നീയെനിക്കാരാണ് കവിതേ? - തത്ത്വചിന്തകവിതകള്‍

നീയെനിക്കാരാണ് കവിതേ? 

തുരുമ്പിച്ച് കിടന്ന എന്‍റെ
ഹൃദയ വിജാഗിരികളില്‍
നിന്‍റെ കണ്ണുനീര്‍ തുള്ളികള്‍
എപ്പോഴാണ് ....
എണ്ണയായ് മാറിയത്...?

ഒരു കാറ്റിനും കടക്കാന്‍
കഴിയാത്ത വിധം
പൂട്ടപ്പെട്ട് പോയ ചില്ലകളില്‍ നിന്ന്
എങ്ങനെയാണ് നീ
കവിതകളുടെ ...
തീയടയാളങ്ങളെ..
അടര്‍ത്തിയെടുക്കുന്നത്,,?

എന്നെ തൊട്ടപ്പോള്‍..
വെന്ത് പോകുമെന്നറിഞ്ഞിട്ടും
എന്തിനാണെന്‍റെ മുറിവുകളില്‍
അടര്‍ന്നു വീഴുന്നത്..?

തീവ്രമായൊരു മൗനം കൊണ്ട്
എങ്ങനെയാണ് നീ വാക്കുകളുടെ
പാലം പണിയാന്‍ പഠിച്ചത്..?

ഞാനൊറ്റപ്പെട്ട് പോയേക്കാവുന്ന
എല്ലാ ദ്വീപുകളിലും
എന്തിനാണ് നീ നിന്‍റെ
കണ്ണുകളെ പറിച്ചെടുത്ത്
വിളക്കുമാടങ്ങള്‍ പണിയുന്നത്..?

ലിപികളില്ലാത്ത ഭാഷ കൊണ്ട്
കവിതയുടെ നേര്‍ത്ത വരമ്പുകള്‍
നമുക്കിടയില്‍
തീര്‍ക്കുന്നതെങ്ങനെയാണ് നീ?

ഞാനൊരു വെയിലാകുമ്പോള്‍
നീയെന്തിനാണ് എന്നെ മാത്രം ..
വഹിക്കുന്നൊരു കുടയാകുന്നത്,,?
സ്വയം പൊള്ളിയടരുന്നത്..?

എങ്കിലും ഞാന്‍ പറയട്ടെ
നൊന്ത്പോയെന്‍റെ ആത്മാവിലേയ്ക്ക്
ചാരിനില്‍ക്കാന്‍ നീയില്ലായിരുന്നെങ്കില്‍
വിലാപങ്ങളുടെ പറുദീസയില്‍ ഞാന്‍
അടക്കം ചെയ്യപ്പെട്ട് പോകുമായിരുന്നു


up
0
dowm

രചിച്ചത്:
തീയതി:29-05-2018 07:29:41 PM
Added by :Manju Mathai
വീക്ഷണം:124
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :