ഐലന്റ് എക്സ്പ്രസ്സ്‌ - തത്ത്വചിന്തകവിതകള്‍

ഐലന്റ് എക്സ്പ്രസ്സ്‌ 

രണ്ടാമത്തെ പ്ലാറ്റ്ഫോമില്‍ നിന്ന്
ചൂളം വിളിക്കാന്‍ കാത്ത്
ബാംഗ്ലൂര്‍ കന്യാകുമാരി ഐലന്റ് എക്സ്പ്രസ്സ്‌
ഒരോട്ടമത്സരത്തില്‍-
പങ്കെടുക്കാന്‍ നില്‍ക്കുന്ന
കുട്ടിയുടെ കാലിനെ -
ഓര്‍മ്മിപ്പിക്കുന്നു

ഞാനെന്‍റെ കണ്ണുകളെ -
സൂം ചെയ്യുകയാണ്
ഒരേയിലയില്‍ നിന്ന്
പങ്കിട്ട് കഴിക്കുന്ന
രണ്ടു പേരിലേയ്ക്ക്..

ഒരു പുസ്തകത്തിന്‍റെ-
ഒരു വരി തന്നെ
ആവര്‍ത്തിച്ച് വായിക്കുന്ന..
ഒരുവളിലേയ്ക്ക്

കൈകള്‍ പൂട്ടപ്പെട്ട് നിസംഗനായ്
രണ്ട് പോലീസുകാര്‍ക്കിടയില്‍
ഇരിക്കുന്നൊരുവന്‍റെ-
നിഗൂഡതകളിലേയ്ക്ക്

സൂം ചെയ്യുകയാണ്....

സൂം ചെയ്ത് പിടിച്ചിട്ടും..
ഒറ്റ നിമിഷത്തിലാണ്
കണ്ണുകള്‍ കബളിക്കപ്പെട്ടത്

നോട്ടങ്ങളുടെ അരികുകള്‍ പാറി
മാങ്ങ വില്‍ക്കുന്നവളുടെ
സാരിവിടവിലേയ്ക്ക് കണ്ണുകള്‍
കുത്തി വീഴാന്‍ ശ്രമിക്കുന്നത്.

മാങ്ങാപ്പൂളുകളില്‍
അവള്‍ തേയ്ക്കുന്ന
മുളകിന്‍റെ രുചിയപ്പോള്‍
കണ്ണുകളില്‍
എരിവ് വിതറിക്കൊണ്ടേയിരുന്നു

"ചായ ചായ"
എന്നൊരു ചൂടുണര്‍ത്തുന്ന
വിളിയിലേയ്ക്ക് കൈകളെ വിട്ടിട്ട്
കണ്ണുകളെ എരിവിലേയ്ക്ക്
ഉറപ്പിച്ച് നിര്‍ത്തുന്ന ഞാന്‍

വിയര്‍ത്തും പതുങ്ങിയും
വഷളന്‍ ചിരിയുമായ് വന്ന -
മറ്റെല്ലാ നോട്ടങ്ങളെയുമെന്നപോല്‍
അവളെന്‍റെ നോട്ടത്തെയും
സാരിയുടെ തുമ്പ്-
കൊണ്ട് നിലം പരിശാക്കി

രണ്ടാമത്തെ പ്ലാറ്റ്ഫോമില്‍ നിന്ന്
ജീവിതത്തിന്റെ ചൂളം വിളി ..

അമ്മയുടെ ഇരു കവിളുകളിലും
മാറിമാറി ഉമ്മ കൊടുക്കുന്നൊരു
രണ്ടു വയസ്സുകാരന്‍ കുട്ടി
കണ്ണുകളില്‍ കസേരയിട്ടിരുന്നു

തൊട്ടടുത്ത് പേരക്കുട്ടികളെ ഉമ്മ
വയ്ക്കാന്‍ മുട്ടിയൊരു -
മുത്തശ്ശിത്തണുപ്പ്

കാഴ്ചകളുടെ പിന്നെയും തീരാത്ത
എത്ര കാഴ്ചകളാണ്
അഷ്ടമുടിയുടെയൊരു ചുഴലിയുടെ
കണ്ണേറിലേയ്ക്ക്
ചൂളം വിളിച്ചു പോയത്


up
0
dowm

രചിച്ചത്:
തീയതി:29-05-2018 07:30:31 PM
Added by :Manju Mathai
വീക്ഷണം:42
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :