ്രമിക്കും
പ്രീയപ്പെട്ടവരോടെന്നപോലെ
മിടിക്കാത്ത ഹൃദയങ്ങളില്‍
കവിതയുടെ കാരമുള്ളുകള്‍
തറച്ചു വയ്ക്കും
അനാഥനായിരുന്നെങ്കിലും
എന്നുമയാള്‍ മിണ്ടിയും പറഞ്ഞും
ഒരു കൂട്ടമാളുകള്‍ക്കിടയില്‍
സനാഥനായി
Not connected : |